യൂസര്‍മാരുടെ സംഭാഷണം ഗൂഗിള്‍ അസിസ്റ്റന്റ് റെക്കോര്‍ഡ് ചെയ്തു! 600 കോടിയിലധികം നല്‍കി തീര്‍പ്പാക്കാന്‍ ഗൂഗിള്‍

അതേസമയം തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗൂഗിളിന്റെ വാദം

യൂസര്‍മാരുടെ സംഭാഷണം ഗൂഗിള്‍ അസിസ്റ്റന്റ് റെക്കോര്‍ഡ് ചെയ്തു! 600 കോടിയിലധികം നല്‍കി തീര്‍പ്പാക്കാന്‍ ഗൂഗിള്‍
dot image

ഗൂഗിള്‍ അസിസ്റ്റന്റിലൂടെ യൂസര്‍മാരുടെ സ്വകാര്യ സംഭാഷണങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്‌തെന്ന കേസില്‍ 622കോടിയിലധികം രൂപ(68മില്യണ്‍) നല്‍കി തലയൂരാന്‍ തീരുമാനിച്ചിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിള്‍. ഫോണുകളിലെ വെര്‍ച്വല്‍ സഹായിയായ ഗൂഗിള്‍ അസിസ്റ്റന്റ് ആന്‍ഡ്രോയിഡ് ഡിവൈസില്‍ മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തിച്ചെന്നും സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തെന്നുമായിരുന്നു പരാതിക്കാരുടെ ആരോപണം. കൂടാതെ ഉപയോക്താക്കളില്‍ പ്രത്യേക പരസ്യങ്ങള്‍ എത്തിക്കാനായി ഈ റെക്കോര്‍ഡിങ്ങുകള്‍ ഉപയോഗിച്ചെന്നും സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാര്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്നു.

അതേസമയം കേസ് അവസാനിപ്പിക്കാനായി സമര്‍പ്പിച്ച ഹര്‍ജിയില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗൂഗിളിന്റെ വാദം. മാത്രമല്ല നിയമനടപടികള്‍ ഒഴിവാക്കാനാണ് ഒത്തുതീര്‍പ്പിന് തയ്യാറായതെന്നാണ് അവരുടെ വിശദീകരണം. ഹായ് ഗൂഗിള്‍, ഓക്കെ ഗൂഗിള്‍ പോലുള്ള ഹോട്ട് വേഡ്‌സ് അല്ലെങ്കില്‍ പ്രത്യേക വാക്കുകള്‍ ശ്രദ്ധിച്ച് പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഗൂഗിള്‍ അസിസ്റ്റന്റിന്റെ രൂപകല്‍പന എന്നാല്‍ ഈ വാക്കുകള്‍ കേള്‍ക്കാതെയും ഇവ പ്രവര്‍ത്തിച്ചുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇത്തരം പ്രശ്‌നങ്ങളെ ഫാള്‍സ് അക്‌സപ്റ്റ്‌സ് എന്നാണ് വിളിക്കുന്നത്. ഈ അവസരത്തില്‍ ഗൂഗിള്‍ അസിസ്റ്റന്റ് യൂസര്‍ ഇത് ആക്ടീവ് ചെയ്യാതെ തന്നെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങിയെന്നും ആരോപിക്കപ്പെടുന്നു.

വീട്ടിലോ ജോലി സ്ഥലത്തോ നടത്തിയ സ്വകാര്യ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇക്കാര്യം മനസിലായതെന്ന് പല യൂസര്‍മാരും വാദിക്കുന്നു. 2016 മെയ് 18 മുതല്‍ ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ച യൂസര്‍മാര്‍ ഈ പുതിയ കരാറില്‍ ഉള്‍പ്പെടും. എത്ര യൂസര്‍മാര്‍ പരാതി ഉന്നയിച്ചു എന്നത് വ്യക്തമായ ശേഷം മാത്രമേ ഒരാള്‍ക്ക് എത്ര പണമാകും ലഭിക്കുക എന്ന് വ്യക്തമാകുകയുള്ളു.

ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായ സിരി സ്വകാര്യ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് സമാനമായ കേസ് നേരിടേണ്ടി വന്നിരുന്നു. 2024 ഡിസംബറില്‍ ഈ കേസ് ആപ്പിള്‍ ഒത്തുതീര്‍പ്പാക്കിയത് 95 മില്യണ്‍ ഡോളര്‍ നല്‍കിയാണ്. പരാതിക്കാര്‍ക്ക് എട്ട് ഡോളര്‍ മുതല്‍ നാല്‍പത് ഡോളര്‍ വരെയാണ് നഷ്ടപരിഹാരമായി ലഭിച്ചത്.

Content Highlights: Google to pay around 600 crore for secretly recording users

dot image
To advertise here,contact us
dot image