യുഎസ് ഹോർമൂസിൽ തീർത്ത ഉപരോധം മറികടന്ന് ചൈനീസ് കപ്പൽ; അമേരിക്കയെ പരിഹസിച്ച് ഇറാൻ

അമേരിക്കയുടെ ഹോർമൂസ് ഉപരോധത്തെ മറിക്കടന്ന് ചൈനീസ് ചരക്കുക്കപ്പൽ

യുഎസ് ഹോർമൂസിൽ തീർത്ത ഉപരോധം മറികടന്ന് ചൈനീസ് കപ്പൽ; അമേരിക്കയെ പരിഹസിച്ച് ഇറാൻ
dot image

തെഹ്റാൻ‌: ഹോർമൂസിന് മേലുള്ള അമേരിക്കയുടെ ഉപരോധത്തെ മറിക്കടന്ന് ചൈനീസ് ചരക്കുക്കപ്പൽ. അമേരിക്ക ഹോർമൂസിൽ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം സംഘർഷ മേഖല താണ്ടുന്ന ആദ്യ കപ്പലാണ് ചൈനയുടേത്. ഇതോടെ അമേരിക്കയുടെ ഉപരോധം പൊളിഞ്ഞെന്ന് പരിഹസിച്ച് ഇറാനും രം​ഗത്തെത്തി. ഹോർമൂസിൽ യുഎസിൻ്റെ ഉപരോധ രേഖ മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ തടയുമെന്നും പിടിച്ചെടുക്കുമെന്നും ഡോണൾഡ് ട്രംപ് ഭീഷണി ഉയർത്തിയിരുന്നു. ട്രംപിന് ആരെയും പേടിയില്ലെന്നും ഏത് രാജ്യത്തിൻ്റെ കപ്പലായാലും കടത്തി വിടില്ലെന്നായിരുന്നു പ്രസ്താവന. ചൈനീസ് കപ്പൽ സംഘർഷ മേഖല കടന്നതിന് പിന്നാലെ ട്രംപിനെ പരിഹസിക്കുകയാണ് ഇറാൻ ഭരണകൂടം.

'റിച്ച് സ്റ്റാറി' എന്ന ടാങ്കർ കപ്പലാണ് ഹോർമൂസ് കടന്ന് ഇപ്പോൾ ഒമാൻ ഉൾക്കടലിൽ എത്തിയത്. മലാവിയുടെ പതാകയേന്തിയ കപ്പൽ ഇന്നലെ ഹോർമൂസ് കടക്കാൻ ശ്രമിച്ചെങ്കിലും തിരിച്ച് പോയിരുന്നു. അമേരിക്കയുടെ ഹോർമൂസ് ഉപരോധം കാരണമാണ് കപ്പലിന് സംഘർഷ മേഖല കടക്കാൻ കഴിയാതെ തിരിച്ച് പോയത്. എന്നാൽ കപ്പലിൽ ചൈനീസ് ജീവനക്കാരുണ്ടെന്ന് അറിയിച്ച ഉടനെ കപ്പലിന് ഉപരോധ മേഖല കടക്കാൻ കഴിഞ്ഞെന്നാണ് റിപ്പോർട്ട്. റിച്ച് സ്റ്റാറി കപ്പലിന്റെ ഉടമസ്ഥത ഷാങ്ഹായ് ഷുവാൻറൺ ഷിപ്പിംഗ് കമ്പനി ലിമിറ്റഡിനാണ്. ഇറാനെ സഹായിച്ചെന്ന് ചൂണ്ടികാട്ടി ഏകദേശം രണ്ട് വർഷം മുമ്പ് യുഎസ് ഈ കപ്പലിനെ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു.

ഹോർമൂസിൽ അമേരിക്കയുടെ ഉപരോധ രേഖയ്ക്ക് സമീപം എത്തുന്ന ഇറാനുമായി ബന്ധമുള്ള കപ്പലിനെ ഉടനടി തകർക്കുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. സമൂഹ മാധ്യമമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്. പാകിസ്താനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് ഉപരോധത്തിന് ഉത്തരവിട്ടത്.

Content Highlights: Sanctioned Chinese ship sails through Trump's Hormuz blockade, Iran taunts US

dot image
To advertise here,contact us
dot image