ലോക ടൂറിസം ദിനത്തിൽ തിളങ്ങി കേരളം; രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ് കാന്തല്ലൂരിന്

കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു
ലോക ടൂറിസം ദിനത്തിൽ തിളങ്ങി കേരളം; രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ് കാന്തല്ലൂരിന്

ഇടുക്കി: കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്. കേന്ദ്ര ടൂറിസം വകുപ്പാണ് അവാർഡ് പ്രഖ്യാപിച്ചത്.ടൂറിസം വകുപ്പിൻ്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂർ. ടൂറിസം വളർച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് അവാർഡ്. പഞ്ചായത്തുമായി ചേർന്ന് ഉത്തരവാദിത്ത ടൂറിസം മിഷനാണ് കാന്തല്ലൂരിലെ പദ്ധതി നടപ്പാക്കിയത്. കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

കേരളത്തിൻ്റെ കാശ്മീർ എന്ന് വിശേഷിപ്പിക്കുന്ന ആപ്പിൾ താഴ്വാരമായ കാന്തല്ലൂർ ഇടുക്കി ജില്ലയിലാണ്. ദേവികുളം താലൂക്കിലെ ​ഗ്രാമ പ്രദേശമാണ് കാന്തല്ലൂർ. കേരളം-തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന മനോഹരമായ ഒരു മലയോരഗ്രാമമാണ് കാന്തല്ലൂര്‍. ഹൃദയം നിറയ്ക്കുന്ന പ്രകൃതിഭംഗിയാലും പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാന്തല്ലൂരിൽ വിളവെടുക്കുന്ന ആപ്പിളുകൾ വളരെ പ്രശസ്തമാണ്. ആപ്പിളുകൾ നേരിട്ട് പറക്കുന്നതിനും തോട്ടത്തിലൂടെ നടക്കുന്നതിനുമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്.

കീഴാന്തൂർ, മറയൂർ, കൊട്ടാക്കമ്പൂർ, വട്ടവട, എന്നിവകളാണ് ഈ ഗ്രാമത്തിന്റെ അതിർത്തി പ്രദേശങ്ങൾ. ശൈത്യകാല പച്ചക്കറികൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നുണ്ട്. ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ കേരളത്തിൽ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു.

ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവിടുത്തെ ആപ്പിള്‍ത്തോട്ടങ്ങളില്‍ കായ്കള്‍ വിളഞ്ഞു പാകമാകുന്നത്. തോട്ടം ഉടമകള്‍ ഓണക്കാലം കൂടി കണക്കാക്കി പഴങ്ങള്‍ മരങ്ങളില്‍ തന്നെ നിലനിര്‍ത്താറുണ്ട്. ഈ സീസണില്‍ പോയാല്‍ സഞ്ചാരികള്‍ക്ക് തോട്ടങ്ങളില്‍ നിന്ന് ആപ്പിള്‍ നേരിട്ട് പറിച്ച് വാങ്ങാന്‍ സാധിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ എത്തിയാല്‍ ആപ്പിള്‍ മരങ്ങള്‍ പൂവിട്ട് നില്‍ക്കുന്ന നല്ല കാഴ്ചകള്‍ കാണാന്‍ സാധിക്കും. ഇവിടെ ഗ്രീന്‍ ആപ്പിളുകളുടെ തോട്ടങ്ങളുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com