

വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നവർക്ക് മികച്ച ശമ്പളമുള്ള ജോലിയൊക്കെ ഉണ്ടാകുമെങ്കിലും അവർ ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന് അതത് രാജ്യങ്ങളിലെ ഉയർന്ന ജീവിത ചെലവാണ്. ഉയർന്ന ശമ്പളം ലഭിക്കുന്നത് കൊണ്ട് തന്നെ സ്വാഭാവികമായും അവിടുത്തെ ജീവിത നിലവാരവും ഉയർന്നതായിരിക്കും. അതിന് അനുസരിച്ച് ചെലവും ഉണ്ടാകും എന്നത് യാഥാർത്ഥ്യമാണെങ്കിലും ചില കണക്കുകള്‍ നമ്മളെ അമ്പരിപ്പിച്ചേക്കും. അത്തരത്തില്‍ ജപ്പാനിലേക്ക് കുടിയേറിയ ഒരു ഇന്ത്യന്‍ യുവതിയുടേതായി പുറത്ത് വന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറുന്നത്.
മാസം 2.9 ലക്ഷം വേണം
തന്റെ മൂന്നംഗ കുടുംബത്തിന് ടോക്കിയോ നഗരത്തില്‍ താമസിക്കാന്‍ മാസച്ചെലവ് 2.9 ലക്ഷം രൂപ (ഏകദേശം 5 ലക്ഷം യെൻ) ആണെന്നാണ് വെളിപ്പെടുത്തുന്നത്. സുനാക്ഷി ശർമ്മ എന്നയാൾ പങ്കുവെച്ച ഈ വീഡിയോയിൽ അവർ തങ്ങളുടെ ദൈനംദിന ജീവിതത്തിലെ എല്ലാ ചെലവുകളേക്കുറിച്ചും വിശദമായി തന്നെ പറയുന്നുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിലെ വലിയ നഗരങ്ങളുമായി താരതമ്യം ചെയ്ത് “ഇത് ചെലവേറിയതാണോ?” എന്ന ചോദ്യത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചെലവ് ഇങ്ങനെ
വീഡിയോയിലെ ഏറ്റവും വലിയ ചെവലായി കാണുന്നത് വാടകയും യൂട്ടിലിറ്റി ബില്ലുകളുമാണ്. മാസം 2 ലക്ഷം യെൻ (ഏകദേശം 1.16 ലക്ഷം രൂപ) ആണ് ഇതിന് മാത്രം ചെലവാകുന്നത്. അതായത്, മൊത്തം ചെലവിന്റെ ഏകദേശം 40 ശതമാനം വാടകയ്ക്ക് മാത്രമായി പോകുന്നു. അടുത്തതായി കുട്ടിയുടെ ഡേകെയർ സൗകര്യത്തിന് 1 ലക്ഷം യെൻ (ഏകദേശം 58,000 രൂപ) ആണ് മാസച്ചെലവ്. ഇന്ത്യൻ പലവ്യഞ്ജനങ്ങളും ഭക്ഷണ സാധനങ്ങളും വാങ്ങാൻ 1 ലക്ഷം മുതൽ 1.5 ലക്ഷം യെൻ വരേയും (58,000 മുതൽ 87,000 രൂപ വരെ) ചെലവ് വരുന്നു.
ഇന്ത്യന്‍ ഭക്ഷണത്തിന്
ജപ്പാനിൽ ഇന്ത്യൻ അരി, മസാലകൾ, പച്ചക്കറികൾ തുടങ്ങിയ സാധനങ്ങൾ പ്രത്യേക ഷോപ്പുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇവയുടെ വില കൂടുന്നതെന്നും യുവതി വിശദീകരിക്കുന്നുണ്ട്. വാഹന യാത്രകള്‍ക്കായി (ഇന്ധനം, ടോൾ, മെയിന്റനൻസ്) 50000 മുതൽ 1 ലക്ഷം യെൻ വരെയാണ് (29,000 മുതൽ 58,000 രൂപ വരെ) ചെലവഴിക്കേണ്ടത്.
അനുകൂലിച്ചും പ്രതികൂലിച്ചും
സുനക്ഷി ശർമ്മയുടെ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് തുക വലുതായി തോന്നുമെങ്കിലും ടോക്കിയോയിലെ ശമ്പളനിരക്ക് ഉയർന്നതായതിനാല്‍ ഈ ചെലവ് വലിയ പ്രശ്നം ഉള്ളതല്ലെന്നാണ്. എന്നാൽ ചിലർ ചൂണ്ടിക്കാട്ടുന്നത് ടോക്കിയോ നഗരത്തില്‍ താമസിക്കുകയും സ്വന്തം കാർ ഉപയോഗിക്കുകയും ചെയ്യുന്ന ലൈഫ് സ്റ്റൈൽ ആണ് ചെലവ് കൂട്ടുന്നതെന്നാണ്.
ടോക്കിയോയിലെ പൊതുഗതാഗത സംവിധാനം ലോകോത്തര നിലവാരമുള്ളതിനാൽ ട്രെയിൻ, മെട്രോ ഉപയോഗിച്ചാൽ വാഹനച്ചെവൽ ഗണ്യമായി കുറയ്ക്കാമെന്നും അവർ പറയുന്നു. “വിദേശ ജീവിതം ഗ്ലാമറസ് ആയി കാണിക്കാമെങ്കിലും ദൈനംദിന യാഥാർത്ഥ്യം വേറൊന്നാണ്” എന്ന് മറ്റ് ചിലരും അഭിപ്രായപ്പെടുന്നു.
ഇന്ത്യയും മോശമല്ല
അതേസമയം, മുംബൈയിലെ ആന്ധേരി വെസ്റ്റ് പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ സമാനമായ നിലവാരത്തില്‍ ജീവിക്കാന്‍ 1.2 ലക്ഷം രൂപയോളം വാടക വരാറുണ്ടെന്നാണ് വേറൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതായത്, ടോക്കിയോയിലെ ചെലവ് ഇന്ത്യയിലെ ചില ലക്ഷ്വറി ഏരിയകള്‍ക്ക് തുല്യമാണെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
Content Highlights: A video by an Indian woman describing life in Tokyo has gone viral, highlighting that monthly expenses can reach up to ₹2.9 lakh. The video details the high cost of living in Japan’s capital, including housing, food, and daily expenses, drawing widespread attention online.