

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാർ രജിസ്‌ട്രേഷൻ നമ്പർ എന്ന വിശേഷണം സ്വന്തമാക്കിയിരിക്കുകയാണ് HR88B8888. ഹരിയാനയിൽ കഴിഞ്ഞ ദിവസം ഈ കാർ നമ്പർ വിറ്റുപോയത് 1.17 കോടി രൂപയ്ക്കാണ്. ആഴ്ചതോറും VIP അല്ലെങ്കിൽ ഫാൻസി നമ്പറുകൾ ഹരിയാന ഗതാഗത വകുപ്പ് ഓൺലൈൻ ലേലത്തിന് വയ്ക്കാറുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനും തിങ്കളാഴ്ച രാവിലെ 9നും ഇടയിൽ ഇഷ്ടമുള്ള നമ്പറുകള്‍ക്കായി ലേലം വിളിക്കുന്നവർക്ക് അപേക്ഷിക്കാം. പിന്നാലെ ലേലം വിളി തുടങ്ങും. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഫലം പ്രഖ്യാപിക്കും. fancy.parivahan.gov.in എന്ന പോർട്ടലിലാണ് ഓൺലൈനായി ലേലം നടക്കുക.
ഇത്തവണ മേൽപ്പറഞ്ഞ നമ്പറിന് ലഭിച്ചത് 45 അപേക്ഷകളായിരുന്നു. അടിസ്ഥാന വിലയായി നിശ്ചയിച്ചത് അമ്പതിനായിരം രൂപയാണ്. ലേലം വിളി ആരംഭിച്ചതിന് പിന്നാലെ വില ഉയർന്നുവന്ന് ഒടുവിൽ അഞ്ചുമണിയായപ്പോഴേക്കും 1.71 കോടി രൂപയിൽ അവസാനിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വില 88 ലക്ഷം രൂപയായിരുന്നു . കഴിഞ്ഞാഴ്ച 'HR22W2222' എന്ന രജിസ്‌ട്രേഷൻ നമ്പറിന് 37.91 ലക്ഷം രൂപ ലഭിച്ചിരുന്നു.
സമാനമായ നിലയിൽ ഇഷ്ട നമ്പറിനായി വാശിയേറിയ ലേലം വിളി കേരളത്തിലും നടക്കാറുണ്ട്. ഈ വർഷമാദ്യം ഏപ്രിൽ മാസത്തിൽ കേരളത്തിൽ നിന്നുള്ള ടെക് ബില്യണയർ വേണു ഗോപാലകൃഷ്ണൻ KL 07 DG 0007 എന്ന രജിസ്‌ട്രേഷൻ നമ്പർ 45.99ലക്ഷം രൂപ ലേലം വിളിച്ച് സ്വന്തമാക്കിയിരുന്നു. Lamborghini Urus Performanteന് വേണ്ടിയാണ് അദ്ദേഹം വിഐപി നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്. ഈ നമ്പറിന്‍റെ അടിസ്ഥാനവില 25,000 രൂപയായിരുന്നു.
Content Highlights: let's know about Costliest Car registration Number in India