

രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) നല്‍കുന്ന നികുതി ഉപദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ പിന്തിരിപ്പന്‍ നികുതി (റിഗ്രസീവ് ടാക്‌സ്) നിര്‍ദേശങ്ങള്‍ ലഭിച്ച രാജ്യം ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണില്‍ നടക്കാനിരിക്കുന്ന ഐഎംഎഫ്, ലോകബാങ്ക് യോഗങ്ങള്‍ക്ക് മുന്നോടിയായി ഓക്‌സ്ഫാം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2022നും 24നും ഇടയിലുള്ള കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സമ്പന്ന രാജ്യങ്ങള്‍ക്ക് പുരോഗമനപരമായ (പ്രോഗ്രസീവ്) നികുതി നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ വികസ്വര രാജ്യങ്ങള്‍ക്ക് അസമത്വം വര്‍ധിപ്പിക്കുന്ന രീതിയിലുള്ള പിന്തിരിപ്പന്‍ നികുതി നിര്‍ദേശങ്ങളാണ് ഐഎംഎഫ് നല്‍കുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയ നികുതി ഉപദേശങ്ങളില്‍ 59 ശതമാനവും പിന്തിരിപ്പന്‍ സ്വഭാവമുള്ളവയായിരുന്നു. എന്നാല്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയ ഉപദേശങ്ങളില്‍ 52 ശതമാനവും പുരോഗമനപരമായിരുന്നു. 125 രാജ്യങ്ങള്‍ക്കായി നടത്തിയ 1,049 നികുതി ശുപാര്‍ശകളില്‍ 3 ശതമാനം മാത്രമാണ് അതിസമ്പന്നരുടെ സ്വത്തിനും മൂലധന നേട്ടത്തിനും മേല്‍ നികുതി ചുമത്താന്‍ നിര്‍ദേശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്താണ് പിന്തിരിപ്പന്‍ നികുതി
കുറഞ്ഞ വരുമാനമുള്ളവരില്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുകയും സമ്പന്നരെ കാര്യമായി ബാധിക്കാതിരിക്കുകയും ചെയ്യുന്ന ഏകീകൃത നികുതി വ്യവസ്ഥയെയാണ് 'പിന്തിരിപ്പന്‍ നികുതി' എന്ന് വിളിക്കുന്നത്. വരുമാനത്തിന് അനുസൃതമായി നികുതി നിശ്ചയിക്കുന്നതാണ് 'പുരോഗമന നികുതി'. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഐഎംഎഫ് നല്‍കിയ നികുതി ഉപദേശങ്ങള്‍ ഏറ്റവും കൂടുതല്‍ പിന്തിരിപ്പന്‍ സ്വഭാവമുള്ളതാണ്. ഇതില്‍ തന്നെ ഇന്ത്യയാണ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. ഇത് രാജ്യത്തെ അസമത്വം വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പുരോഗമനപരമായ ഉപദേശങ്ങളാണ് ലഭിച്ചത്. കാനഡ, ഓസ്ട്രേലിയ, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. നൈജീരിയയില്‍ മൂല്യവര്‍ധിത നികുതി വര്‍ധിപ്പിക്കാനും, ചിലിയില്‍ കുറഞ്ഞ വരുമാനക്കാരുടെ നികുതി കൂട്ടാനും ഐഎംഎഫ് നിര്‍ദേശിച്ചു. എന്നാല്‍ ഹംഗറിയില്‍ ഊര്‍ജ കമ്പനികളുടെ അമിത ലാഭത്തിന്മേല്‍ നികുതി ചുമത്തുന്നതിനെ ഐഎംഎഫ് എതിര്‍ത്തു.
സമ്പന്നരുടെ ആസ്തി 2020ന് ശേഷം 81 ശതമാനം വര്‍ധിച്ചിട്ടും, ആകെ നല്‍കിയ ഉപദേശങ്ങളില്‍ വെറും 3 ശതമാനം മാത്രമാണ് സമ്പത്തിന്മേലുള്ള നികുതിയെക്കുറിച്ച് (വെല്‍ത്ത് ടാക്‌സ്) ഐഎംഎഫ് സൂചിപ്പിച്ചത്. ലിംഗസമത്വത്തെക്കുറിച്ച് 10 ശതമാനം നിര്‍ദേശങ്ങളില്‍ മാത്രമാണ് പരാമര്‍ശമുള്ളത്. ഐഎംഎഫ് ഉയര്‍ത്തിപ്പിടിക്കുന്ന തുല്യത എന്ന തത്വം ഇവിടെ ലംഘിക്കപ്പെടുകയാണെന്നും, അസമത്വം കുറയ്ക്കുന്നതിനായി എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ പുരോഗമനപരമായ നികുതി നിര്‍ദേശങ്ങള്‍ നല്‍കാന്‍ തയ്യാറാകണമെന്നും ഓക്‌സ്ഫാം ഇന്റര്‍നാഷണലിന്റെ വാഷിംഗ്ടണ്‍ ഓഫീസ് മേധാവി കേറ്റ് ഡൊണാള്‍ഡ് പറഞ്ഞു.
Content Highlights: India tops IMF list for regressive tax advice, raises 'double standard' concerns, Oxfam report reveals