

ന്യൂ ഡൽഹി: കോൺഗ്രസ് കേരള ഘടകവും സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പുവും തമ്മിൽ എക്സിൽ വാക്‌പോര്. കഴിഞ്ഞ ദിവസം പത്മശ്രീ ലഭിച്ച മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടിയുമായി ബന്ധപ്പെട്ടാണ് ഇരുവരും വാക്പോരിലേർപ്പെട്ടത്. കാമകോടിയുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിന്റെ വിമർശന ട്വീറ്റിന് ശ്രീധർ വെമ്പു മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെ വെമ്പുവിന് മറുപടിയുമായി കേരളത്തിലെ കോൺഗ്രസും രംഗത്തുവരികയായിരുന്നു.
പത്മശ്രീ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കാമകോടിയുടെ 'ഗോമൂത്ര' പരാമർശത്തെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് കേരള ഘടകം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് ശ്രീധർ വെമ്പുവും രംഗത്തുവന്നിരുന്നു. കാമകോടി അംഗീകാരം അർഹിക്കുന്നുവെന്നും ഗോമൂത്രത്തിലും ചാണകത്തിലും മനുഷ്യന് ഉപകാരമായേക്കാവുന്ന സൂക്ഷ്മജീവികൾ ഉണ്ട് എന്നുമാണ് വെമ്പു പറഞ്ഞത്. കോൺഗ്രസിന് കൊളോണിയൽ ചിന്താഗതിയാണ് ഉള്ളതെന്നും ഹാർവാർഡോ എംഐടിയോ നാളെ ഇതിൽ ഒരു പഠനം നടത്തിയാൽ ഇവർ കുമ്പിടുമെന്നും വെമ്പു വിമർശിച്ചിരുന്നു.
ഈ വിമർശനത്തിന് രൂക്ഷമായ ഭാഷയിലാണ് കേരളത്തിലെ കോൺഗ്രസ് മറുപടി നൽകിയത്. ഗോമൂത്രത്തിലും ചാണകത്തിലും പഠനം നടത്തി എന്താണ് ഇതുവരെ നേടിയത് എന്നും എന്തുകൊണ്ടാണ് പശുവിന്റെ ചാണകത്തിൽ മാത്രം പഠനം നടത്തുന്നത് എന്നും കോൺഗ്രസ് ചോദിച്ചു.
'അടുത്തിടെ മധ്യപ്രദേശ് സർക്കാർ ഇത്തരത്തിൽ ഒരു പഠനം നടത്തിയിരുന്നു. കാൻസർ ട്രീറ്റ്മെന്റുമായി ബന്ധപ്പെട്ടായിരുന്നു ആ പഠനം നടന്നത്. എന്നാൽ പഠനത്തിനായി ചാണകവും ഗോമൂത്രവും വാങ്ങാനായി രണ്ട് കോടി രൂപയ്ക്കടുത്താണ് ചെലവാക്കിയത്. എന്നാൽ 15 മുതൽ 20 ലക്ഷം രൂപയെ ശരിക്കും വേണ്ടൂ. 3.5 കോടി രൂപയാണ് ഗവേഷണത്തിനായി അനുവദിച്ചത്. ബാക്കി പണം കാർ വാങ്ങാനും, പെട്രോൾ അടിക്കാനും, യാത്രകൾ പോകാനുമാണ് ചിലവഴിക്കപ്പെട്ടത്. എന്നിട്ട് ഫലം എന്തായി? ഒന്നും നടന്നില്ല.
അന്വേഷിച്ചാൽ ഇനിയും ഇത്തരത്തിലുള്ള അഴിമതികൾ പുറത്തുവരും. കാൻസർ ചികിത്സയിൽ നമുക്കൊരു വഴിത്തിരിവ് വേണം എന്നത് സത്യമാണ്. എന്നാൽ ഗോമൂത്രവും ചാണകവും അസുഖം മാറ്റുമെന്ന് നിങ്ങൾ എന്തിനാണ് വാശി പിടിക്കുന്നത്? കൊവിഡ് കാലത്തും ഗോമൂത്രവും ചാണകവും വൈറസുകളെ ഇല്ലാതാക്കുമെന്ന് പറഞ്ഞിരുന്നു. എന്നിട്ട് എന്തായി?
നിങ്ങൾ വലിയ കോടീശ്വരനായ സ്ഥിതിക്കും, ഗോമൂത്രത്തിന് ഗുണഫലമുണ്ട് എന്ന് വിശ്വസിക്കുന്ന ആളായ സ്ഥിതിക്കും, എന്തുകൊണ്ട് നിങ്ങളുടെ കമ്പനിക്ക് ഈ പഠനത്തിൽ പണം നിക്ഷേപിച്ചുകൂടാ? എന്തുകൊണ്ട് നിങ്ങൾക്കതിന് സാധിക്കുന്നില്ല?'; എന്നായിരുന്നു കോൺഗ്രസിന്റെ മറുപടി.
ഒരു വർഷം മുൻപാണ് വി കാമകോടി ഗോമൂത്രത്തിലെ ഔഷധ ഗുണങ്ങളെക്കുറിച്ച് പരാമർശം നടത്തിയത്. വലിയ വിമർശനമാണ് കാമകോടിയുടെ ഈ പരാമർശത്തിനെതിരെ അന്ന് ഉണ്ടായത്. കഴിഞ്ഞ ദിവസം കാമകോടിക്ക് പത്മശ്രീ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഈ പരാമർശം ഓർമിപ്പിച്ചുകൊണ്ട് കോൺഗ്രസ് കേരള ഘടകം വിമർശനമുന്നയിച്ചിരുന്നു.
Content Highlights: Congress Kerala and Sridhar Vembu locking horns over tweet on cow urine and cow dung