മണ്ഡല പുനർനിർണയ ബിൽ വന്നതിന് ശേഷം നിലപാട്: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അഭ്യൂഹങ്ങൾ തള്ളി സുപ്രിയ സുലെ

ബിജെപിയുമായി എൻസിപി (എസ് പി) സഖ്യമുണ്ടാക്കാൻ പോകുകയാണെന്ന റിപ്പോർട്ടുകളും സുപ്രിയ സുലെ തള്ളി

മണ്ഡല പുനർനിർണയ ബിൽ വന്നതിന് ശേഷം നിലപാട്: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അഭ്യൂഹങ്ങൾ തള്ളി സുപ്രിയ സുലെ
dot image

മുംബൈ: എൻസിപി (ശരദ് പവാർ വിഭാഗം) നേതാക്കൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി നടത്തിയ കൂടിക്കാഴ്ചകളെ ചുറ്റിപ്പറ്റി ഉയർന്ന രാഷ്ട്രീയ അഭ്യൂഹങ്ങളെ തള്ളി സുപ്രിയ സുലെ. ഈ കൂടിക്കാഴ്ചകൾക്ക് പിന്നിൽ യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്നും സാധാരണ ഔദ്യോഗിക കൂടിക്കാഴ്ചകളായി മാത്രമാണ് അവയെ കാണേണ്ടതെന്നുമായിരുന്നു സുപ്രിയ സുലെ വ്യക്തമാക്കിയത്. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു സുപ്രിയ സുലെ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. എൻസിപി (എസ്പി)യുടെ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റിനെതിരായ നടപടിയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കാനാണ് പാർട്ടിയിലെ മുതിർന്ന നേതാവ് ജയന്ത് പാട്ടീൽ മുഖ്യമന്ത്രിയുമായി ഔദ്യോഗികമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയതെന്നും സുപ്രിയ സുലെ വിശദീകരിച്ചു.

'ജയന്ത് പാട്ടീൽ ഔദ്യോഗികമായി സമയം വാങ്ങി മുഖ്യമന്ത്രിയെ കണ്ടു. സ്വന്തം വാഹനത്തിൽ പോയി, സ്വന്തം വാഹനത്തിൽ തന്നെ തിരിച്ചുവന്നു. അതിൽ യാതൊരു രഹസ്യവുമില്ല. മുഖ്യമന്ത്രിയുടെ വസതിയിൽ മറ്റാരൊക്കെ എത്തിയെന്നറിയണമെങ്കിൽ അതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്, ഞാനല്ല' എന്നായിരുന്നു സുപ്രിയ സുലെ പ്രതികരിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൻ്റെ ഔദ്യോഗിക വസതിയായ 'വർഷ'യിൽ ഭരണകക്ഷിയായ എൻസിപിയുടെയും എൻസിപി (എസ്.പി)യുടെയും നേതാക്കൾ തമ്മിൽ നടന്ന കൂടിക്കാഴ്ച മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു.

'ധനകാര്യ വകുപ്പ് ഉൾപ്പെടെ മന്ത്രിസഭാ വകുപ്പുകൾ ആരെ ഏൽപ്പിക്കണമെന്നത് മുഖ്യമന്ത്രിയുടെ മാത്രം തീരുമാനമാണ്. 'വർഷ'യിൽ നടന്ന കൂടിക്കാഴ്ചകളെക്കുറിച്ചും ധനകാര്യ വകുപ്പിനെക്കുറിച്ചുമുള്ള വാർത്തകൾ എല്ലാം വെറും ഊഹാപോഹങ്ങളാണ്. അതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്' എന്നും സുപ്രിയ സുലെ വിശദീകരിച്ചിരുന്നു. രാഷ്ട്രീയവും വ്യക്തിപരവുമായ എല്ലാ കൂടിക്കാഴ്ചകളെയും ഗൂഢാലോചനയായി കാണരുതെന്നും സുപ്രിയ സുലെ പറഞ്ഞു. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' വിഷയവുമായി ബന്ധപ്പെട്ട യോഗത്തിൽ ഇന്നലെ ഞാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. പിന്നീട് കുടുംബബന്ധമുള്ളതിനാൽ അഖിലേഷ് യാദവിനെയും ഡിംപിൾ യാദവിനെയും കണ്ടു. എല്ലാ കൂടിക്കാഴ്ചകൾക്കും രാഷ്ട്രീയ അർഥം കണ്ടെത്തേണ്ടതി'ല്ലെന്നും സുപ്രിയ സുലെ ചൂണ്ടിക്കാണിച്ചു.

ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കാനും മണ്ഡല പുനർനിർണയം നടപ്പാക്കാനുമായി കേന്ദ്രം കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപി (എസ്.പി)യുടെയും ഡിഎംകെയുടെയും പിന്തുണ നേടാൻ ബിജെപി ശ്രമിക്കുന്നുവെന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ എക്സ് പോസ്റ്റും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിരുന്നു.

എന്നാൽ ബിജെപിയുമായി എൻസിപി (എസ്.പി) സഖ്യമുണ്ടാക്കാൻ പോകുകയാണെന്ന റിപ്പോർട്ടുകളും സുപ്രിയ സുലെ തള്ളി. മണ്ഡല പുനർനിർണയ ബിൽ വന്നശേഷം മാത്രമേ നിലപാട് സ്വീകരിക്കൂവെന്നും സുപ്രിയ സുലെ. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബിൽ കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ച ശേഷമേ ഇന്ത്യാ സഖ്യം ഔദ്യോഗിക നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും സുപ്രിയ സുലെ വ്യക്തമാക്കി. ഇതുവരെ ഞങ്ങൾക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ല. ബിൽ വന്നശേഷം ഇന്ത്യാ സഖ്യത്തിനുള്ളിൽ വിശദമായ ചർച്ച നടത്തും. നേരത്തേ തന്നെ ഇതിന്റെ മാനദണ്ഡങ്ങൾ രേഖാമൂലം നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ബിൽ കാണാതെ പ്രതികരിക്കാൻ കഴിയില്ലെന്നും സുപ്രിയ സുലെ വ്യക്തമാക്കി. നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം മണ്ഡല പുനർനിർണയം നടക്കേണ്ടതെന്നും, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ താൽപര്യങ്ങൾ മുൻനിർത്തി മണ്ഡല അതിർത്തികൾ പുനർനിശ്ചയിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. ജൂലൈ 19-ന് ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിലും ജൂലൈ 20-ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലും പങ്കെടുക്കുമെന്നും സുപ്രിയ സുലെ അറിയിച്ചു.

Content Highlights: NCP (SP) leader Supriya Sule dismissed political rumours in Maharashtra and clarified her party's position following discussions over the proposed delimitation bill, stating there was no political strategy behind recent meetings.

dot image
To advertise here,contact us
dot image