

അറിയാത്ത ഏതെങ്കിലും നമ്പറിൽ നിന്നും വാട്‌സ്ആപ്പിലേക്ക് കോളുകൾ വരാറുണ്ടോ? നിരന്തരം വരുന്ന ഇത്തരം കോളുകൾ മൂലം ശല്യം സഹിക്കാൻ കഴിയുന്നില്ലെങ്കിൽ എന്ത് ചെയ്യും, അടുത്ത ഓപ്ഷൻ ബ്ലോക്ക് ചെയ്യുക എന്നത് മാത്രമാണെന്ന് കരുതരുത്. സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന ഇത്തരം കോളുകൾ ഒഴിവാക്കാൻ വാട്‌സ്ആപ്പ് തന്നെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന നല്ല കിടിലൻ ഓപ്ഷനുണ്ട്.
പലർക്കും ഇതിനെ കുറിച്ച് ധാരണയുമുണ്ടാകും. എന്നാൽ അറിയാത്തവർ ഇതൊന്ന് അറിഞ്ഞിരിക്കണം. വാട്‌സ്ആപ്പിന് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള രാജ്യം നമ്മുടെ ഇന്ത്യയാണ്. ഇന്ന് പല വ്യാജന്മാരും ഇത്തരം കോളുകളിലൂടെ തട്ടിപ്പ് നടത്തുന്നത് വാർത്തകളാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ?
വാട്‌സ്ആപ്പിന്റെ സൈലൻസ് അൺനോൺ കോളേഴ്‌സ് ഫീച്ചറിനെ കുറിച്ച് അറിയാത്തവർ അതൊന്നു ആക്ടിവേറ്റ് ചെയ്താൽ പ്രശ്‌നം അവിടെ തീർന്നു. സെറ്റിങ്‌സിൽ കയറി ഇതൊന്ന് ടേൺ ഓൺ ചെയ്താൽ അനാവശ്യമായ കോളുകളൊന്നും ശല്യം ചെയ്യില്ല. ഇനി ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറഞ്ഞു തരാം.
നിങ്ങളുടെ ഫോൺ നമ്പർ കയ്യിലുള്ള ആർക്കും നിങ്ങളെ വാട്‌സ്ആപ്പിൽ വിളിക്കാം. ചില സമയങ്ങളിൽ നിങ്ങൾ ഇതുവരെയും ബന്ധപ്പെടുകയോ സേവ് ചെയ്യുകയോ ചെയ്യാത്ത നമ്പറിൽ നിന്നും കോളുകൾ വരാം. ഇത്തരം അവസ്ഥയിൽ ഒന്നുകിൽ നിങ്ങൾക്ക് ഇവരെ ബ്ലോക്ക് ചെയ്യാം അല്ലെങ്കിൽ മേൽപ്പറഞ്ഞ സെറ്റിങ്‌സ് ഉപയോഗിക്കാം. ആവശ്യമില്ലാത്ത കോളുകൾ സൈലൻസ് ചെയ്യുന്നത് നിങ്ങളുടെ സ്വകാര്യതയെ സുരക്ഷിതമാക്കും. ഇതുമാത്രമല്ല സ്പാം അല്ലെങ്കിൽ സ്‌കാം കോളുകൾ നിങ്ങളെ ശല്യം ചെയ്യില്ല. ഇതിന്റെ ഏറ്റവും നല്ലഭാഗം എന്താണെന്നാൽ ഈ കോളുകൾ മുഴുവനായി അപ്രത്യക്ഷമാകുകയല്ല ചെയ്യുക, ഇവ വാട്‌സ്ആപ്പ് കോൾ ഹിസ്റ്ററിയിൽ റെക്കോർഡ് ചെയ്യപ്പെടും. ഇതിനാൽ നിങ്ങൾക്ക് തിരികെ വിളിക്കേണ്ട കോൾ ആണെങ്കിൽ അങ്ങനെ ചെയ്യുകയും ചെയ്യാം. നിങ്ങൾക്ക് അറിയാവുന്ന നമ്പറിൽ നിന്നു മാത്രമേ നിങ്ങൾക്ക് കോളുകൾ വരു എന്നതാണ് ഏറ്റവും ആശ്വാസകരം.
വാട്‌സ്ആപ്പ് തുറന്ന്, വലത് വശത്ത് മുകളിലായുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക, നേരെ സെറ്റിങ്‌സ് ഓപ്ഷനിലേക്ക് പോകുക, അതിൽ പ്രൈവസിയിൽ ടാപ്പ് ചെയ്യുക, പിന്നാലെ കോൾസ് സെക്ഷനിലേക്ക് സ്‌ക്രോൾ ചെയ്യാം, ഇവിടെ സൈലൻസ് അൺനോൺ കോളേഴ്‌സ് എന്ന ടോഗിൾ ടേൺ ഓൺ ചെയ്യുക. ഇതാണ് ആൻഡ്രോയിഡിലേ രീതി, ഐഒഎസിൽ ആണെങ്കിൽ വാട്‌സ്ആപ്പ് തുറന്ന്, താഴെ വലത് വശത്തായുള്ള സെറ്റിങ്‌സ് ഓപ്ഷനിൽ ടാപ്പ് ചെയ്ത ശേഷം പ്രൈവസി ഓപ്ഷനിലേക്ക് പോകണം, താഴേക്ക് ഒന്ന് സ്‌ക്രോൾ ചെയ്ത് കോൾസിൽ ടാപ്പ് ചെയ്യാം, ഇവിടെ സൈലൻസ് അൺനോൺ കോളേഴ്‌സ് ടോഗിൾ ടേൺ ഓൺ ചെയ്യാം.
സൈലൻസ് ആയിപ്പോയ അൺനോൺ കോളിലേക്ക് നിങ്ങൾ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്താൽ പിന്നീട് അവ സൈലൻസാവില്ല. ഇനി ഇവരിൽ നിന്നും കോളോ മെസേജോ ലഭിക്കാൻ താത്പര്യമില്ലെങ്കിൽ അവരെ ബ്ലോക്ക് ചെയ്യാം.
Content Highlights: Learn how to use WhatsApp settings to prevent frequent unknown calls by enabling privacy features like silencing unknown callers and blocking spam contacts