

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് സ്ലീപ്പർ ട്രെയിനായ ഹൗറ - കാമാഖ്യ സർവീസിൽ ഒരാഴ്ചയ്ക്കുള്ളിൽ മാംസാഹാരം ലഭ്യമാകുമെന്ന് ഈസ്റ്റേൺ റെയിൽവേ വ്യക്തമാക്കി. ആഴ്ചയിൽ ആറു ദിവസം സർവീസ് നടത്തുന്ന ട്രെയിനിൽ സസ്യാഹാരം മാത്രം ലഭിക്കുന്നതും, ഭക്ഷണം വേണ്ട എന്ന ഓപ്ഷൻ ഇല്ലാത്തതും വിവാദമായിരുന്നു. രാത്രികാല സർവീസ് നടത്തുന്ന ഈ സ്ലീപ്പർ ട്രെയിനിൽ ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ഭക്ഷണക്രമം നിലവിൽ വരുമെന്നാണ് റെയിൽവേയുടെ ഉറപ്പ്.
ജനുവരി 17നാണ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. ജനുവരി 22 മുതൽ കാമാഖ്യയിൽ നിന്നും 23 മുതൽ ഹൗറയിൽ നിന്നും ഇത് സർവീസ് ആരംഭിക്കുകയും ചെയ്തിരുന്നു. കാമാഖ്യ സർവീസിൽ അസമീസ് വിഭവങ്ങൾക്കാണ് പ്രാധാന്യം, അതേസമയം ഹൗറയിൽ നിന്നുള്ള ട്രെയിനുകളിൽ ബംഗാളി വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുസംസ്ഥാനത്തെയും പ്രാദേശിക ഭക്ഷണശൈലിയിൽ നോൺവെജിന് വലിയ പ്രാധാന്യമാണ് ഉള്ളത്.
വന്ദേ ഭാരത് സ്ലീപ്പറിൽ മെനു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം എന്ന ആവശ്യമാണ് യാത്രക്കാർ ഉയർത്തിയത്. നോൺ വെജ് വിഭവങ്ങൾ കൂടി മെനുവിൽ ഉൾപ്പെടുത്തുക, ട്രെയിനിലെ ആഹാരം വേണ്ട എന്ന് വെക്കാനുള്ള സൗകര്യം ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യാത്രക്കാർ റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മാത്രമല്ല മറ്റ് വന്ദേ ഭാരത് സർവീസുകളിൽ ആഹാരം വേണ്ട എന്ന് വെക്കാനുള്ള സൗകര്യം ഉണ്ടെന്നും യാത്രക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.
സ്ലീപ്പർ ട്രെയിനില്‍ സസ്യാഹാരം മാത്രം ഉള്‍പ്പെടുത്തിയത് ബംഗാളില്‍ ബിജെപി - തൃണമൂൽ കോൺഗ്രസ് സംഘർഷത്തിനും വഴിവെച്ചിരുന്നു. ബിജെപി സർക്കാർ വിവിധ പോളിസികളിലൂടെ രാജ്യത്ത് സസ്യാഹാര സംസ്കാരം വളർത്തിയെടുക്കാൻ ശ്രമിക്കുന്നു എന്ന ആരോപണമാണ് ടിഎംസി ഉന്നയിച്ചത്. ഇത്തരം നടപടികൾ വഴി ബംഗാളിന്റെ സാംസ്കാരിക സ്വത്വത്തെയും ഭക്ഷ്യ സംസ്കാരത്തെയും അവഗണിക്കുക കൂടി ചെയ്യുന്നു എന്ന വാദവും ടിഎംസി ആരോപിച്ചിരുന്നു.
Content Highlights: Eastern Railway confirmed availability of non-vegetarian items on Vande Bharat sleeper trains