6 റണ്‍സിനിടെ നഷ്ടമായത് 6 വിക്കറ്റ്! സിംബാബ്‌വെയെ എറിഞ്ഞിട്ടു; U19 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ

ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് പടുകൂറ്റൻ വിജയമൊരുക്കിയത്

6 റണ്‍സിനിടെ നഷ്ടമായത് 6 വിക്കറ്റ്! സിംബാബ്‌വെയെ എറിഞ്ഞിട്ടു; U19 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ
dot image

അണ്ടർ 19 ലോകകപ്പിൽ പരാജയമറിയാതെ കുതിച്ച് ഇന്ത്യയുടെ കൗമാരപ്പട. സൂപ്പര്‍ സിക്‌സില്‍ സിംബാബ്‌വെയ്‌ക്കെതിരെ 204 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 352 റൺസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ 37.4 ഓവറില്‍ 148 റൺസിന് ഓൾഔട്ടാക്കി.

ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് പടുകൂറ്റൻ വിജയമൊരുക്കിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉദ്ധവ് മോഹന്‍, ആയുഷ് മാത്രെ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്. കൂറ്റൻ വിജയത്തോടെ സൂപ്പര്‍ സിക്‌സ് പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി.

സിംബാബ്‌വെക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് അടിച്ചെടുത്തു. അഞ്ചാമനായി ക്രീസിലെത്തിയ വിഹാൻ മൽഹോത്രയുടെ അപരാജിത സെഞ്ച്വറിയാണ് കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 107 പന്തില്‍ പുറത്താവാതെ ഏഴ് ബൗണ്ടറി സഹിതം 109 റണ്‍സെടുത്ത വിഹാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ബോളിങ് നിരയ്ക്ക് മുന്നിൽ‌ സിംബാബ്‌വെയ്ക്ക് പിടിച്ചുനിൽക്കാനായില്ല. 62 റണ്‍സെടുത്ത ലീറോയ് ചിവൗലയ്ക്ക് മാത്രമാണ് സിംബാബ്‌വെ നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. കിയാന്‍ ബ്ലിഗ്നോട്ട് (37), തതേന്ദ് ചിമുഗോരോ (29) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുതാരങ്ങള്‍. ഒരു ഘട്ടത്തില്‍ നാലിന് 142 റണ്‍സെന്ന നിലയില്‍ ആയിരുന്ന സിംബാബ്‌വെയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കേവലം ആറ് റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു.

Content Highlights: U19 World Cup 2026: India thrash Zimbabwe by 204 runs, collect fourth consecutive win

dot image
To advertise here,contact us
dot image