

അബുദാബി ബിഗ് ടിക്കറ്റ് ഏപ്രിൽ മാസത്തിലെ പ്രതിവാര ഇ-നറുക്കെടുപ്പിൽ പ്രവാസി മലയാളികളടക്കം നാല് ഇന്ത്യക്കാർക്ക് ഭാഗ്യം സ്വന്തമായി. ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) വീതമാണ് സമ്മാനം ലഭിച്ചത്. കണ്ണൂർ സ്വദേശി അൻസിൽ നാസർ, തൃശൂർ സ്വദേശിനി അമൃത ബാബു, മലയാളിയായ ഫാത്തിമ അഫീദ, മംഗളൂരു സ്വദേശിനി വീര ലോബോ എന്നിവരാണ് ഈ ആഴ്ചയിലെ വിജയികൾ.
എയർ അറേബ്യയിൽ എയർക്രാഫ്റ്റ് ടെക്നീഷ്യനായ അൻസിൽ ഇത്തവണ ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലൂടെയാണ് വിജയം നേടിയത്. 2022 മുതൽ യുഎഇയിലാണ് അൻസിൽ ജോലി ചെയ്യുന്നത്. സാധാരണയായി സുഹൃത്തുക്കൾക്കൊപ്പം ഗ്രൂപ്പായി ടിക്കറ്റെടുക്കാറുള്ള ഇതാദ്യമായാണ് ഒറ്റയ്ക്ക് ടിക്കറ്റെടുത്തതെന്നതും പ്രത്യേകതയാണ്. ബിഗ് ടിക്കറ്റ് അധികൃതരുടെ കോൾ വന്നപ്പോൾ അത് പരസ്യമായിരിക്കുമെന്നാണ് അൻസിൽ കരുതിയത്. എന്നാൽ വിജയം നേടിയെന്ന വാർത്ത അതിശയിപ്പിച്ചെന്നും അൻസിൽ കൂട്ടിച്ചേർത്തു. സമ്മാനത്തുക എന്തുചെയ്യണമെന്ന കാര്യത്തിൽ അൻസിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഷാർജയിലെ സ്കൂളിൽ ടീച്ചിങ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന അമൃത, തന്റെ ഭാഗ്യനമ്പറായ എട്ട് ഉൾപ്പെട്ട ടിക്കറ്റാണ് ഓൺലൈനായി തിരഞ്ഞെടുത്തത്. എട്ട് വർഷമായി യുഎഇയിലുള്ള അമൃത നാലാം തവണ എടുത്ത ടിക്കറ്റിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. സമ്മാനത്തുക ബുദ്ധിപൂർവ്വം വിനിയോഗിക്കാനാണ് ഇവരുടെ തീരുമാനം.
കുവൈറ്റിൽ 15 വർഷമായി ജോലി ചെയ്യുന്ന ഭർത്താവാണ് ഫാത്തിമ അഫീദയുടെ പേരിൽ ടിക്കറ്റെടുത്തത്. ഈ കുടുംബവും മലയാളികളാണ്. കഴിഞ്ഞ അഞ്ച് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാറുള്ള ഈ കുടുംബത്തിന് ഇത് അപ്രതീക്ഷിതവും ആഹ്ലാദകരവുമായ നിമിഷമാണ്.
ദുബായിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന വീര ലോബോയ്ക്ക് തന്റെ ജന്മദിനത്തിലും ഈസ്റ്റർ ദിനത്തിലും എടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനം ലഭിച്ചത്. നാലുപേരടങ്ങുന്ന ഗ്രൂപ്പായി എടുത്ത ടിക്കറ്റായതിനാൽ സമ്മാനത്തുക തുല്യമായി വീതിക്കും. തന്റെ വിഹിതത്തിൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് 25 വർഷമായി പ്രവാസിയായ വീര പറഞ്ഞു.
Content Highlights: Indians have secured wins in the weekly draw of Abu Dhabi Big Ticket, with three Malayalis among the lucky winners.