ഒമാൻ തീരത്തെ കപ്പൽ ആക്രമണം: കാണാതായ പൂനെ സ്വദേശിയായ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി

കപ്പലിലുണ്ടായ ശക്തമായ തീപിടിത്തത്തിലും എഞ്ചിൻ റൂമിനുണ്ടായ കേടുപാടുകളിലും കപ്പലിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരുന്നു

ഒമാൻ തീരത്തെ കപ്പൽ ആക്രമണം: കാണാതായ പൂനെ സ്വദേശിയായ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി
dot image

ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കടലിൽ കാണാതായ ഇന്ത്യൻ മറൈൻ എഞ്ചിനീയർ ഹേരംഭ് കർമാർക്കറുടെ മൃതദേഹം ഒടുവിൽ കണ്ടെടുത്തു. പൂനെ സ്വദേശിയായ 30കാരനായ ഹേരംഭ് കർമാർക്കറെ കഴിഞ്ഞ ഞായറാഴ്ചയാണ് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കടലിൽ കാണാതാകുന്നത്. സൈപ്രസ് പതാകയുള്ള 'ജിഎഫ്എസ് ഗാലക്സി' എന്ന കപ്പലിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.

ഹേരംഭ് കാണാതായി ഏകദേശം 60 മണിക്കൂറുകൾക്ക് ശേഷം ഒമാൻ കോസ്റ്റ് ഗാർഡാണ് കടലിൽ നിന്ന് മൃതദേഹം കണ്ടെടുത്തതെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ഭാരവാഹിയായ മനോജ് യാദവ് അറിയിച്ചു. ആക്രമണ സമയം കപ്പലിലുണ്ടായിരുന്ന മറ്റ് 10 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 23 ജീവനക്കാരെയും അന്നുതന്നെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു.

കപ്പലിലുണ്ടായ ശക്തമായ തീപിടിത്തത്തിലും എഞ്ചിൻ റൂമിനുണ്ടായ കേടുപാടുകളിലും കപ്പലിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് ആരോപിക്കുന്നത്. അമേരിക്കയുടെ സൈനിക നടപടിക്കുള്ള തിരിച്ചടിയായി ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം നടന്നത്.

ആഗോളതലത്തിൽ വിതരണം ചെയ്യുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയാണ്. ഫെബ്രുവരി 28 മുതൽ ഈ മേഖലയിൽ ആരംഭിച്ച തർക്കങ്ങൾ ഇപ്പോഴും അമേരിക്കയും ഇറാനും തമ്മിലുള്ള കടുത്ത വാക്പോരിന് കാരണമായി തുടരുകയാണ്.

വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സാധാരണക്കാരായ ജീവനക്കാർ സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Content Highlights: The body of a Pune native Indian sailor, who went missing after a ship attack near the Oman coast, has been recovered. Authorities are continuing investigations into the incident.

dot image
To advertise here,contact us
dot image