

സൗദി അറേബ്യയുടെ ദേശീയ ദിനാഘോത്തിന്റെ ഭാഗമായി നടക്കുന്ന എയർഷോകൾക്ക് ഇന്ന് തുടക്കമാകും. രാജ്യത്തെ വിവധ നഗരങ്ങളിൽ വ്യോമപ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജിദ്ദയിൽ തുടക്കമാകുന്ന പരിപാടികൾ അൽഖോബറിൽ സമാപിക്കും. സെപ്റ്റംബർ 23-നാണ് സൗദി അറേബ്യ ദേശീയ ദിനം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി ജിദ്ദ, റിയാദ്, അൽഖോബർ നഗരങ്ങളിലാണ് പ്രത്യേക എയർ ഷോകൾ നടക്കുന്നത്.
ജിദ്ദയിലെ വ്യോമപ്രകടനങ്ങൾ സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് റോഷൻ വാട്ടർഫ്രണ്ടിൽ, ജിദ്ദ ഹിൽട്ടൺ ഹോട്ടലിന് മുന്നിൽ ആരംഭിക്കും. പരിപാടികൾ സെപ്റ്റംബർ 20 വരെ തുടരും. റിയാദിലെ എയർ ഷോകൾ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകിട്ട് 4 മണിക്ക് മൽഹാമിലെ റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ പരിസരത്ത് നടക്കും. അൽഖോബറിലെ വ്യോമപ്രകടനങ്ങൾ സെപ്റ്റംബർ 26, 27 തീയതികളിൽ അൽഖോബർ വാട്ടർഫ്രണ്ടിൽ, പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽഅസീസ് സയൻസ് ആൻഡ് ടെക്‌നോളജി സെന്ററിന് മുന്നിലാണ് സംഘടിപ്പിക്കുന്നത്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ വ്യോമപ്രകടനങ്ങൾ രാജ്യത്തിന്റെ സൈനിക വൈദഗ്ധ്യവും ദേശീയ അഭിമാനവും ഉയർത്തിക്കാട്ടുന്ന പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlight: Saudi Arabia’s National Day celebrations begin today with aerial displays organised by the Ministry of Defense, with the first air show taking place in Jeddah ahead of September 23 festivities.