

പുറമേ കാണാന്‍ ഒരുപോലെയാണെങ്കിലും USB-C കേബിളുകള്‍ തമ്മില്‍ വലിയ സാങ്കേതിക വ്യത്യാസങ്ങളുണ്ട്. ചാര്‍ജിംഗ് വേഗത മുതല്‍ ഡാറ്റ കൈമാറ്റം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം.
ഒരു പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ ക്യാമറ എത്ര മെഗാപിക്‌സലാണ്, പ്രോസസര്‍ ഏതാണ്, ഡിസ്‌പ്ലേ എങ്ങനെയാണ് എന്നൊക്കെ നമ്മള്‍ പരിശോധിക്കാറുണ്ട്. എന്നാല്‍ ചാര്‍ജിംഗ് കേബിളിന്റെ കാര്യം വരുമ്പോള്‍ പലരും അധികം ആലോചിക്കാറില്ല. വിലകുറഞ്ഞ ഒരു കേബിള്‍ വാങ്ങി ഉപയോഗിക്കുകയാണ് പതിവ്. പുറമേ നോക്കുമ്പോള്‍ മിക്ക USB Type-C കേബിളുകളും ഒരുപോലെയായിരിക്കും. ഫോണില്‍ കുത്തിയാല്‍ ചാര്‍ജും ചെയ്യും. അപ്പോള്‍ 100 രൂപയുടെ കേബിളും 1,500 രൂപയുടെ കേബിളും തമ്മില്‍ എന്താണ് വ്യത്യാസം?. USB-C എന്നത് കണക്ടറിന്റെ രൂപത്തെ മാത്രമാണ് സൂചിപ്പിക്കുന്നത്. കേബിളിന്റെ വേഗതയും പവര്‍ ശേഷിയും ഒരുപോലെയായിരിക്കണമെന്നില്ല.

അല്ല. USB Type-C എന്നത് പ്രധാനമായും കണക്ടറിന്റെ തരത്തെയാണ് സൂചിപ്പിക്കുന്നത്. അതേ കണക്ടര്‍ ഉപയോഗിക്കുന്ന കേബിളുകള്‍ക്ക് വ്യത്യസ്ത പവര്‍ ശേഷിയും ഡാറ്റാ ട്രാന്‍സ്ഫര്‍ വേഗതയും ഉണ്ടായേക്കാം. ചില കേബിളുകള്‍ കുറഞ്ഞ പവര്‍ ചാര്‍ജിംഗിനായി മാത്രമായിരിക്കും. മറ്റുചിലത് ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് ഉയര്‍ന്ന പവര്‍ നല്‍കാന്‍ ശേഷിയുള്ളവയായിരിക്കും.ഉദാഹരണത്തിന് ഒരു കേബിള്‍ കുറഞ്ഞ പവര്‍ മാത്രമേ നല്‍കുന്നുള്ളൂവെങ്കില്‍ ഉയര്‍ന്ന ശേഷിയുള്ള ചാര്‍ജര്‍ ഉപയോഗിച്ചാലും അതിന്റെ പരമാവധി ചാര്‍ജിംഗ് വേഗത ലഭിക്കണമെന്നില്ല.
കേബിളിന്റെ പുറംഭാഗം മാത്രമല്ല ശ്രദ്ധിക്കേണ്ടത്. അതിനുള്ളിലെ വയറിംഗും പ്രധാനമാണ്. നല്ല നിലവാരമുള്ള കേബിളുകളില്‍ ആവശ്യമായ പവര്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന മികച്ച നിലവാരത്തിലുള്ള കണ്ടക്ടറുകളും ശരിയായ ഇന്‍സുലേഷനും ഉപയോഗിച്ചിട്ടുണ്ടാകും. ഇത് വൈദ്യുതി നഷ്ടം കുറയ്ക്കാനും ചൂട് നിയന്ത്രിക്കാനും സഹായിക്കും.വിലകുറഞ്ഞ ചില കേബിളുകളില്‍ കുറഞ്ഞ നിലവാരത്തിലുള്ള ഘടകങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ കേബിളിന്റെ വില മാത്രം നോക്കി ഗുണനിലവാരം തീരുമാനിക്കാനാവില്ല.

USB-C കേബിളുകള്‍ തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം ഡാറ്റ കൈമാറ്റ വേഗതയാണ്. ചില കേബിളുകള്‍ USB 2.0 വേഗതയില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. ഇവയ്ക്ക് പരമാവധി 480 Mbps വരെ ഡാറ്റ കൈമാറ്റം ചെയ്യാനാകും. അതേസമയം USB 3.2, USB4 തുടങ്ങിയ സാങ്കേതികവിദ്യകള്‍ പിന്തുണയ്ക്കുന്ന കേബിളുകള്‍ക്ക് കൂടുതല്‍ വേഗത്തില്‍ വലിയ ഫയലുകള്‍ കൈമാറാന്‍ കഴിയും. ഫോണ്‍, ടാബ്ലെറ്റ്, ലാപ്‌ടോപ്പ് എന്നിവയ്ക്കിടയില്‍ വലിയ വീഡിയോകളോ മറ്റ് ഫയലുകളോ മാറ്റുമ്പോഴാണ് ഈ വ്യത്യാസം കൂടുതല്‍ വ്യക്തമായി മനസ്സിലാകുക.
കേബിള്‍ ഇടയ്ക്കിടെ വളയ്ക്കുകയും വലിക്കുകയും ചെയ്യേണ്ടി വരുന്നതിനാല്‍ അതിന്റെ നിര്‍മാണ നിലവാരവും പ്രധാനമാണ്. നല്ല നിലവാരമുള്ള കേബിളുകളില്‍ ശക്തമായ കണക്ടറുകള്‍, മികച്ച ഇന്‍സുലേഷന്‍, ഉറപ്പുള്ള പുറം ഭാഗം തുടങ്ങിയവ ഉണ്ടായേക്കാം. ചില കേബിളുകളില്‍ ബ്രെയ്ഡഡ് കവചവും ഉപയോഗിക്കാറുണ്ട്. ഇവ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ കേബിളിന്റെ ആയുസ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.
സാധാരണ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മാത്രമാണ് കേബിള്‍ ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ ഫോണും ചാര്‍ജറും ആവശ്യപ്പെടുന്ന പവര്‍ നല്‍കാന്‍ കഴിയുന്ന നല്ല നിലവാരമുള്ള ഒരു കേബിള്‍ മതിയാകും. എന്നാല്‍ ലാപ്‌ടോപ്പ് പോലുള്ള ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുകയാണെങ്കില്‍ ആവശ്യമായ ഉയര്‍ന്ന പവര്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന കേബിള്‍ തിരഞ്ഞെടുക്കണം. അതുപോലെ വലിയ ഫയലുകള്‍ വേഗത്തില്‍ കൈമാറണമെങ്കില്‍ ഉയര്‍ന്ന ഡാറ്റാ സ്പീഡ് നല്‍കുന്ന കേബിള്‍ ആവശ്യമാണ്.

USB-C കേബിള്‍ വാങ്ങുമ്പോള്‍ വില മാത്രം നോക്കാതെ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി പരിശോധിക്കുന്നത് നന്നായിരിക്കും.
Content Highlights :Although they look alike on the outside, there are significant technical differences between USB-C cables. Here is what you need to know—from charging speeds to data transfer.