

ലോകമെങ്ങുമുള്ള കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ തകൃതിയായി നടക്കുകയാണ്. എഐ വന്നതോടെയും, കൊവിഡിന് ശേഷമുള്ള പ്രത്യേക സാമ്പത്തികാവസ്ഥയിലും പിടിച്ചുനിൽക്കാൻ പറ്റാതായതോടെയാണ് പല കമ്പനികളും ഇത്തരത്തിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത്. ചില കമ്പനികൾ പൊടുന്നനെയാണ് ഇവ പ്രഖ്യാപിക്കാറുള്ളത് എങ്കിലും ചിലർ മുൻകൂറായി അറിയിച്ച ശേഷവും, ആനുകൂല്യങ്ങൾ നൽകിയ ശേഷവും മാത്രമേ പിരിച്ചുവിടുകയുള്ളൂ. എന്നാൽ ഇപ്പോൾ ആമസോണും ഇത്തരത്തിൽ ഒരു പിരിച്ചുവിടൽ നടത്താൻ പോകുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
നൂറോ, ആയിരമോ അല്ല, 30,000 പേരെയാണ് ഒറ്റയടിക്ക് ആമസോൺ പിരിച്ചുവിടുന്നത്. ആമസോണിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം വെച്ച് നോക്കുകയാണെങ്കിൽ ഇത് ചെറിയ സംഖ്യയാണ്. എന്നാൽ ആകെ വരുന്ന 3,50,000 കോർപ്പറേറ്റ് ജീവനക്കാരുടെ 10% വരുമിത്. അതിനാൽത്തന്നെ ജീവനക്കാർ ഇപ്പോൾത്തന്നെ ആശങ്കയിലാണ്.
2022ന് ശേഷം ഉണ്ടാകുന്ന ആമസോണിൽ ഉണ്ടാകുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. മഹാമാരിക്കാലത്ത് 27,000 പേരെയാണ് ആമസോൺ പിരിച്ചുവിട്ടത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഡിവൈസസ്, കമ്മ്യൂണിക്കേഷൻസ്, പോഡ്കാസ്റ്റിംഗ് തുടങ്ങിയ പല വിഭാഗങ്ങളിലും ആമസോൺ പിരിച്ചുവിടൽ നടത്തുന്നുണ്ട്. പുതിയ നീക്കം എച്ച് ആർ, ഓപ്പറേഷൻസ്, ഡിവൈസസ് ആൻഡ് സർവീസസ്, ആമസോൺ വെബ് സർവീസസ് വിഭാഗങ്ങളെയാണ് ബാധിക്കുക.
മാനേജർമാരുടെ എണ്ണം കുറയ്ക്കുക, നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുക എന്നിവ ലക്ഷ്യം വെച്ചാണ് പിരിച്ചുവിടൽ എന്നാണ് ആമസോൺ സിഇഒ ആൻഡി ജാസി പറയുന്നത്. ജീവനക്കാരിൽ കാര്യക്ഷമത കുറവുള്ളവരെ കണ്ടെത്താനായി ആൻഡി ജാസി ഒരു പരാതി സംവിധാനം രൂപീകരിച്ചിരുന്നു. വലിയ പ്രതികരണമാണ് ഇവയ്ക്ക് ലഭിച്ചത്. ഇതിന് പിന്നാലെ കൂടിയാണ് പിരിച്ചുവിടൽ എന്നതാണ് ശ്രദ്ധേയം.
എഐയിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കൂടിയാണ് ഈ നീക്കം എന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ എഐ മൂലം പലർക്കും ജോലി നഷ്ടപ്പെട്ടേക്കും എന്ന് ആൻഡി ജാസി സൂചന നൽകിയിരുന്നു. എഐയിൽ നിക്ഷേപം നടത്താനും എഐ കേന്ദ്രീകൃത തൊഴിൽ സാഹചര്യങ്ങളിലേക്ക് കടക്കാനും ആമസോൺ ശ്രമിക്കുന്ന സമയം കൂടിയാണിത്.
പിരിച്ചുവിടലിന്റെ പൂർണ വ്യാപ്തി എത്രയും എന്ന് ഇനിയും നിശ്ചയിക്കാനായിട്ടില്ല. ആമസോണിന്റെ സാമ്പത്തിക മുൻഗണനകൾ മാറുന്നതനുസരിച്ച് എണ്ണവും മാറിയേക്കാം എന്നാണ് റിപ്പോർട്ടുകൾ. വർക്ക് ഫ്രം ഹോം വെട്ടിക്കുറച്ച്, ജീവനക്കാരോട് അഞ്ച് ദിവസവും ഓഫീസിൽ ഹാജരാകാൻ ആമസോൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില ജീവനക്കാർ ഇപ്പോഴും ഓഫീസിൽ എത്തുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടും കൂടിയാണ് ആമസോൺ കടുത്ത നടപടികളിലേക്ക് കടക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: amazon prepared for mass layoffs ranging to 30000 employees