
പുതിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് യുട്യൂബ്. ഉപയോക്താക്കള്‍ക്കായി ട്രെന്‍ഡിങ് പേജുകള്‍ കാണിക്കുന്നത് ഈ മാസം മുതല്‍ അവസാനിപ്പിക്കും എന്നുള്ളതാണ് അതില്‍ ഏറ്റവും പ്രധാനം. ഈ മാസം തുടക്കത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുട്യൂബ് പങ്കുവച്ചിരുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ട്രെന്‍ഡിങ്ങിന് പുറമേ, ട്രെന്‍ഡിങ് നൗ എന്നുള്ളതും അപ്രത്യക്ഷമാകും. പകരം ഉപയോക്താക്കളുടെ രീതിക്കനുസരിച്ചുള്ള പുതിയ ഉപയോഗ രീതികളും പുതിയ ട്രെന്‍ഡുകളുമായി ബന്ധമുള്ള പുതിയ കാറ്റഗറികളും പ്രത്യേക പട്ടികകളും സെക്ഷനുകളും അവതരിപ്പിക്കാനാണ് നീക്കം. പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഉപയോക്താക്കള്‍ക്കായി ട്രെന്‍ഡിങ് സെക്ഷന്‍ യുട്യൂബ് അവതരിപ്പിക്കുന്നത്.
ട്രെന്‍ഡിങ് സെക്ഷനിലുള്ള ഉപയോക്താക്കളുടെ വിസിറ്റ് കുറഞ്ഞതായി യുട്യൂബ് നിരീക്ഷിച്ചിരുന്നു. ടാബ് നീക്കം ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍ ഇക്കാരണവും ഉണ്ട്.
പകരം എന്ത്?
ട്രെന്‍ഡിങ് പേജ് ഒഴിവാക്കുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്കായി മറ്റെന്താണ് യുട്യൂബ് അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് ടെക് ലോകം. ട്രെന്‍ഡിങ് മ്യൂസിക് വീഡിയോസ്, വീക്ക്‌ലി ടോപ്പ്, പോഡ്കാസ്റ്റ് ഷോസ്, ട്രെന്‍ഡിങ് മൂവി ട്രെയ്‌ലര്‍ തുടങ്ങിയ കാറ്റഗറികള്‍ പുതുതായി ചേര്‍ക്കുമെന്നാണ് വിവരം.
സമീപഭാവിയില്‍ കൂടുതല്‍ കാറ്റഗറികള്‍ യുട്യൂബ് അവതരിപ്പിക്കും. പോഡ്കാസ്റ്റിനുവേണ്ടിയുള്ള ഉയര്‍ന്ന ഡിമാന്‍ഡും,കാഴ്ചക്കാരിലുണ്ടായ വര്‍ധനവുമാണ് പുതിയ മാറ്റം വരുത്താന്‍ യുട്യൂബിനെ പ്രേരിപ്പിച്ചത്. നിലവില്‍ കാഴ്ചക്കാരുടെ എണ്ണം കോടികളാണ്. അത് വളര്‍ന്നുകൊണ്ടിരിക്കുകയുമാണ്.
തന്നെയുമല്ല ട്രെന്‍ഡിങ് കണ്ടന്റിനായി ഒരു പ്രത്യേക ടാബോ, സെക്ഷനോ ആവശ്യമില്ലെന്ന് യുട്യൂബ് തിരിച്ചറിഞ്ഞതും മാറ്റത്തിന് കാരണമായിട്ടുണ്ട്. സെര്‍ച്ച് ടാബില്‍ പോയാല്‍ തന്നെ ട്രെന്‍ഡിങ് വീഡിയോ മനസ്സിലാക്കാനാകുമെന്നും യുട്യൂബ് പറയുന്നു. ഷോര്‍ട്‌സ് കണ്ടന്റുകള്‍ക്കുള്ള ജനപ്രിയത കണക്കിലെടുത്ത് ഇത്തരം കണ്ടന്റുകള്‍ അവതരിപ്പിക്കുന്നതിനുള്ള വൈവിധ്യമാര്‍ന്ന കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനും യുട്യൂബ് തീരുമാനമെടുത്തിട്ടുണ്ട്.
കണ്ടന്റ് ക്രിയേറ്റര്‍മാരിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും യുട്യൂബ് തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്കായി ഒരു ഇന്‍സ്പിരേഷന്‍ ടാബും യുട്യൂബ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതുവഴി പുതിയ ആശയങ്ങളും ട്രെന്‍ഡിങ് വീഡിയോകളും ലഭ്യമാക്കും.
Content Highlights: -YouTube Says Goodbye To The Trending Page For All Users This Month: What Happens Now?