മനം നിറയ്ക്കുന്ന അയ്യപ്പ ഗാനവുമായി യോഗി ബാബുവും സംഘവും; സന്നിധാനം പി ഒ യിലെ ഗാനം ശ്രദ്ധ നേടുന്നു

അമൃത സാരി സംവിധാനം ചെയ്തു യോഗി ബാബുവും, കന്നഡ സിനിമയിൽ മുൻനിര താരങ്ങളിലൊരാളായ രൂപേഷ് ഷെട്ടിയും ആണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്

മനം നിറയ്ക്കുന്ന അയ്യപ്പ ഗാനവുമായി യോഗി ബാബുവും സംഘവും; സന്നിധാനം പി ഒ യിലെ ഗാനം ശ്രദ്ധ നേടുന്നു
dot image

നിരവധി ആരാധകരുള്ള തമിഴ് നടൻ ആണ് യോഗി ബാബു. കോലമാവ്‌ കോകില, മണ്ടേല, ഡോക്ടർ തുടങ്ങി നിരവധി സിനിമകളിലൂടെ യോഗി ബാബു നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. നായകനായും യോഗി ബാബു കസറിയിട്ടുണ്ട്. നെൽസൺ സംവിധാനം ചെയ്ത കോലമാവ്‌ കോകില, മണ്ടേല തുടങ്ങിയ സിനിമകളിൽ നായകനായി എത്തി മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചത്. കേരളത്തിലും നടന് നിറയെ ആരാധകരുണ്ട്. ഇപ്പോഴിതാ യോഗി ബാബു നായകനായി എത്തുന്ന സന്നിധാനം പി ഒ എന്ന സിനിമയിലെ ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അമൃത സാരി സംവിധാനം ചെയ്തു യോഗി ബാബുവും, കന്നഡ സിനിമയിൽ മുൻനിര താരങ്ങളിലൊരാളായ രൂപേഷ് ഷെട്ടിയും ആണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സിനിമയിലെ അയ്യപ്പ ഭക്തി ഗാനം ആണ് വൈറലാകുന്നത്. നാല് മിനിറ്റോളം നീളമുള്ള ഗാനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഏതൊരു അയ്യപ്പ ഭക്തന്റെയും മനം നിറയ്ക്കുന്നതാണ് സന്നിധാനം പി ഒ യിലെ ഈ ഗാനം. മോഹൻ രാജ വരികൾ എഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എജിആർ ആണ്. അഭിഷേക് രാജ, വിഷ്ണു റാം എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റിലീസ് ചെയ്തു 24 മണിക്കൂർ കൊണ്ട് തന്നെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചലച്ചിത്ര സംവിധായകൻ ചേരനും നടി മഞ്ജു വാര്യരും ചേർന്ന് നേരത്തെ പുറത്തുവിട്ടിരുന്നു. സർവത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ് എന്നീ ബാനറുകളിൽ മധു റാവു, വി വിവേകാനന്ദൻ, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. സിതാര, പ്രമോദ് ഷെട്ടി, മൂന്നാർ രമേശ്, ഗജരാജ്, രാജ രുദ്രകോടി, സാത്വിക്, അശ്വിൻ ഹസ്സൻ, വിനോദ് സാഗർ, കൽക്കി രാജ, വിശാലിനി, തഷ്മിക ലക്ഷ്മൺ, മധു റാവു തുടങ്ങിയവരും സിനിമയിലെ പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ശബരിമല, പമ്പ, എരുമേലി, തമിഴ്നാട്ടിലെ ചെന്നൈ, പൊള്ളാച്ചി എന്നിവയുൾപ്പെടെ പ്രശസ്തമായ സ്ഥലങ്ങളിലായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. തമിഴ്, കന്നഡ, തുളു, തെലുങ്ക്, മലയാളം ഭാഷകളിൽ ഒരു പാൻ-ഇന്ത്യൻ ചിത്രമായി നിർമ്മിച്ച സന്നിധാനം ഉടൻ റിലീസിനെത്തും.

അജിനു അയ്യപ്പൻ തിരക്കഥയും കഥയും തയ്യാറാക്കിയിരിക്കുന്നു. വിനോദ് ഭാരതി ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. പികെ ആണ്‌ എഡിറ്റിംഗ് നിർവഹിക്കുന്നത്. അയ്യപ്പ ഭക്തർ നേരിടുന്ന ഒരു അപ്രതീക്ഷിത സംഭവവും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

Content Highlights: Ayyappa devotional song from Sannidhanam PO out now

dot image
To advertise here,contact us
dot image