ജനനായകൻ വരുന്നില്ലെന്ന് വിഷമിക്കണ്ട, പകരം ആഘോഷിക്കാൻ ബാലയ്യ പടമുണ്ട്; 'അഖണ്ഡ 2' ഒടിടിയിലേക്ക്

സിനിമയിലെ നിരവധി സീനുകൾക്ക് ട്രോളുകൾ ലഭിച്ചിരുന്നു. പതിവ് ബാലയ്യ സിനിമകളെ പോലെ ഓവർ ദി ടോപ് ആയ ഫൈറ്റുകൾ കൊണ്ട് നിറഞ്ഞതാണ് സിനിമയെന്നാണ് പ്രതികരണങ്ങൾ

ജനനായകൻ വരുന്നില്ലെന്ന് വിഷമിക്കണ്ട, പകരം ആഘോഷിക്കാൻ ബാലയ്യ പടമുണ്ട്; 'അഖണ്ഡ 2' ഒടിടിയിലേക്ക്
dot image

ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് അഖണ്ഡ2: താണ്ഡവം. സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ അഖണ്ഡ 2-നായി കാത്തിരുന്നത്. എന്നാൽ മോശം പ്രതികരണങ്ങൾ ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്.

ജനുവരി 9 മുതൽ അഖണ്ഡ 2 സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ പുറത്തുവരുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ സിനിമ ഒടിടിയിൽ ലഭ്യമാകും. വിജയ് ചിത്രം ജനനായകൻ ജനുവരി ഒൻപതിൽ നിന്ന് റിലീസ് മാറ്റിയെങ്കിലും ആരാധകർക്ക് ആഘോഷിക്കാൻ ബാലയ്യ പടം വരുന്നുണ്ട് എന്നാണ് ചിലർ എക്സിൽ കുറിക്കുന്നത്. 111.08 കോടിയാണ് സിനിമയുടെ ഗ്രോസ് കളക്ഷൻ. എന്നാൽ ബോക്സ് ഓഫീസിൽ സിനിമ പരാജയമായി മാറുകയായിരുന്നു. 200 കോടിയാണ് അഖണ്ഡ 2 വിന്റെ ബജറ്റ്.

സിനിമയിലെ നിരവധി സീനുകൾക്ക് ട്രോളുകൾ ലഭിച്ചിരുന്നു. പതിവ് ബാലയ്യ സിനിമകളെ പോലെ ഓവർ ദി ടോപ് ആയ ഫൈറ്റുകൾ കൊണ്ട് നിറഞ്ഞതാണ് സിനിമയെന്നാണ് പ്രതികരണങ്ങൾ. സിനിമ മുഴുവൻ താങ്ങി നിർത്തുന്നത് ബാലയ്യയുടെ പ്രകടനമാണെന്നും ഇരട്ട വേഷത്തിൽ നടൻ കലക്കിയെന്നും ചിലർ കുറിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. രചന, സംവിധാനം ബോയപതി ശ്രീനു, നിർമ്മാതാക്കൾ രാം അചന്ത, ഗോപി അചന്ത, ബാനർ 14 റീൽസ് പ്ലസ്, അവതരണം എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം തമൻ എസ്.

Content Highlights: Balayya film Akhanda 2 releasing on netflix on this date

dot image
To advertise here,contact us
dot image