ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ പുതിയ സുരക്ഷാ നിര്‍ദേശങ്ങളുമായി കെഎച്ച്ഡിഎ

വിദ്യാഭ്യാസ മേഖലയിലെ എഡ്യുക്കേഷൻ 33 (E33) എന്ന പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച പുതിയ ഫ്ലക്‌സിബിള്‍ റെ​ഗുലേഷൻ ഫ്രെയിം വർക്കിന്റെ ഭാഗമായാണ് ഈ മാർഗനിർദേശങ്ങളെന്ന് അധികൃതർ പറഞ്ഞു

ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ പുതിയ സുരക്ഷാ നിര്‍ദേശങ്ങളുമായി കെഎച്ച്ഡിഎ
dot image

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി പുതിയ സുരക്ഷാ നിർദേശങ്ങളുമായി ദുബായ് നോളജ് ആൻഡ് ഹ്യൂമൺ ഡെവലപ്മെന്റ് അതോറിറ്റി (KHDA). ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ, സ്വിമ്മിം​ഗ് പൂളുകൾ, സയൻസ് ലാബുകൾ, വിദ്യാർത്ഥികളുടെ പിക്കപ്പ്- ഡ്രോപ്പ് സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെ സ്‌കൂള്‍ ക്യാമ്പസിന്റെ എല്ലാ ഭാ​ഗങ്ങളിലും സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള വിശദമായ നിർദേശങ്ങളാണ് അധികൃതർ പുറത്തിറക്കിയിട്ടുള്ളത്.

വിദ്യാഭ്യാസ മേഖലയിലെ എഡ്യുക്കേഷൻ 33 (E33) എന്ന പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച പുതിയ ഫ്ലക്‌സിബിള്‍ റെ​ഗുലേഷൻ ഫ്രെയിം വർക്കിന്റെ (Flexible Regulation Framework) ഭാഗമായാണ് ഈ മാർഗനിർദേശങ്ങള്‍. പുതിയ നിർദേശപ്രകാരം കിൻഡർഗാർട്ടൻ, ഗ്രേഡ് 1 ക്ലാസ് മുറികൾ എല്ലാം കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലായിരിക്കണം. ക്ലാസ് മുറികളിൽ ആവശ്യമായ വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കണം. വിദ്യാർത്ഥികളുടെ എണ്ണവും മുറിയുടെ വിസ്തൃതിയും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ചായിരിക്കണം ക്ലാസ് ക്രമീകരിക്കേണ്ടത്. കുട്ടികൾക്കനുയോജ്യമായ ഫർണിച്ചറുകളും സുരക്ഷിതമായ വൈദ്യുതി സംവിധാനങ്ങളും നിർബന്ധമാക്കണം. അടിയന്തര ഘട്ടങ്ങളിൽ വേണ്ട മാർ​ഗ നിർദേശങ്ങൾ ക്ലാസ് മുറിയിൽ പ്രദർശിപ്പിക്കണം.

കൂടാതെ ഇത്തരം ഘട്ടങ്ങളിൽ എന്തു ചെയ്യണമെന്നതിനെ കുറിച്ച് കുട്ടികൾക്കും സ്‌കൂള്‍ ജീവനക്കാർക്കും നിർബന്ധമായും പരിശീലനം നൽകണം തുടങ്ങിയ നിർദേശങ്ങൾ ഇതിൽ പെടുന്നുണ്ട്. അതുപോലെ ഇൻഡോർ, ഔട്ട്ഡോർ കളിസ്ഥലങ്ങളിലെ ഉപകരണങ്ങൾ കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായിരിക്കണം. കളി ഉപകരണങ്ങൾക്കടിയിൽ ഷോക്ക് ആഗിരണം ചെയ്യുന്ന സുരക്ഷിത ഫ്ലോറിംഗ് നിർബന്ധമായിട്ടും ഉണ്ടായിരിക്കണം. ദുബായിലെ കാലാവസ്ഥ പരിഗണിച്ച് ഔട്ട്ഡോർ കളിസ്ഥലത്തിന്റെ ഏറ്റവും കുറഞ്ഞത് 30 ശതമാനം ഭാഗം എങ്കിലും തണൽ സൗകര്യമുള്ളതായിരിക്കണം. ഫസ്റ്റ് എയ്ഡ് കിറ്റ് എപ്പോഴും ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.

ലൈഫ് ഗാർഡ് ഇല്ലാത്ത സമയങ്ങളിൽ പൂൾ പൂർണമായും അടച്ചിടണം. അധികൃതരുടെ മേൽനോട്ടത്തിലല്ലാതെ വിദ്യാർത്ഥികൾക്ക് പൂളിൽ പ്രവേശിക്കാൻ കഴിയാത്തവിധം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം. "No Diving", "No Jumping" തുടങ്ങിയ മുന്നറിയിപ്പുകൾ അറബിയിലും ഇംഗ്ലീഷിലും പൂൾ പരിസരത്ത് പ്രദർശിപ്പിക്കണം. സയൻസ് ലാബുകളിൽ അപകടസാധ്യതയുള്ള രാസവസ്തുക്കൾ ലോക്ക് ചെയ്ത അലമാരകളിൽ സൂക്ഷിക്കണം. ലാബുകളിൽ ഫസ്റ്റ് എയ്ഡ് കിറ്റ്, ഐ വാഷ് സ്റ്റേഷൻ, എമർജൻസി ഷവർ എന്നിവ ഒരുക്കണം. വിദ്യാർത്ഥികൾ ലാബ് ഉപയോഗിക്കുമ്പോൾ അധ്യാപകരുടെയോ ലാബ് സൂപ്പർവൈസറുടെയോ സാന്നിധ്യം നിർബന്ധമായും ഉണ്ടായിരിക്കണം.

സ്‌കൂള്‍ പരിസരത്ത് സുരക്ഷിതമായ പിക്കപ്പ്-ഡ്രോപ്പ് മേഖലകൾ ഒരുക്കണം. വിദ്യാർത്ഥികൾ എത്തുന്നതും മടങ്ങുന്നതുമായ സമയങ്ങളിൽ ലൈസൻസുള്ള സൂപ്പർവെെസർമാരുടെ സാന്നിധ്യം ഉറപ്പാക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് കെഎച്ച്ഡിഎയുടെ നിർദേശത്തിൽ പറയുന്നത്. പുതിയ മാർഗനിർദേശങ്ങൾ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ആരോ​ഗ്യവും സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlight: Dubai’s KHDA has introduced new compliance guidelines for private educational institutions, covering health and safety, facilities, emergency preparedness and learner protection.

dot image
To advertise here,contact us
dot image