

ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിൻ്റെ ഉപഭോക്തൃ ഡാറ്റകൾ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത, ഇന്‍ഷുറന്‍സ് വിശദാംശങ്ങള്‍ ചോർത്തപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചോര്‍ത്തിയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നതായും റിപ്പോർട്ടുണ്ട്. 31 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമായി ബന്ധപ്പെട്ട 7.24TB ഡാറ്റ ആക്സസ് ചെയ്തതായാണ് ഹാക്കാർമാരായ xenZen അവകാശപ്പെടുന്നത്. ഡാറ്റകൾ 150,000 ഡോളറിന് വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്തതായും ഒരുലക്ഷം പേരുടെ ഉപഭോക്തൃ റെക്കോര്‍ഡുകള്‍ അടങ്ങുന്ന ചെറിയ ഡാറ്റാ സെറ്റുകള്‍ ഒരോന്നിനും 10,000 ഡോളര്‍ വിലയിട്ടതായും ഇവർ അവകാശപ്പെടുന്നതായാണ് റിപ്പോർട്ട്. ഈ നിയമലംഘനം രാജ്യത്തെ ഡാറ്റ സംരക്ഷണത്തിലും സുരക്ഷയിലും കാര്യമായ ആശങ്കകള്‍ സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്റ്റാര്‍ ഹെല്‍ത്തില്‍ നിന്ന് മോഷ്ടിച്ച ഡാറ്റയില്‍ ഉപഭോക്താക്കളുടെ പേരുകള്‍, പാന്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ജനനത്തീയതി, റസിഡന്‍ഷ്യല്‍ വിലാസങ്ങള്‍, പോളിസി നമ്പറുകള്‍, നിലവിലുള്ള അവസ്ഥകളുടെ വിശദാംശങ്ങള്‍, ഹെല്‍ത്ത് കാര്‍ഡ് നമ്പറുകള്‍, രഹസ്യാത്മക മെഡിക്കല്‍ രേഖകള്‍ തുടങ്ങി അതീവ പ്രധാനമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നുവെന്നാണ് ഹാക്കർമാർ അവകാശപ്പെടുന്നത്. സ്റ്റാര്‍ ഹെല്‍ത്ത് ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ (സിഐഎസ്ഒ) അമര്‍ജീത് ഖനൂജ ഡാറ്റ ചോര്‍ത്തുന്നതില്‍ പങ്കാളിയായെന്നും ഹാക്കർമാർ ആരോപിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശമ്പളവും പാന്‍ കാര്‍ഡ് വിശദാംശങ്ങളും ഉള്‍പ്പെടെ ഏകദേശം 31 ദശലക്ഷം ഇന്ത്യന്‍ ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങളാണ് മോഷ്ടിച്ചതെന്നാണ് ഹാക്കർമാരുടെ അവകാശവാദം.
അതേസമയം, സ്റ്റാര്‍ ഹെല്‍ത്ത് ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. നിമയ ലംഘനത്തിലോ ഉപഭോക്തൃ ഡാറ്റ വില്‍പ്പനയിലോ പങ്കാളിത്തം ഇല്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. 'ലക്ഷ്യമുള്ള ക്ഷുദ്ര ആക്രമണം' എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ''ഞങ്ങളുടെ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങളെ ബാധിക്കില്ലെന്നും വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സൈബര്‍ സുരക്ഷാ ടീമിൻ്റെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്, ഉപഭോക്തൃ ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ബന്ധപ്പെട്ട് അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുന്നു,'' എന്നാണ് സ്റ്റാര്‍ ഹെല്‍ത്ത് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
Content Highlights: Star Health Insurance confirms data breach that may have affected 31 million customers