

Q കഴിഞ്ഞാല്‍ W അത് കഴിഞ്ഞ് E, പിന്നെ R അങ്ങനെ കമ്പ്യൂട്ടറിന്റെ കീകളിലെ അക്ഷരങ്ങളെല്ലാം പല സ്ഥലങ്ങളിലായി ക്രമരഹിതമായിട്ടാണ് കിടക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന എല്ലാവരും തന്നെ ചിന്തിച്ചിട്ടില്ലേ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന്.
കമ്പ്യൂട്ടറുകള്‍ക്ക് മുന്‍പ് ടൈപ്പ് റൈറ്ററുകളിലാണ് അക്ഷരങ്ങള്‍ ഇങ്ങനെ ക്രമീകരിച്ചിരുന്നത്. ആദ്യകാല ടൈപ്പ് റൈറ്ററുകളില്‍ കീകള്‍ ആല്‍ഫബറ്റിക് ഓര്‍ഡറിലാണ് ഉണ്ടായിരുന്നത്.പക്ഷേ ആളുകള്‍ വേഗത്തില്‍ ടൈപ്പ് ചെയ്തപ്പോള്‍ key കള്‍ തമ്മില്‍ ഇടിച്ച് ജാം ആകുന്ന ബുദ്ധിമുട്ട് ഉണ്ടായി. ഇത് ഒഴിവാക്കാനായി പലപ്പോഴും ഒരുമിച്ച് ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ അകലെയാക്കി ക്രമീകരിച്ചു. അങ്ങനെയാണ് കീബോര്‍ഡില്‍ QWERTY എന്ന ഓര്‍ഡര്‍ രൂപപ്പെട്ടത്. 1870 കളിലാണ് ഈ QWERTY ലേഔട്ട് പ്രശസ്തമാകുന്നത്. ഇത് എല്ലാവരും പരിശീലിക്കുകയും ചെയ്തു.പിന്നീട് മാറ്റാന്‍ ആരും താല്‍പര്യപ്പെട്ടുമില്ല.

കമ്പ്യൂട്ടര്‍ കീബോര്‍ഡുകള്‍ വികസിപ്പിച്ചെടുത്തപ്പോള്‍ ആളുകള്‍ക്ക് ഇതിനകം തന്നെ ടൈപ്പ് റൈറ്റര്‍ കീബോര്‍ഡ് പരിചിതമായിരുന്നതുകൊണ്ടുതന്നെ അവ ആ പഴയ ലേഒൗട്ട് നിലനിര്‍ത്തി. കൂടാതെ ഫംഗ്ഷണല്‍ കീകള്‍, ആരോ കീകള്‍, നമ്പര്‍ കീകള്‍ എന്നിവയുള്‍പ്പടെ ടൈപ്പ്‌റൈറ്ററുകളേക്കാള്‍ കൂടുതല്‍ കീകള്‍ കമ്പ്യൂട്ടര്‍ കീബോര്‍ഡുകളില്‍ ചേര്‍ത്തു. ആളുകള്‍ക്ക് ഈ കീകളെല്ലാം വേഗത്തിലും കാര്യക്ഷമമായും ആക്‌സസ് ചെയ്യാന്‍ എളുപ്പമാക്കുന്ന വിധത്തിലാണ് കീകളുടെ ലേഔട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

QWERTY ലേഔട്ട് മാത്രമല്ല നിലവിലുള്ള കീബോര്‍ഡ് ലേഔട്ട്. ഡ്വോറക് സിപ്ലിഫൈഡ് കീബോര്‍ഡ്, കോള്‍മാക് ലേഔട്ട് തുടങ്ങിയ കീബോര്‍ഡ് ലേഔട്ടുകള്‍ വര്‍ഷങ്ങളായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ ബദല്‍ ലേഔട്ടുകള്‍ QWERTY ലേഔട്ടിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി രൂപകല്‍പ്പന ചെയ്തിട്ടുണ്ടെങ്കിലും അവ വ്യാപകമായി സ്വീകരിക്കപ്പെട്ടില്ല.

ടൈപ്പ്‌റൈറ്ററുകളിലെ കീ ജാമുകള്‍ തടയുന്നതിനായിട്ടാണ് QWERTY ലേഔട്ട് സൃഷ്ടിച്ചത്. ഇത് ആളുകള്‍ ഉപയോഗിച്ച് ശീലിച്ചതും കമ്പ്യൂട്ടര്‍ കീബോര്‍ഡുകളില്‍ കൂടുതല്‍ കീകള്‍ ചേര്‍ത്തതും കാരണം ഇത് നിലവില്‍ ഉപയോഗിച്ച് വരുന്നു. പല ബദല്‍ കീബോര്‍ഡുകള്‍ വന്നെങ്കിലും ഇംഗ്ലീഷ് ഭാഷാ കമ്പ്യൂട്ടറുകള്‍ക്കും ടൈപ്പ്‌റൈറ്ററുകള്‍ക്കും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന കീബോര്‍ഡ് ലേഔട്ട് ആയി QWERTY തുടരുന്നു.
Content Highlights :The reason why the letters on the computer keyboard are not in alphabetical order