

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അമിതമായി ആശ്രയിക്കുന്നതിന്റെ പ്രശ്‌നങ്ങൾ എണ്ണിപ്പറയുകയാണ് ഒരു കൊച്ചുകുട്ടി. എഐയുടെ സഹായത്തോടെ വ്യാജവാർത്തകൾ അതിവേഗം നിർമിക്കപ്പെടുന്നെന്നും ഇത് വ്യാപകമായി പ്രചരിക്കുന്നു എന്നുമാണ് ഈ കുട്ടി പറയുന്നത്.
ന്യൂയോർക്കിൽ നിന്നുള്ള ഈ ബാലന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അമേരിക്കയിലെ പ്രശസ്ത കൊമേഡിയനും കണ്ടന്റ് ക്രിയേറ്റവുമായി ജൂലിയൻ ഷാപിറോ-ബാർനം നടത്തുന്ന റീസൈസ് തെറാപ്പി എന്ന വീഡിയോ സീരിസിലാണ് ഈ കുട്ടി എഐയെ കുറിച്ച് സംസാരിച്ചത്.
ന്യൂയോർക്കിലെ പാർക്കുകളിൽ കാണുന്ന കൊച്ചുകുട്ടികളോട് വിവിധ വിഷയങ്ങളെ കുറിച്ച് ചോദിക്കുകയും അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന പരിപാടിയാണ് റീസൈസ് തെറാപ്പി. ഇത്തവണ എഐയെ കുറിച്ചായിരുന്നു ജൂലിയൻ കുട്ടികളോട് ചോദിച്ചത്. ഇതിന് മറുപടിയായി മുതിർന്നവരുടെ കണ്ണ് തുറപ്പിക്കുന്ന കാര്യങ്ങളാണ് വൈറലായി ബാലൻ പറഞ്ഞത്.
'എഐയുടെ ഏറ്റവും വലിയ പ്രശ്‌നം വ്യാജവാർത്തകളാണ്. ഉദാഹരണത്തിന് നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ഓടകളിൽ നിന്നും തേളുകൾ പുറത്തുവരുന്നു എന്നൊരു വാർത്ത ഒരാൾക്ക് അടിച്ചിറക്കണമെന്ന് ഇരിക്കട്ടെ. അത് അതിവേഗം സാധിക്കും. അതിനുപറ്റിയ ചിത്രങ്ങൾ എഐ വഴി ഉണ്ടാക്കാം. അതൊരു പത്രവാർത്തയായി വന്ന പോലെയുള്ള ചിത്രങ്ങളും ലഭിക്കും.
ഈ ചിത്രം കണ്ട് അത് സത്യമാണെന്ന് വിചാരിച്ച് താമസസ്ഥലം വിട്ടുപോകാൻ നിങ്ങൾ തീരുമാനിച്ചാൽ എന്താകും അവസ്ഥ. അതുകൊണ്ട് കാണുന്ന ചിത്രങ്ങളും വീഡിയോകളും വ്യാജമാണോ അല്ലയോ എന്ന് നമ്മൾ ചിന്തിക്കണം,' കുട്ടി പറയുന്നു.
ചെറിയ കാര്യങ്ങൾക്ക് പോലും എഐ ആശ്രയിക്കുന്നത് മനുഷ്യരുടെ ബുദ്ധിശക്തിയെയും ചിന്തിക്കാനുള്ള കഴിവിനെയും ഇല്ലാതാക്കുമെന്നും ഈ കുട്ടി അഭിപ്രായപ്പെടുന്നുണ്ട്. '1+1 എത്രയാണെന്ന് എഐയോട് ചോദിക്കാൻ തുടങ്ങിയാൽ പിന്നെ എല്ലാം കൈവിട്ടുപോകും. എന്തിനും ഏതിനും എഐയെ ആശ്രയിക്കാൻ തുടങ്ങിയാൽ പിന്നെ നമ്മൾ ഒന്നിനും കൊള്ളാത്തവരായി മാറും. സ്വയം ഒരു കാര്യം പോലും പരിഹരിക്കാൻ കഴിയാതെ വരും. സ്വന്തം കാര്യങ്ങളിൽ ചിന്തിച്ച് തീരുമാനമെടുക്കാനെങ്കിലും ഒരാൾക്ക് കഴിയണം,' എന്നാണ് ഈ കുട്ടി പറയുന്നത്.
എഐ അതിവേഗം വളരുന്നതിനെ കുറിച്ചുള്ള ഏറ്റവും കൃത്യമായ കാഴ്ചപ്പാടാണ് ഈ കുട്ടി പങ്കുവെക്കുന്നത് എന്നാണ് പലരും കമന്റുകളിൽ പറയുന്നത്. വളർന്ന് വരുന്ന തലമുറയ്ക്ക് എഐയെ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിൽ മുതിർന്നവരേക്കാൾ ധാരണയുണ്ടന്നും കമന്റുകളിൽ പലരും പറയുന്നുണ്ട്.
Content Highlights: Viral video of a boy talking abotu dangers of Ai