
കോൺടെന്റ് ക്രിയേറ്റർമാരെ ഞെട്ടിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം യൂട്യൂബ് അവരുടെ പുതിയ മോണിറ്റൈസേഷൻ പോളിസി പുതുക്കിയത്. ഒറിജിനൽ കോൺടെന്റിന് പ്രാധാന്യം നൽകുമെന്നും പണിയെടുക്കാതെ ചുമ്മാ തട്ടിക്കൂട്ടുന്ന വീഡിയോകൾക്ക് ഇനിമുതൽ കാശ് തരില്ലെന്നും യൂട്യൂബ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കും കോൺടെന്റ് ക്രിയേഷനിലും മോണിറ്റൈസേഷനിലും പുതിയ റൂളുകളുമായി എത്തിയിരിക്കുകയാണ്. ഇത് കാരണം ഒറ്റയടിക്ക് പണികിട്ടിയത് നിരവധി പേർക്കാണ്. എന്തൊക്കെയാണ് ഫേസ്ബുക്കിന്റെ പുതിയ പോളിസികൾ എന്നല്ലെ പറയാം.
ഫേസ്ബുക്കിൽ പോസ്റ്റിടുന്നവർ നേരിടുന്ന പ്രധാനവെല്ലുവിളിയായിരുന്നു നിങ്ങളെ പോസ്റ്റുകളും വീഡിയോകളും ഇമേജുകളുമൊക്കെ മറ്റുള്ളവർ എടുത്തോണ്ട് പോവുന്നത്, കോൺടെന്റ് ചെയ്യുന്ന വ്യക്തികൾക്ക് മോണിറ്റൈസേഷൻ പോളിസി ഫേസ്ബുക്കും മെറ്റയും ആരംഭിച്ചതോടെ ഈ 'മോഷണം' കൂടുകയും ചെയ്തു. എന്നാൽ ഇത്തരക്കാർക്ക് ഇനി 8 ന്റെ പണി തന്നെ കിട്ടും. യഥാർത്ഥ ക്രിയേറ്റർക്ക് കൃത്യമായ ക്രെഡിറ്റ് കൊടുക്കാതെ കോപ്പി ചെയ്ത പോസ്റ്റോ വീഡിയോയോ, ഫോട്ടോയോ എടുത്ത് സ്വന്തം അക്കൗണ്ടിൽ ഇട്ടാൽ കർശന നടപടികളായിരിക്കും അക്കൗണ്ടിന് നേരിടേണ്ടി വരിക. ആദ്യഘട്ടത്തിൽ റീച്ച് കുറയ്ക്കുകയും മോണിറ്റൈസേഷൻ ഡിസേബിൾ ചെയ്യുകയും ചെയ്യും എന്തിന് അക്കൗണ്ട് തന്നെ ചിലപ്പം തൂക്കിയെന്നും വരാം.
ഫേസ്ബുക്കിന്‍റെ പുതിയ നയം യൂട്യൂബിന്റെ സമീപകാല നയങ്ങളുമായി ഏറെ സാമ്യമുള്ളതാണ്. യൂട്യൂബും സ്വന്തമായി നിർമ്മിച്ച ഉള്ളടക്കങ്ങൾക്ക് മാത്രമാണ് ഇപ്പോൾ പ്രോത്സാഹനം നൽകുന്നത്. വ്യാജ പ്രൊഫൈലുകൾ, കോപ്പി ചെയ്ത ഉള്ളടക്കങ്ങൾ, വ്യാജമായ ഇടപെടലുകൾ എന്നിവ വർദ്ധിക്കുന്നത് ഫേസ്ബുക്ക് പ്ലാറ്റ്ഫോമിന്റെ നിലവാരത്തെ ബാധിക്കുന്നു എന്ന തിരിച്ചറിവാണ് ഈ മാറ്റങ്ങൾക്ക് പിന്നിൽ. 'അൺഒർജിനൽ കോൺടെന്റ്' എന്നാണ് ഇത്തരം കോൺടെന്റുകളെ കുറിച്ച് പറയുന്നത്.
