

ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുള്ള പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കണമെന്ന് ഡിഎംകെയോട് ആവശ്യപ്പെട്ട് ബിജെപി. ബിൽ പരാജയപ്പെട്ടാൽ, ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയവുമായി കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകിയതായി ഡിഎംകെ വൃത്തങ്ങൾ അറിയിച്ചു. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതുമായി ബന്ധിപ്പിച്ചാണ് കേന്ദ്രം സീറ്റ് വർധനവ് മുന്നോട്ടുവയ്ക്കുന്നത്.
84-ാം ഭരണഘടനാ ഭേദഗതിയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട്, പാർലമെൻ്റിൽ കേവല ഭൂരിപക്ഷത്തോടെ നിയമം പാസാക്കി ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയം നടത്താൻ കഴിയുമെന്നാണ് ബിജെപിയുടെ വാദം. മറ്റ് ദക്ഷിണേന്ത്യൻ പാർട്ടികൾക്ക് മുന്നിലും ബിജെപി സമാനമായ നിർദേശം വച്ചിട്ടുണ്ട്. ബില്ലിനെതിരെ കോൺഗ്രസിനൊപ്പം നിൽക്കുന്നത് ദക്ഷിണേന്ത്യയുടെ താല്പര്യങ്ങളെ ബാധിക്കുമെന്നും ബിജെപി ഭീഷണിപ്പെടുത്തി. ഡിഎംകെയുമായുള്ള ചർച്ചകളിൽ കോൺഗ്രസിനെ 'ദക്ഷിണേന്ത്യൻ വിരുദ്ധർ' എന്നാണ് ബിജെപി വിശേഷിപ്പിച്ചതെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
ജനസംഖ്യാ അടിസ്ഥാനത്തിൽ സീറ്റുകൾ പുനർനിർണയിക്കുന്നത് ജനനനിരക്ക് ഫലപ്രദമായി നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. ഏപ്രിലിൽ കേന്ദ്രം കൊണ്ടുവന്ന മുൻ ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ ഡിഎംകെ എംപിമാർ വോട്ട് ചെയ്തിരുന്നു. പുതുക്കിയ ബിൽ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമുള്ളതിനാൽ, ഈ വർഷം ആദ്യം ഇൻഡ്യ മുന്നണി വിട്ട ഡിഎംകെയുടെ 22 ലോക്സഭാ എംപിമാരുടെ വോട്ടുകൾ കേന്ദ്രത്തിന് നിർണ്ണായകമാണ്.
സീറ്റുകളുടെ എണ്ണം വർധിപ്പിച്ചാലും ലോക്സഭയിൽ തമിഴ്നാടിൻ്റെ നിലവിലുള്ള 7.18 ശതമാനം പ്രാതിനിധ്യം നിലനിർത്തണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ വെള്ളിയാഴ്ച വ്യക്തമാക്കി. 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള നിലവിലെ സീറ്റ് വിഭജനം അടുത്ത 25 വർഷത്തേക്ക് കൂടി മരവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഈ രണ്ട് ആവശ്യങ്ങളിലും ഡിഎംകെ ഉറച്ചുനിൽക്കുന്നു. ഞങ്ങളുടെ നിലപാടിൽ മാറ്റമില്ല, ഒരു വിട്ടുവീഴ്ചയുടെയും പ്രശ്നമില്ല,' സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിൻ്റെ പ്രാതിനിധ്യം സംരക്ഷിക്കപ്പെട്ടാൽ ഡിഎംകെ ബില്ലിനെ പിന്തുണച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു സ്റ്റാലിൻ്റെ പ്രതികരണം.
മണ്ഡല പുനർനിർണയത്തിലെ ആശങ്കകൾ ആദ്യം ഉന്നയിച്ചത് ഡിഎംകെയാണെന്നും, മാധ്യമങ്ങളിലെ അഭ്യൂഹങ്ങൾക്കോ പിന്നിൽ നിന്ന് കുത്തുന്നവരുടെ മുറവിളികൾക്കോ തങ്ങളുടെ തീരുമാനത്തെ ഇളക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മണ്ഡല പുനർനിർണയ ബില്ലിനെതിരെ തങ്ങളുടെ എംപിമാർ വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം ഡിഎംകെയെ വെല്ലുവിളിച്ചു. വിഷയത്തിൽ വ്യക്തവും സ്ഥിരതയുള്ളതുമായ നിലപാട് ഡിഎംകെ തുറന്നുപറയണമെന്ന് ഭരണകക്ഷിയായ ടിവികെ എക്സിൽ കുറിച്ചു.
രാഷ്ട്രീയ ലാഭത്തിനായി ഡിഎംകെ നിലപാടുകൾ മാറ്റുകയാണെന്ന് ടിവികെ ആരോപിച്ചു. ബില്ലിനുള്ള പിന്തുണ തള്ളിക്കളയുകയും പാർലമെൻ്റിൽ അതിനെതിരെ വോട്ട് ചെയ്യുകയും ചെയ്തുകൊണ്ട് തമിഴ്നാടിനോടും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുമുള്ള പ്രതിബദ്ധത ഡിഎംകെ തെളിയിക്കണം. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയോ, ഇറങ്ങിപ്പോവുകയോ, ഭേദഗതികൾ നിർദേശിച്ച് വോട്ടെടുപ്പിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്യുന്നത് ബിജെപിക്ക് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമായിരിക്കുമെന്നും ടിവികെ മുന്നറിയിപ്പ് നൽകി.
Content Highlights: The BJP has sought DMK's support for the delimitation bill proposing a 50% increase in Lok Sabha seats. MK Stalin insists on protecting Tamil Nadu's representation, ruling out any compromise.