

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് കൂടുമാറിയതില്‍ പ്രതികരിച്ച് മുന്‍ ആര്‍സിബി താരം ഫാഫ് ഡുപ്ലെസിസ്. രാജസ്ഥാന് റോയല്‍സെന്ന് കേട്ടാല്‍ തന്നെ സഞ്ജു സാംസണിന്റെ മുഖമാണ് മനസിലേക്ക് വരികയെന്നും ടീമിന് അവരുടെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി ഡുപ്ലെസിസ് പ്രതികരിച്ചു.
'ഐപിഎല്ലിന്റെ ചരിത്രത്തിലുടനീളം നോക്കിയാൽ ഓരോ ടീമിനും ഓരോ ഇന്ത്യൻ താരങ്ങളുണ്ട്. ചെന്നൈയ്ക്ക് ധോണിയും മുംബൈയ്ക്ക് രോഹിത്തും ആര്‍സിബിക്ക് കോഹ്ലിയും രാജസ്ഥാനെന്ന് പറയുമ്പോള്‍ തനിക്ക് ആദ്യം ഓര്‍മയില്‍ വരുന്നത് സഞ്ജുവിന്റെ മുഖമാണ്. സഞ്ജു ഒരു യുവതാരമാണെങ്കിലും അദ്ദേഹം ആ ഫ്രാഞ്ചൈസിയുടെ മുഖമായി മാറിയിരുന്നു. ഇപ്പോൾ രാജസ്ഥാൻ റോയൽസിന് അവരുടെ മുഖം നഷ്ടമായിരിക്കുകയാണ്. റോയൽസിന്റെ ആരാധകർക്കും അങ്ങനെ തന്നെയായിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം സഞ്ജു രാജസ്ഥാനിൽ വളരെ വലിയ റോളാണ് നിർവഹിച്ചിരുന്നത്', ഡുപ്ലെസി പറഞ്ഞു.
സഞ്ജു സാംസണിന്റെ അഭാവത്തില്‍ യശ്വസി ജയ്സ്വാളിന് രാജസ്ഥാനില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നുചേരുമെന്നും ഡുപ്ലെസിസ് പറയുന്നു. 'സഞ്ജു ഉള്ളപ്പോള്‍ ജയ്സ്വാളിന് അവന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന് കൂടുതല്‍ ഉത്തരവാദിത്തമുണ്ട്', ഡുപ്ലെസിസ് കൂട്ടിച്ചേർത്തു.
ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം മാർച്ച് 30ന് ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിലാണ്. എതിരാളികൾ സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പർ കിംഗ്സ് ആണ്.
Content highlight: ‘Sanju Samson was the face of Rajasthan Royals’, Says Faf du Plessis