ആദ്യഘട്ടത്തിൽ തന്നെ കോപ്പി പേസ്റ്റ് കോൺടെന്റുകൾ നിരന്തരം പങ്കുവെച്ച അഞ്ച് ലക്ഷത്തിലധികം അക്കൗണ്ടുകൾക്കെതിരെ മെറ്റ നടപടിയെടുത്തിട്ടുണ്ട്, 10 മില്ല്യൺ ഫേക്ക് അക്കൗണ്ടുകളും ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തു, ഇത് യഥാർത്ഥ ക്രിയേറ്റേഴ്‌സിന് കൂടുതൽ റീച്ച് നൽകാൻ സഹായിക്കും.
ഇനി എന്താണ് അൺഒറിജിനൽ കോൺടെന്റ് എന്ന് നോക്കാം, ഒരാളുടെ അനുവാദമില്ലാതെ, അവരുടെ ഉള്ളടക്കം ആവർത്തിച്ച് പങ്കുവെക്കുക, കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ ഉപയോഗിക്കുക എന്നിവയെല്ലാം 'അൺഒറിജിനൽ' ഉള്ളടക്കത്തിന്റെ പരിധിയിൽ വരും. ഒരു വീഡിയോയിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയോ, സ്വന്തമായി ഒരു വാട്ടർമാർക്ക് ചേർക്കുകയോ ചെയ്യുന്നത് 'കാര്യമായ മാറ്റങ്ങളായി' കണക്കാക്കില്ലെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.
ഇനി ഫേസ്ബുക്കിൽ ഒർജിനൽ കോൺടെന്റ് എങ്ങനെ ഉറപ്പുവരുത്താമെന്നും ഇതുകൊണ്ടുള്ള ഗുണം എന്താണെന്നും നോക്കാം. നിങ്ങൾ സ്വന്തമായി ഉണ്ടാക്കിയ കോൺടെന്റുകൾക്ക് ഇനി മുതൽ കൂടുതൽ റീച്ച് ഫേസ്ബുക്ക് നൽകും. ഇനി എതെങ്കിലും കാരണവശാൽ മറ്റുള്ളവരുടെ ഉള്ളടക്കം ഉപയോഗിക്കുകയാണെങ്കിൽ, അതിൽ നിങ്ങളുടെ സ്വന്തമായ എന്തെങ്കിലും ചേർക്കണം. ഉദാഹരണത്തിന്, ഒരു വീഡിയോയ്ക്ക് നിങ്ങളുടെ സ്വന്തം ശബ്ദം നൽകുകയോ, ക്രിയാത്മകമായ എഡിറ്റിംഗ് നടത്തുകയോ ചെയ്യാം. മറ്റൊന്ന് ആരുടെ ഉള്ളടക്കമാണോ എടുത്തത് അയാൾക്ക് കൃത്യമായ ക്രെഡിറ്റ് നൽകുകയും ചെയ്യണം.
മറ്റൊന്ന് മറ്റ് പ്ലാറ്റ് ഫോമുകളിൽ നിന്നുള്ള വാട്ടർമാർക്കുകളുള്ള ഉള്ളടക്കങ്ങൾ ഫേസ്ബുക്കിൽ പങ്കുവെക്കുന്നത് ഒഴിവാക്കണം നല്ല തലകെട്ടുകളും നല്ല ഹാഷ്ടാഗുകളും ഉപയോഗിക്കും ഹാഷ്ടാഗുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ടതും കൃത്യവുമായ തലക്കെട്ടുകളും ഹാഷ്ടാഗുകളും വേണം ഉപയോഗിക്കാൻ.
പുതിയ നിയമങ്ങൾ കോൺടെന്റ് ക്രിയേറ്റേഴ്‌സിന് വെല്ലുവിളിയാണെങ്കിലും, ഇത് യഥാർത്ഥത്തിൽ സ്വന്തമായി കോൺടെന്റ് നിർമ്മിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം കൂടിയാണ്. നിങ്ങളുടെ അക്കൗണ്ടിന്റെ റീച്ചും, വരുമാനവും നിലനിർത്താൻ പുതിയ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.
Content Highlights: What are Facebook's new content policies?