ഇയര്‍ബഡില്‍ പാട്ട് ആസ്വദിച്ച് ജോലി ചെയ്ത് ശീലിച്ച് പോയോ? പ്രശ്‌നം ഗുരുതരമാണേ! ചെവിയും തലച്ചോറും പണിമുടക്കും

ഏത് ജോലിചെയ്യുമ്പോഴും ശ്രദ്ധ ലഭിക്കാന്‍ പാട്ട് കേള്‍ക്കേണ്ട സ്ഥിതി വന്നാല്‍ എന്ത് ചെയ്യും?

dot image

ഓഫീസിലേക്ക് കയറിയ സമയം തന്നെ ഇയര്‍ഫോണും ചെവിയില്‍ തിരുകി പാട്ടാസ്വദിച്ച് ജോലി ചെയ്യാന്‍ ആരംഭിക്കുന്നവരില്‍ നിങ്ങളുമുണ്ടെങ്കില്‍ സൂക്ഷിക്കുക. സ്വന്തം ചെവിയെയും തലച്ചോറിനെയും ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. ഹെഡ്‌ഫോണ്‍സ്, ഇയര്‍പ്ലഗ്‌സ്, പോഡ്‌സ്, എന്തുപേരിലാണോ നിങ്ങള്‍ ആ ഉപകരണത്തെ വിളിക്കുന്നതെങ്കിലും ജോലിയുമായി ബന്ധപ്പെട്ട് പലര്‍ക്കും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി അത് മാറിക്കഴിഞ്ഞു. എട്ടു മണിക്കൂറോളം നിരന്തരം ഹെഡ്‌ഫോണ്‍സ് ഉപയോഗിച്ച് ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ട യുവതിയുടെ വിവരങ്ങള്‍ കുറച്ച് നാള്‍ മുമ്പാണ് പുറത്ത് വന്നത്. ഇയര്‍ഫോണില്‍ പാട്ടും കേട്ട് ജോലി ചെയ്യാനൊരു സുഖമാണ്. അത് പ്രൊഡക്ടിവിറ്റി കൂട്ടുകയും ചെയ്യും.

സംഗീതം മനുഷ്യനെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ചുറ്റുപാടുമുള്ള ശബ്ദകോലാഹങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ നല്ല മാര്‍ഗമാണ്. ബ്രൗണ്‍ നോയിസാണ് കേള്‍ക്കാന്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ ചിലപ്പോള്‍ കൂടുതല്‍ നന്നായിരിക്കും. പക്ഷേ നമ്മുടെ തലച്ചോറിന് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സിഗ്നലായി ഈ സംഗീതം മാറിപോയാല്‍ അതത്ര നല്ലതല്ല. ഏത് ജോലി ചെയ്യുമ്പോഴും ശ്രദ്ധ ലഭിക്കാന്‍ പാട്ട് കേള്‍ക്കേണ്ട സ്ഥിതി വന്നാല്‍ എന്ത് ചെയ്യും? മനസിന് പിന്നെ എപ്പോഴും ഒരു സിഗ്നല്‍ കൊടുക്കേണ്ടി വരും ബ്രെയിനെ പ്രവര്‍ത്തിപ്പിക്കാന്‍. നിശബ്ദത എന്നത് വിചിത്രമായി തോന്നും. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ പാടുപെടുന്ന അവസ്ഥയുണ്ടാകുമെന്നാണ് ന്യൂറോളജിസ്റ്റുകള്‍ പറയുന്നത്. തലച്ചോറിന് സ്വയം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരം നല്‍കാന്‍ മറന്നു പോകരുതെന്ന് സാരം.

ഇനി എയര്‍പോഡുകളിലേക്ക് പോയാല്‍, ചെവിയില്‍ കൃത്യമായി ഫിറ്റാകാത്ത എയര്‍പോഡാണെങ്കില്‍ അവിടെ മുതല്‍ തുടങ്ങും പ്രശ്‌നം. ഇത് ചെവിയില്‍ ചെറിയ മുറിവുകള്‍ക്ക് വരെ കാരണമാകാം. ഇയര്‍ ബഡുകള്‍ ഉപയോഗിക്കുമ്പോള്‍ ചെവിക്കായത്തെ അകത്തേക്ക് തള്ളിവിടുക മാത്രമല്ല ഇത് ഇയര്‍കനാലിന്റെ പുറത്തെ പാളിയിലുള്ള ചെവിക്കായത്തെ തോണ്ടിവെളിയിലെത്തിക്കുകയും ചെയ്യും. ഇത് ചെവിയില്‍ ഡ്രൈനസ് ഉണ്ടാക്കും മാത്രമല്ല അണുബാധയ്ക്കും കേള്‍വി ശക്തി നഷ്ടമാകാനും സാധ്യതയുണ്ടാക്കുകയും ചെയ്യും. അമിതമായി എയർപോഡുകള്‍ ഉപയോഗിച്ച് പാട്ടുള്‍പ്പെടെ അമിതശബ്ദങ്ങള്‍ കേട്ടാല്‍ ചെവി വലിയ ശബ്ദങ്ങളോട് സെന്‍സിറ്റീവ് ആവുകയും ചെയ്യും. സര്‍വസമയവും ഇയര്‍ബഡ്‌സിലൂടെയുള്ള ശബ്ദം കേട്ട്‌ കേട്ട് ചെവിക്ക് സാധാരണ ശബ്ദം പ്രോസസ് ചെയ്യാന്‍ കഴിയാതെ വരും. അതോടെ സാധാരണ ശബ്ദങ്ങളെ സഹിക്കാന്‍ പറ്റാത്തൊരു രീതിയിലേക്ക് മാറിപോകാനും ഇടയാകും.അതിനാല്‍ ശബ്ദം കുറച്ച് ഇടവേളകള്‍ എടുത്ത്, വൃത്തിയുള്ള ഇയര്‍ബഡുകള്‍ മാത്രം ഉപയോഗിക്കുക. നിശബ്ദതയിലും ജീവിക്കാന്‍ ശീലിക്കുക.

(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശം തേടുക)

Content Highlights: If you are used to hear music with air pods it's harmful for your ears and brain

dot image
To advertise here,contact us
dot image