

ദളപതി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരുന്ന സിനിമയായിരുന്നു ജനനായകൻ. വലിയ പ്രതീക്ഷയിൽ ഒരുങ്ങിയ സിനിമ ജനുവരി 9 ണ് പൊങ്കൽ റിലീസായി തിയേറ്ററിൽ എത്താൻ ഒരുങ്ങിയിരുന്നു. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട സെൻസർ പ്രശ്നങ്ങൾ കാരണം ഇപ്പോഴിതാ റിലീസ് നീട്ടിയിരിക്കുകയാണ്. സിനിമയ്ക്ക് ഇതുവരെ സെൻസർ ബോർഡിൽ നിന്ന് പ്രദർശനാനുമതി ലഭിച്ചിട്ടില്ല. പലയിടത്തും സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. സിനിമയ്ക്ക് ടിക്കറ്റ് എടുത്തവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.
ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്‌തവർ ആണ് നിങ്ങളെങ്കിൽ ഒരിക്കലും ബുക്കിംഗ് പ്ലാറ്റ്ഫോമിലൂടെ ആ ടിക്കറ്റ് ക്യാൻസൽ ചെയ്യരുത്. അങ്ങനെ ക്യാൻസൽ ചെയ്താൽ ബുക്ക് ചെയ്യാനായി ചെലവഴിച്ച മുഴുവൻ തുകയും നിങ്ങൾക്ക് തിരികെ ലഭിക്കില്ല. പകരം അതാത് തിയേറ്റർ തന്നെ ഷോ ക്യാൻസൽ ആക്കി മുഴവൻ തുകയും റീഫണ്ട് ചെയ്യും, നിങ്ങൾ ഒന്നും തന്നെ ബുക്ക് മൈ ഷോയിൽ ചെയ്യേണ്ട കാര്യമില്ല. തിയേറ്റർ കൗണ്ടർ വഴിയാണ് ബുക്ക് ചെയ്തത് എങ്കിൽ ബുക്ക് ചെയ്ത തിയേറ്ററിൽ പോയാൽ അവിടെ നിന്ന് തന്നെ പ്രേക്ഷകർക്ക് റീഫണ്ട് കിട്ടുന്നതായിരിക്കും. ജനനായകന് ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകുമെന്ന് തിയേറ്ററുകൾ എല്ലാം റിലീസ് മാറ്റിവച്ചതിന് പിന്നാലെ അറിയിച്ചിട്ടുണ്ട്.
ചിത്രം രണ്ടാമതും സെൻസറിങ്ങിന് വിധേയമായതോടെ സർട്ടിഫിക്കറ്റ് ലഭിക്കാൻ ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞില്ല. ജനനായകന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്ന 9ന് രാവിലെ വിധി പ്രസ്താവിക്കാനാണ് സാധ്യത. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നായിരുന്നു കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.
#JanaNayagan ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്‌തവർ നിങ്ങൾ തന്നെ സ്വയം ബുക്കിംഗ് കാൻസൽ ചെയ്യരുത് അങ്ങനെ ചെയ്യുമ്പോൾ ഫുൾ Amount റീഫണ്ട് കിട്ടില്ല അതാത് തിയേറ്റർസ് തന്നെ ഷോ കാൻസൽ ആക്കി മുഴവൻ തുകയും റീഫണ്ട് ചെയ്യും നിങ്ങൾ ഒന്നും തന്നെ ബുക്ക് മൈ ഷോയിൽ ചെയ്യേണ്ട കാര്യമില്ല.തീയറ്റർ കൗണ്ടർ… pic.twitter.com/WmSVzpSs24
— Kerala Box Office (@KeralaBxOffce) January 7, 2026

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
Content Highlights: How to get refund for Jananayagan cancelled shows for tomorrow