'റാം ഒരു പെൺകുട്ടിയെ കറുത്ത പശു എന്ന് വിളിച്ചു, അയാളെ പേടിച്ച് കരയാന്‍ പോലും അവൾക്കായില്ല': ഗുരുതര ആരോപണം

ചെരിപ്പ് കാണിച്ച് കോളനി എന്ന് പറഞ്ഞെന്നും കാണാന്‍ ഗോത്രവര്‍ഗക്കാരനെപ്പോലെ ഉണ്ടെന്ന് പറഞ്ഞ് പരിഹസിച്ചെന്നും വിദ്യാർത്ഥികൾ ആരോപിച്ചു

'റാം ഒരു പെൺകുട്ടിയെ കറുത്ത പശു എന്ന് വിളിച്ചു, അയാളെ പേടിച്ച് കരയാന്‍ പോലും അവൾക്കായില്ല': ഗുരുതര ആരോപണം
dot image

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കുറ്റാരോപിതനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥികള്‍. ധരിച്ച ചെരുപ്പ് ചൂണ്ടിക്കാണിച്ച് തന്നെ കോളനി എന്ന് വിളിച്ചുവെന്നാണ് ഒരു വിദ്യാര്‍ത്ഥി ആരോപിച്ചത്. സഹപാഠിയായ പെണ്‍കുട്ടിയെക്കൊണ്ട് ചെരുപ്പ് വെച്ച് തല്ലിക്കാന്‍ ശ്രമിച്ചെന്നും ഒരു പെണ്‍കുട്ടിയെ കറുത്ത പശു എന്ന് വിളിച്ച് പരിഹസിച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

'എം കെ റാം വിദ്യാര്‍ത്ഥിയെ ക്ലാസില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ഭിക്ഷാടകനെ പോലെയുണ്ടെന്ന് പറഞ്ഞു. ചെരിപ്പ് കാണിച്ച് കോളനി എന്ന് പറഞ്ഞു. കാണാന്‍ ഗോത്രവര്‍ഗക്കാരനെപ്പോലെ ഉണ്ടെന്ന് പറഞ്ഞ് പരിഹസിച്ചു. സഹപാഠിയായ പെണ്‍കുട്ടിയെക്കൊണ്ട് ചെരുപ്പ് വെച്ച് തല്ലിക്കാന്‍ ശ്രമിച്ചു. പ്രതികരിക്കാന്‍ നിന്നാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കും. നിറം കൂടിയവരെ വെളളപ്പാറ്റ എന്നാണ് വിളിക്കുക. ഒരു പെണ്‍കുട്ടിയെ കറുത്ത പശു എന്ന് വിളിച്ച് പരിഹസിച്ചു. ആ കുട്ടി ക്ലാസില്‍വെച്ച് പൊട്ടിക്കരയാന്‍ പോലും പേടിച്ചു. അധ്യാപകന്‍ പുറത്തുപോയതിന് ശേഷമാണ് അവള്‍ കരഞ്ഞത്', ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം.

കോളേജിലുളള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും റാം മാത്രമല്ല ഒരുപാട് അധ്യാപകര്‍ ഇങ്ങനെ ചെയ്യുന്നവരാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. റാം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ശാരീരികമായും മാനസികമായും സാമ്പത്തികമായുംവരെ പീഡിപ്പിക്കുന്ന ആളാണെന്നും ശിക്ഷയായി ഇരുപതിനായിരം രൂപയുടെ പുസ്തകം വാങ്ങിപ്പിക്കുകയും രണ്ടായിരം പേജില്‍ എഴുതിപ്പിക്കുകയും ചെയ്യുന്ന അധ്യാപകര്‍ വരെ കോളേജിലുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേസമയം, പ്രതികരിച്ച വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ മാനേജ്‌മെന്റ് ആളെ വെച്ചുവെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫോട്ടോയും ദൃശ്യങ്ങളും പകര്‍ത്തിയെന്നും തങ്ങളുടെ കരിയര്‍ ഇല്ലാതാക്കുമോ എന്ന് ഭയമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 'മാനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് എത്തിയില്ല. തീരുമാനമെടുക്കാന്‍ പവര്‍ ഇല്ലാത്ത ഒരാളെയാണ് ചര്‍ച്ചയ്ക്ക് വിട്ടത്. മാനേജ്‌മെന്റ് പ്രതിനിധി ഡോക്ടര്‍ റാമിനെ ന്യായീകരിച്ചാണ് സംസാരിച്ചത്. നിരവധി വിദ്യാര്‍ത്ഥികള്‍ മറ്റ് അധ്യാപകര്‍ക്കെതിരെയും പരാതി നല്‍കുന്നുണ്ട്. എല്ലാ ആവശ്യങ്ങളും അംഗീകരിക്കുംവരെ ബഹിഷ്‌കരണത്തില്‍ നിന്ന് പിന്മാറില്ല. റാമിനെ പുറത്താക്കണം'-വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഏപ്രിൽ പത്തിനാണ് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ നിതിൻ രാജ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിക്കുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്. അവസാനമായി നിധിനെ ഫോണിൽ ബന്ധപ്പെടുമ്പോഴും അത്തരത്തിൽ എന്തെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞിരുന്നില്ലെന്നും ഗുരുതരമായ ജാതി അധിക്ഷേപത്തിന് മകൻ ഇരയായെന്നും കുടുംബം പറയുന്നു.

വകുപ്പ് മേധാവി ഡോ. എം കെ റാം ജാതിയുടെയും നിറത്തിന്റെയും മാതാപിതാക്കളുടെ തൊഴിലിന്റെയും പേരിൽ നിതിൻ രാജിനെ നിരന്തരം അധിക്ഷേപിക്കുമായിരുന്നു. ഇതേ കുറിച്ച് നിതിൻ സുഹൃത്തിനോടും കുടുംബാംഗങ്ങളോടും പല തവണ പറഞ്ഞിട്ടുണ്ട്. നിതിൻ സുഹൃത്തിന് അയച്ച ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. ഡോ. എം കെ റാം, അസോ. പ്രൊഫസർ സംഗീത നമ്പ്യാർ എന്നിവരെ നിലവിൽ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഇവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും ഇപ്പോൾ ഒളിവിലാണ്. നിലവിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് അധ്യാപകർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിതിന്റെ മരണത്തിൽ ലോൺ ആപ്പുകൾക്ക് പങ്കുണ്ടോ എന്നും ഒരു അധ്യാപികയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Content Highlights: 'Ram called a girl a black cow, she couldn't even cry out of fear of him': Students Serious allegations against HOD mk ram

dot image
To advertise here,contact us
dot image