

സ്മാര്‍ട്ട്‌ഫോണുകളില്‍ നിര്‍മാതാക്കള്‍ പലതരം പരീക്ഷണങ്ങളാണ് നടത്തുന്നത്. ഫീച്ചറുകള്‍ മാറിവരുന്നതിന് അനുസരിച്ച് ആളുകള്‍ സ്വന്തം ഫോണിലും മാറ്റം വരുത്തുന്നതാണ് നിലവിലെ ട്രെന്‍ഡ്. അപ്പോള്‍ പഴയ ഫോണുകള്‍ എന്ത് ചെയ്യും? ഇവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവ ആണെങ്കില്‍ പോലും ഏതെങ്കിലും മൂലയില്‍ ചിലപ്പോള്‍ പൊടിപിടിച്ച് കിടക്കാനാണ് സാധ്യതയേറെ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചില സിമ്പിള്‍ സ്റ്റെപ്പ് കൊണ്ട് ഈ പഴയ സ്മാര്‍ട്ട്‌ഫോണുകളെ സിസിടിവി ക്യാമറയായി ഉപയോഗിക്കാം. ഇത് അത്ര സങ്കീര്‍ണമോ ബുദ്ധിമുട്ട് നിറഞ്ഞതോ ആയ കാര്യമല്ല. എങ്ങനെയാണ് ഫോണുകള്‍ സിസിടിവിയാക്കുക എന്ന് നോക്കാം.
ഈ ഹാക്കിനായി രണ്ട് മൊബൈല്‍ ഫോണുകളാണ് ആവശ്യം. ഇതിലൊന്ന് നിങ്ങള്‍ മാറ്റിവച്ച പഴയ ഫോണ്‍ തന്നെയാണ്. ദൈന്യദിന ആവശ്യങ്ങളില്‍ ഇടമില്ലാത്ത ഈ ഫോണാണ് ക്യാമറയാകുക. രണ്ടാമത്തേത് നിങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന ഫോണ്‍ ആണ്. ഇത് വ്യൂവര്‍ ഡിവൈസായും ഉപയോഗിക്കാം. ഈ ഫോണ്‍ എപ്പോഴും നിങ്ങളുടെ കൈവശം തന്നെ ഉള്ളതിനാല്‍ പഴയ ഫോണിന്റെ ക്യാമറയില്‍ നിന്നും തത്സമയ വീഡിയോ നിങ്ങള്‍ക്ക് കാണാനും സാധിക്കും.
നിങ്ങളുടെ മൊബൈലിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും (അത് ഗൂഗിള്‍ പ്ലേയോ, ആപ്പിള്‍ പ്ലേ സ്റ്റോറോ ആകാം) സുരക്ഷ ക്യാമറ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതാണ് ആദ്യ പടി. നല്ല റേറ്റിങ്ങും മികച്ച അഭിപ്രായമുള്ള ഡെവലപ്പറില്‍ നിന്നുള്ള ആപ്പ് ആകാന്‍ ശ്രദ്ധിക്കുക. മികച്ച സെക്യൂരിറ്റി ക്യാമറ ആപ്പുകളില്‍ ലൈവ് വീഡിയോ വ്യൂവിങ്, റെക്കോഡിങ് ഫ്രം എ ഡിസ്റ്റന്‍സ്, സേവിങ് വീഡിയോസ് ടു ദ ഫോണ്‍, മോഷന്‍ ഡിറ്റക്ഷന്‍, പെയറിങ് ബോത്ത് ഫോണ്‍ എന്നീ ഫീച്ചറുകള്‍ ഉണ്ടാകും.
രണ്ട് സ്മാര്‍ട്ട്‌ഫോണുകളിലും ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇവ ഓപ്പണാക്കി നിങ്ങളുടെ അക്കൗണ്ട് ലോഗ് ഇന്‍ ചെയ്യുക. രണ്ട് ഫോണിലും ഒരേ അക്കൗണ്ടില്‍ നിന്നാകണം ലോഗിന്‍ ചെയ്യാന്‍ എന്ന് മറക്കരുത്. തുടര്‍ന്ന് ആപ്പില്‍ പറഞ്ഞിരിക്കുന്ന പെയറിങ് രീതികള്‍ പിന്തുടരുക. പെയറിങ് രീതി ആപ്പിന് അനുസരിച്ച് വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഈ സജ്ജീകരണങ്ങള്‍ നടത്തുമ്പോള്‍ പഴയ ഫോണ്‍ ക്യാമറ ഡിവൈസായും പുത്തന്‍ ഫോണ്‍ വ്യൂവര്‍ ഡിവൈസായും സെറ്റ് ചെയ്യാന്‍ മറക്കരുത്. ഇതോടെ നിങ്ങളുടെ പഴയ ഫോണ്‍ സെക്യൂരിറ്റി ക്യാമറയായി പ്രവര്‍ത്തനം ആരംഭിക്കും.
നിങ്ങളുടെ പുതിയ ഫോണില്‍ ഇതിന്റെ ഫീഡ് കാണാനും സാധിക്കും. പ്രക്രിയ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം, രണ്ട് ഫോണുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. പിന്നാലെ മോഷന്‍ ഡിറ്റെക്ഷന്‍, നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സ് എന്നിവ നിങ്ങളുടെ ഇഷ്ടാനുസരണം സജ്ജീകരിക്കാം.
കൃത്യമായ ദൃശ്യങ്ങള്‍ ലഭിക്കുന്ന രീതിയില്‍ സുരക്ഷിതവും സ്ഥിരതയുമുള്ളിടത്താകണം ഫോണ്‍ സ്ഥാപിക്കേണ്ടത്. മാത്രമല്ല ശക്തമായ വൈ ഫൈ കണക്ഷനും ഉറപ്പാക്കണം.
Content Highlights: a simple hack to convert old smartphone to cctv camera