ഇ20 പെട്രോള്‍ വിവാദം; വിഷയത്തില്‍ ഗഡ്കരിക്കെതിരെ വ്യാജവിവരം പ്രചരിപ്പിച്ചെന്നാരോപിച്ച് കേസ്

എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്ത വാഹന ഉടമകള്‍ക്ക് 100 ശതമാനം പെട്രോള്‍ തിരഞ്ഞെടുക്കാമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു

ഇ20 പെട്രോള്‍ വിവാദം; വിഷയത്തില്‍ ഗഡ്കരിക്കെതിരെ വ്യാജവിവരം പ്രചരിപ്പിച്ചെന്നാരോപിച്ച് കേസ്
dot image

ഇ20 പെട്രോള്‍ വിഷയത്തില്‍ നിതിന്‍ ഗഡ്കരിക്കെതിരെ വ്യാജവിവരം പ്രചരിപ്പിച്ചെന്നാരോപിച്ച് യൂട്യൂബര്‍ മനീഷ് കശ്യപ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോളിനെ ചൊല്ലിയുള്ള വിവാദത്തിനിടെ കേന്ദ്രമന്ത്രിക്കെതിരെ വ്യാജവും അപകീര്‍ത്തികരവുമായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് കേസ്.

നാഗ്പൂര്‍ സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിജെപി സോഷ്യല്‍ മീഡിയ സെല്ലിന്റെ നാഗ്പൂര്‍ സിറ്റി പ്രസിഡന്റ് ശിശിര്‍ ത്രിപാഠി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മനീഷ് കശ്യപിന് പുറമെ Desi Boys (desi_boynscr) എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായ ഹര്‍ഷിത് റാത്തി, അങ്ക്‌ലീഷ് ഇന്‍വറ്റീ എന്നിവരെയും എഫ്‌ഐആറില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

പരാതി പ്രകാരം, 2026 ജൂലൈ 3-ന് മനീഷ് കശ്യപ് യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ ഇ20 ഇന്ധനത്തെക്കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യാജവിവരങ്ങള്‍ ഉള്‍പ്പെടുത്തിയതായും നിതിന്‍ ഗഡ്കരിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും ആരോപിക്കുന്നു. സംഭവത്തില്‍ നാഗ്പൂര്‍ സിറ്റി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്ത വാഹന ഉടമകള്‍ക്ക് 100 ശതമാനം പെട്രോള്‍ തിരഞ്ഞെടുക്കാമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. എന്നാലതിന് കൂടുതല്‍ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. പെട്രോളില്‍ എഥനോള്‍ കലര്‍ത്തല്‍ വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ചില വാഹന ഉടമകളും വിദഗ്ധരും ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് ഗഡ്കരിയുടെ പ്രതികരണം.

ഇ20 പെട്രോള്‍ വാഹനങ്ങളുടെ എന്‍ജിന് കേടുവരുത്തുമെന്ന പ്രചാരണം തെറ്റായ വിവരമാണെന്ന് ഗഡ്കരി പറഞ്ഞു. ഇ20 ഉപയോഗം മൂലം എന്‍ജിന്‍ തകരാറിലായതായി ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് 20 ശതമാനം എഥനോള്‍ കലര്‍ത്തല്‍ ലക്ഷ്യം ഇതിനകം കൈവരിച്ചതിനാല്‍ എല്ലാ പെട്രോള്‍ പമ്പുകളിലും ഇ20 ലഭ്യമാണെന്ന് ഗഡ്കരി പറഞ്ഞു.

Content Highlights: Nagpur Police have registered an FIR against YouTuber Manish Kashyap and three social media influencers for allegedly spreading misinformation and defamatory content targeting Union Minister Nitin Gadkari over the E20 fuel debate

dot image
To advertise here,contact us
dot image