ഇന്ത്യയുടെ വൈദ്യുതി ആവശ്യകത കുതിച്ചുയരും; പുനരുപയോഗ ഊര്‍ജശേഷിയില്‍ നിര്‍ണായക വളര്‍ച്ചയെന്നും റിപ്പോര്‍ട്ട്

2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ ഇന്ത്യ 6.8 ഗിഗാവാട്ട് സൗരോര്‍ജ ശേഷിയും 712 മെഗാവാട്ട് കാറ്റാടി വൈദ്യുതി ശേഷിയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്

ഇന്ത്യയുടെ വൈദ്യുതി ആവശ്യകത കുതിച്ചുയരും; പുനരുപയോഗ ഊര്‍ജശേഷിയില്‍ നിര്‍ണായക വളര്‍ച്ചയെന്നും റിപ്പോര്‍ട്ട്
dot image

ഇന്ത്യയിലെ വൈദ്യുതി ആവശ്യകത അടുത്ത നാല് മുതല്‍ അഞ്ച് വര്‍ഷത്തിനിടെ പ്രതിവര്‍ഷം ഏകദേശം 6 ശതമാനം വീതം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്.
ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസര്‍ച്ച് പുറത്തിറക്കിയ 2027 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരമാമര്‍ശിക്കുന്നത്. പ്രതിവര്‍ഷം 45-50 ഗിഗാവാട്ട് വീതം പുനരുപയോഗ ഊര്‍ജ ശേഷി കൂട്ടിച്ചേര്‍ക്കപ്പെടുന്നതാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന പിന്തുണയാകുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, 'അടുത്ത 45 വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 4550 ഗിഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷി കൂട്ടിച്ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, വൈദ്യുതി ആവശ്യകത പ്രതിവര്‍ഷം 6 ശതമാനം വീതം ഉയരും.'

ഈ അനുകൂല സാഹചര്യത്തില്‍, ജൂണ്‍ പാദത്തില്‍ പുനരുപയോഗ ഊര്‍ജ മേഖലയിലെ കമ്പനികള്‍ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തല്‍. സാധാരണയായി ഈ പാദം ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് താരതമ്യേന ദുര്‍ബലമായ കാലയളവാണെങ്കിലും, സ്വതന്ത്ര വൈദ്യുതി ഉല്‍പാദകരായ കമ്പനികള്‍ കഴിഞ്ഞ കുറച്ച് പാദങ്ങളിലേതുപോലെ വളര്‍ച്ച തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ ഇന്ത്യ 6.8 ഗിഗാവാട്ട് സൗരോര്‍ജ ശേഷിയും 712 മെഗാവാട്ട് കാറ്റാടി വൈദ്യുതി ശേഷിയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ 2027ല്‍ ആകെ 45-50 ഗിഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷി വര്‍ധിപ്പിക്കാനുള്ള ലക്ഷ്യം കൈവരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

സൗരോര്‍ജ ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ആഭ്യന്തര വിപണിയിലെ ശക്തമായ ആവശ്യകതയും ഇറക്കുമതിക്ക് പകരമായ ഉല്‍പാദന സാധ്യതകളും ഗുണം ചെയ്യുന്നുണ്ട്. അതേസമയം, പുനരുപയോഗ ഊര്‍ജ കമ്പനികള്‍ വേഗത്തില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ റിന്യൂവബിള്‍ പദ്ധതികള്‍, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിലൂടെ അവരുടെ പ്രവര്‍ത്തന ശേഷി വിപുലീകരിക്കുകയാണ്.

2030ഓടെ ഏകദേശം 500 ഗിഗാവാട്ട് നോണ്‍-ഫോസില്‍ ഇന്ധന അധിഷ്ഠിത വൈദ്യുതി ശേഷി കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത, അനുകൂല സര്‍ക്കാര്‍ നയങ്ങള്‍, ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളുടെ വ്യാപനം എന്നിവയാണ് ഈ മേഖലയിലെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. വൈദ്യുതി ഉപഭോഗവും തുടര്‍ച്ചയായി ഉയരുകയാണ്. 2026 മെയ് മാസത്തില്‍ ഇന്ത്യയുടെ പരമാവധി വൈദ്യുതി ആവശ്യകത 271 ഗിഗാവാട്ട് ആയി ഉയര്‍ന്നു. ഇത് 2026 സാമ്പത്തിക വര്‍ഷത്തിലെ 242 ഗിഗാവാട്ടിനെ അപേക്ഷിച്ച് ശ്രദ്ധേയമായ വര്‍ധനവാണ്.

ഭാവിയിലും ഈ മേഖലയില്‍ മികച്ച വളര്‍ച്ച തുടരുമെന്നാണ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍. ഉല്‍പാദന ശേഷി വികസനം, ആഭ്യന്തര നിര്‍മ്മാണം, വര്‍ധിച്ചുവരുന്ന പദ്ധതികള്‍, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള കോര്‍പ്പറേറ്റ് പ്രതിബദ്ധതകള്‍, 24 മണിക്കൂറും ലഭ്യമായ റിന്യൂവബിള്‍ വൈദ്യുതിക്കുള്ള വര്‍ധിച്ച ആവശ്യകത, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങളുടെ അതിവേഗ വ്യാപനം എന്നിവ ഈ മേഖലയിലെ നിക്ഷേപവും ശേഷിവര്‍ധനവും കൂടുതല്‍ വേഗത്തിലാക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Content Highlights: India's power demand is projected to grow by 6% annually over the next 4–5 years, driven by the addition of 45–50 GW of renewable energy capacity each year, strengthening the country's clean energy transition

dot image
To advertise here,contact us
dot image