

ബോളിവുഡ് നടിയായ വിദ്യ മല്‍വാഡെയാണ് ഇപ്പോൾ തന്റെ ശരീര സൗന്ദര്യത്തിന്റെയും ദിനചര്യകളുടെയും വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. മലിനമായ തന്റെ ഉള്ളിലെ നെഗറ്റീവ് എനര്‍ജിയെ പുറന്തള്ളാനും മനസ് ശുദ്ധീകരിക്കാനും താന്‍ പാലിക്കുന്ന ചില വിദ്യകള്‍ പങ്കുവെയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ ഏറെ കാഴ്ചക്കാരെ നേടിയെങ്കിലും വിമര്‍ശനങ്ങളും നടിക്കെതിരെ ഉയരുന്നുണ്ട്.
വിദ്യ പുറത്ത് വിട്ട വീഡിയോയില്‍ പത്ത് വര്‍ഷമായി താന്‍ സോപ്പ് ഉപയോഗിക്കാറില്ലെന്നും പകരം പലപ്പോഴും ഉപ്പാണ് കുളിക്കാന്‍ ഉപയോഗിക്കുന്നതെന്നും നടി വെളിപ്പെടുത്തുന്നു. ' ഞാന്‍ എന്റെ കുളിമുറിയില്‍ ഉപ്പ് കരുതി വെക്കാറുണ്ട്. ഇതില്‍ നിന്ന് ഒരു സ്പൂണ്‍ ഉപ്പ് എടുത്ത് രണ്ട് തുള്ളി വെള്ളം ചേര്‍ത്ത് കുളിക്കുന്നതിനിടയില്‍ നനഞ്ഞ ശരീരത്തിലേക്ക് തേക്കാറുണ്ട്. മുറിവുകളില്‍ ഇവ തൊടാതെയിരിക്കാന്‍ ശ്രദ്ധിക്കുക.
കുളിക്കുന്നതിനിടയില്‍ 30 സെക്കന്‍ഡ് ഷവര്‍ ഓഫ് ചെയ്ത ശേഷം മനഃപൂര്‍വ്വമോ അല്ലാതെയോ നിങ്ങളുടെ നേരെ വരുന്ന നെഗറ്റീവ് എനര്‍ജികള്‍ നീക്കം ചെയ്തതിന് നന്ദി പറയുക. അത് മനസില്‍ ധ്യാനിക്കുക. ശേഷം വീണ്ടും ഷവര്‍ ഓണ്‍ ചെയ്യുക. ഉപ്പിനും അഴുക്കിനുമൊപ്പം നെഗറ്റീവ് എനര്‍ജിയും നമ്മുടെ ശരീരത്തില്‍ പോകുന്നതായി ഈ സമയം ചിന്തിക്കുക. ഇത് നിങ്ങള്‍ക്ക് ദേഷ്യം, വേദന, വിഷമങ്ങള്‍, ഉത്കണ്ഠ എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കും.' വിദ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
പത്ത് ദിവസം അടുപ്പിച്ച് ഉപ്പ് ഉപയോഗിച്ച് ഇതുപോലെ കുളിച്ച ശേഷം പിന്നീട് റോസ് വാട്ടറോ, കടലമാവോ, മഞ്ഞളോ ഉപയോഗിക്കാമെന്നും വിദ്യ പറയുന്നു. സോപ്പുകളിൽ പലതും നല്ലതാണെങ്കിലും താന്‍ അത് പത്ത് വര്‍ഷമായി ഉപയോഗിക്കുന്നില്ലായെന്നും മുകളില്‍ പറഞ്ഞവയാണ് തന്റെ ശീലമെന്നും വിദ്യ പറഞ്ഞു വെക്കുന്നു.
പ്രേക്ഷകരുടെ പ്രതികരണം
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്ത് തരം ഉപ്പാണ് ഇതിനായി ഉപയോഗിക്കേണ്ടതെന്ന് ചിലര്‍ കമന്റുകളില്‍ ചോദിക്കുന്നു. അതേ സമയം, ഇത്തരത്തിലുള്ള കപടശാസ്ത്രവും അന്ധവിശ്വാസവും പ്രചരിപ്പിക്കരുതെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
'ദയവായി അടിസ്ഥാനമില്ലാതെ വാദിക്കരുത്. സോപ്പിന് പകരം ഉപ്പ് പേസ്റ്റ് മാത്രം ഉപയോഗിക്കാന്‍ കഴിയില്ല. മിതമായ അളവില്‍ ഉപയോഗിക്കുമ്പോള്‍ ഉപ്പ് സ്‌ക്രബുകള്‍ നല്ലതാണ്, എന്നിരുന്നാലും അത് സോപ്പിന്റെ പ്രവര്‍ത്തനത്തെ മാറ്റിസ്ഥാപിക്കുന്നില്ല. ചര്‍മ്മത്തില്‍ നിന്ന് എണ്ണ/ഗ്രീസ്, അഴുക്ക്, ബാക്ടീരിയ എന്നിവ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സോപ്പ് ആവശ്യമാണ്. സോപ്പ് ഉപയോഗിക്കാതിരിക്കുന്നത് അണുബാധകള്‍, തിണര്‍പ്പ്, ശുചിത്വമില്ലായ്മ എന്നിവയ്ക്ക് കാരണമാകും. നിരവധി ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള ഒരാളെന്ന നിലയില്‍, നിങ്ങള്‍ പുറത്തുവിടുന്ന കാര്യങ്ങളെക്കുറിച്ചും നിങ്ങള്‍ നല്‍കുന്ന ഉപദേശങ്ങളെക്കുറിച്ചും ദയവായി ശ്രദ്ധാലുവായിരിക്കുക ' മറ്റൊരാള്‍ കമന്റ് ചെയ്തു.
Content Highlights- Actress reveals she hasn't bathed with soap for 10 years, uses salt instead