സിപിഐഎം നേതൃത്വവുമായി ചർച്ച നടത്തിയോ?; മാധ്യമങ്ങളുടെ ചോദ്യത്തിന് തരൂരിന്‍റെ മറുപടി ഇങ്ങനെ

കോൺഗ്രസ് നേതൃത്വവുമായി പ്രശ്നമുണ്ടോ എന്ന ചോദ്യത്തിന് സമയം വരുമ്പോൾ സംസാരിക്കാമെന്ന് ശശി തരൂർ

സിപിഐഎം നേതൃത്വവുമായി ചർച്ച നടത്തിയോ?; മാധ്യമങ്ങളുടെ ചോദ്യത്തിന് തരൂരിന്‍റെ മറുപടി ഇങ്ങനെ
dot image

തിരുവന്തപുരം: സിപിഐഎമ്മിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട് ദുബായിലെ വ്യവസായിയുമായി ചർച്ച നടന്നുവെന്ന വാർത്തകൾ തള്ളി കോൺഗ്രസ് എം പി ശശി തരൂർ. സിപിഐഎം നേതൃത്വവുമായി ചർച്ച നടത്തിയിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതെല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് ശശി തരൂർ പറഞ്ഞു.

ഇന്ന് ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന നയരൂപീകരണ യോഗത്തിൽ തരൂരിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ യോഗത്തിലേക്ക് എത്താത്തത് ക്ഷണം വൈകിയത് കൊണ്ടാണെന്നും തരൂർ പറഞ്ഞു. അവർ തന്നെ ക്ഷണിക്കുന്നത് ഇന്നലെയോ മിനിഞ്ഞാന്നോ ആയിരുന്നു. അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കൃത്യസമയത്ത് ഡൽഹിയിൽ എത്താൻ കഴിയാത്തത് കൊണ്ടാണ് ചർച്ചയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും തരൂർ പറഞ്ഞു. വിഷയത്തിൽ മറ്റ് പ്രശ്‌നങ്ങൾ കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വവുമായി പ്രശ്നമുണ്ടോ എന്ന ചോദ്യത്തിന് സമയം വരുമ്പോൾ സംസാരിക്കാമെന്നായിരുന്നു ശശി തരൂരിന്‍റെ മറുപടി. പറയാനുള്ള വിഷയങ്ങളെല്ലാം പാർട്ടി നേതൃത്വത്തോട് പറയും. അതിനുള്ള അവസരം വരുമെന്നും ശശി തരൂർ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂരിനെ സിപിഐഎമ്മിലേക്ക് എത്തിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇതിന് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വിദേശ വ്യവസായിയുടെ മധ്യസ്ഥതയിൽ ചർച്ച നടന്നുവെന്നുമായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ സിപിഐഎമ്മിലേക്ക് പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു ശശി തരൂർ മുമ്പ് പ്രതികരിച്ചത്. പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയെന്ന് വാര്‍ത്തകളില്‍ പറയുന്ന സമയത്ത് താന്‍ വിമാനത്തിലായിരുന്നുവെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് വേദിയിലെത്തിയ രാഹുല്‍ ഗാന്ധി ശശി തരൂരിനെ അവഗണിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കാത്തതും ചര്‍ച്ചയായിരുന്നു.

Content Highlights: Congress MP Shashi Tharoor denied rumours about him joining the CPIM

dot image
To advertise here,contact us
dot image