ആക്സിസ് ബാങ്കിന് കരുത്തുറ്റ തുടക്കം; ആദ്യ പാദ ലാഭം 23% ഉയർന്നു, കിട്ടാക്കടം കുറഞ്ഞു

ഈ പാദത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ് ബാങ്കിന്റെ ആസ്തി നിലവാരത്തിലെ മെച്ചം

ആക്സിസ് ബാങ്കിന് കരുത്തുറ്റ തുടക്കം; ആദ്യ പാദ ലാഭം 23% ഉയർന്നു, കിട്ടാക്കടം കുറഞ്ഞു
dot image

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ചു. ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർധിച്ച് 7,114 കോടിയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്കിന്റെ ലാഭം 5,806 കോടി ആയിരുന്നു. വായ്പകളിൽ നിന്നുള്ള വരുമാനം വർധിച്ചതും കിട്ടാക്കടം കുറഞ്ഞതുമാണ് ലാഭവർധനയ്ക്ക് പ്രധാന കാരണമായത്.

ബാങ്കിന്റെ പ്രധാന വരുമാന സ്രോതസ്സായ അറ്റ പലിശ വരുമാനം 8 ശതമാനം ഉയർന്ന് 14,646 കോടിയായി. കഴിഞ്ഞ വർഷം ഇത് 13,560 കോടി ആയിരുന്നു. ഈ പാദത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ് ബാങ്കിന്റെ ആസ്തി നിലവാരത്തിലെ മെച്ചം. ബാങ്കിന്റെ മൊത്തം കിട്ടാക്കടം 1.57 ശതമാനത്തിൽ നിന്ന് 1.28 ശതമാനമായി കുറഞ്ഞു. അതേസമയം, അറ്റ നിഷ്ക്രിയ ആസ്തി 0.45 ശതമാനത്തിൽ നിന്ന് 0.39 ശതമാനമായി താഴ്ന്നു.

വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുന്ന അക്കൗണ്ടുകളുടെ എണ്ണം കുറഞ്ഞതും വായ്‌പ്പാ തിരിച്ചുപിടിത്തം മെച്ചപ്പെട്ടതുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. ബാങ്കിന്റെ വായ്പാ പോർട്ട്ഫോളിയോ കൂടുതൽ ആരോഗ്യകരമായ നിലയിലാണെന്നതിന്റെയും ഇത് സൂചനയാണ്. പലിശ വരുമാനത്തിന് പുറമെ മറ്റ് സേവനങ്ങളിൽ നിന്നുള്ള വരുമാനവും വർധിച്ചു. ഫീസ് വരുമാനം 7 ശതമാനം ഉയർന്ന് 6,156 കോടിയായി. പ്രവർത്തന ലാഭം 11,659 കോടിയായപ്പോൾ, കോർ ഓപ്പറേറ്റിങ് ലാഭം 10 ശതമാനം വർധിച്ച് 11,122 കോടിയിലെത്തി.

ക്രെഡിറ്റ് കാർഡുകൾ, ഡിജിറ്റൽ ബാങ്കിങ്, ട്രാൻസാക്ഷൻ ബാങ്കിങ്, നിക്ഷേപ സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ഇതിന് പിന്തുണയായത്. വായ്പാ വിതരണത്തിലും ബാങ്ക് ശക്തമായ വളർച്ച രേഖപ്പെടുത്തി. മൊത്തം വായ്പകൾ 19 ശതമാനം ഉയർന്ന് 12.62 ലക്ഷം കോടിയായി. കോർപ്പറേറ്റ് വായ്പകൾ 38 ശതമാനവും ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കുള്ള (എസ്എംഇ) വായ്പകൾ 25 ശതമാനവും റീട്ടെയിൽ വായ്പകൾ 8 ശതമാനവും വർധിച്ചു.

വ്യവസായ മേഖലയിലെയും വ്യക്തിഗത ഉപഭോക്താക്കളിലെയും വായ്പാ ആവശ്യകത ഉയർന്നതാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. നിക്ഷേപ സമാഹരണത്തിലും ബാങ്ക് മികച്ച മുന്നേറ്റം കൈവരിച്ചു. മൊത്തം നിക്ഷേപം 18 ശതമാനം ഉയർന്ന് 13.73 ലക്ഷം കോടിയായി. കറന്റ്, സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളിലും സ്ഥിരത നിലനിർത്താൻ ബാങ്കിന് സാധിച്ചു. കുറഞ്ഞ ചെലവിൽ ഫണ്ട് സമാഹരിക്കാൻ ഇത് സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

മൂലധന പര്യാപ്തത അനുപാതം 16.67 ശതമാനവും കോമൺ ഇക്വിറ്റി ടയർ-1 (CET-1) അനുപാതം 14.64 ശതമാനവുമായി തുടരുകയാണ്. നിയന്ത്രണ ഏജൻസികൾ നിർദേശിച്ചിട്ടുള്ള പരിധിയേക്കാൾ ഉയർന്ന നിലയിലുള്ള ഈ മൂലധന ശേഷി ഭാവിയിൽ കൂടുതൽ വായ്പകൾ നൽകാനും സാമ്പത്തിക വെല്ലുവിളികളെ നേരിടാനും ബാങ്കിന് കരുത്തേകുമെന്ന് അധികൃതർ അറിയിച്ചു.

എല്ലാ പ്രധാന ബിസിനസ് മേഖലകളിലും സ്ഥിരതയാർന്ന വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് ബാങ്ക് അറിയിച്ചു. വായ്പാ ആവശ്യകത ശക്തമായി തുടരുന്നതും നിക്ഷേപ സമാഹരണം മെച്ചപ്പെട്ടതും ആസ്തി നിലവാരം കൂടുതൽ ശക്തമായതും വരും പാദങ്ങളിലും മികച്ച പ്രകടനം തുടരാൻ സഹായിക്കുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.

Content Highlights: Axis Bank Q1 profit rises 23% to Rs 7,114 crore; NII grows 8%, asset quality improves

dot image
To advertise here,contact us
dot image