

അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്സില്‍ പാകിസ്ഥാനാട് പരാജയപ്പെട്ട് ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ കാണാതെ പുറത്ത്. എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് ന്യൂസിലാന്‍ഡ് നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ 28.4 ഓവറില്‍ 110 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. നാല് വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ അബ്ദുള്‍ സുബ്ഹാന്‍, മൂന്ന് പേരെ പുറത്താക്കിയ അലി റാസ എന്നിവരാണ് ന്യൂസിലാന്‍ഡിനെ തകര്‍ത്തത്.
പാകിസ്ഥാന്‍ 17.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സമീര്‍ മിന്‍ഹാസിന്റെ (59 പന്തില്‍ പുറത്താവാതെ 76) ഇന്നിങ്‌സാണ് പാകിസ്ഥാനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ഹംസ സഹൂര്‍ (8), ഉസ്മാന്‍ ഖാന്‍ (15) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് പാകിസ്ഥാന് നഷ്ടമായത്. ഫര്‍ഹാന്‍ യൂസഫ് (11) മിന്‍ഹാസിനൊപ്പം പുറത്താവാതെ നിന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ കിവികളുടെ ഒരു മത്സരം മഴ കാരണം നടക്കാതിരിക്കുകയും മറ്റൊരു മത്സരത്തില്‍ പോയിന്റ് പങ്കിടേണ്ടതായും വന്നു. പിന്നാലെ ഇന്ത്യയോട് തോല്‍ക്കുകയും ചെയ്തതോടെ ഒരു പോയിന്റ് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡിന് ലഭിച്ചത്. ഇതോടെ സൂപ്പര്‍ സിക്സില്‍ ആദ്യ മത്സരം നിര്‍ണായകമാവുകയായിരുന്നു. ഇതും തോറ്റതോടെ പുറത്ത്. ഇനി ഇംഗ്ലണ്ടിനെതിരെ ഒരു മത്സരം ബാക്കിയുണ്ടെങ്കിലും, ജയിച്ചാല്‍ പോലും സെമിയില്‍ കടക്കാന്‍ ന്യൂസിലാന്‍ഡിന് സാധിക്കില്ല.
നേരത്തെ, 39 റണ്‍സ് നേടിയ ഹ്യൂഗോ ബൊഗ്യൂവാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോററായത്. മറ്റാര്‍ക്കും 20 റണ്‍സിനപ്പുറം പോലും നേടാന്‍ സാധിച്ചില്ല.
Content Highlights- New Zealand out of 19 world cup after losing to pakistan in super six