പിന്നണി ഗാനരംഗത്തോട് വിട പറഞ്ഞ് അര്‍ജിത് സിംഗ്; വിരമിക്കൽ പ്രഖ്യാപിച്ചു

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്ത് നിന്നും വിരമിക്കുകയാണ് എന്ന് അർജിത് പ്രഖ്യാപിച്ചത്.

പിന്നണി ഗാനരംഗത്തോട് വിട പറഞ്ഞ് അര്‍ജിത് സിംഗ്; വിരമിക്കൽ പ്രഖ്യാപിച്ചു
dot image

പ്രശസ്ത ഗായകൻ അർജിത് സിംഗ് പിന്നണി ഗാനരംഗത്ത് നിന്നും വിരമിച്ചു. ശ്രോതാക്കൾക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അർജിത് സിംഗ് സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നണിഗാനരംഗത്ത് നിന്ന് മാത്രമാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻഡീ മ്യൂസിക്കിൽ പുതിയ പാതകൾ തേടാനാണ് ഈ പിന്മാറ്റം എന്നാണ് കരുതപ്പെടുന്നത്.

'എല്ലാവർക്കും പുതുവർഷാശംസകൾ. ഇക്കഴിഞ്ഞ പോയ വർഷങ്ങളിൽ നിങ്ങളെനിക്ക് ഒരുപാട് സ്‌നേഹം നൽകി. ശ്രോതാക്കളുടെ ആ സ്‌നേഹത്തിന് ഒരുപാട് നന്ദി. ഇനി പിന്നണി ഗാനരംഗവുമായി ബന്ധപ്പെട്ട് ഞാൻ പ്രവർത്തിക്കില്ലെന്ന് അറിയിക്കാൻ ആഗ്രഹിക്കുകയാണ്. ഏറെ സന്തോഷത്തോടെയാണ് ഈ തീരുമാനം എടുക്കുന്നത്. മനോഹരമായ ഒരു യാത്രയ്ക്ക് അവസാനം കുറിക്കുകയാണ്,' അർജിത് സിംഗ് കുറിച്ചു.

അതേസമയം, താൻ ഏറ്റെടുത്ത വർക്കുകൾ അവസാനിപ്പിക്കുമെന്നും അതുകൊണ്ട് തന്നെ ഈ വർഷം പുതിയ ചില ചിത്രങ്ങളിൽ തന്റെ പാട്ടുകളുണ്ടാകുമെന്നും അർജിത് അറിയിച്ചിട്ടുണ്ട്. പിന്നണി ഗാനരംഗത്ത് നിന്നും പിന്മാറുന്നു എന്നതുകൊണ്ട് സംഗീതത്തോട് വിട പറയുന്നു എന്ന് അർത്ഥമില്ലെന്നും ദേശീയ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ അർജിത് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.

ബോളിവുഡിലെ ഏറ്റവും തിരക്കേറിയ യുവ ഗായകനായ അർജിത് സിംഗിന്റെ വിരമിക്കൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഹിന്ദിയിലും ബംഗാളിയിലുമാണ് അർജിത് സിംഗ് ഏറ്റവും കൂടുതൽ സിനിമാഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2009ൽ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്ന അർജിത് സിംഗ് അതിനുമുൻപ് റിയാലിറ്റി ഷോയിലൂടെ ആസ്വാദകർക്ക് സുപരിചിതനായിരുന്നു.

സിനിമാഗാനങ്ങളിൽ അർജിതിന്റെ സ്വരമുണ്ടാകില്ലെന്നത് വേദനയാണെങ്കിലും ഇൻഡിപെൻഡന്റ് മ്യൂസിക്കുമായി അദ്ദേഹം വരുന്നത് കാണാൻ ഏറെ ആഗ്രഹമുണ്ടെന്ന് ആരാധകർ പറയുന്നുണ്ട്. പാടുന്നതിനൊപ്പം സംഗീത സംവിധായകനായും അർജിത് പ്രവർത്തിച്ചിട്ടുള്ളതുകൊണ്ട് തന്നെ അദ്ദേഹത്തിൽ നിന്നും ഇനിയുമേറെ മികച്ച ഗാനങ്ങൾ തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇവർ പങ്കുവെക്കുന്നത്.

Content Highlights: Arijith Singh retires from playback singing . He says he will not stop making music

dot image
To advertise here,contact us
dot image