മണ്ഡല പുനർനിർണയ ഭേദഗതി ബിൽ: പാർലമെൻ്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ; പകർപ്പ് എംപിമാർക്ക് കൈമാറി

ലോക്സഭയിൽ നിലവിലുള്ള ബിൽ പിൻവലിച്ച് പുതിയ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം

മണ്ഡല പുനർനിർണയ ഭേദഗതി ബിൽ: പാർലമെൻ്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ; പകർപ്പ് എംപിമാർക്ക് കൈമാറി
ഇന്ത്യൻ പാർലമെൻ്റ്
dot image

ന്യൂഡൽഹി: കേന്ദ്രസർക്കാരിൻ്റെ മണ്ഡല പുനർനിർണയ ഭേദഗതി ബില്ലിന്റെ പകർപ്പ് പുറത്ത്. എംപിമാർക്ക് ബില്ലിന്റെ പകർപ്പ് കൈമാറി. ലോക്സഭയിൽ നിലവിലുള്ള ബിൽ പിൻവലിച്ച് പുതിയ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ലോക്സഭയിലും നിയമസഭകളിലും സീറ്റുകൾ 50% വർധിപ്പിക്കാനാണ് വ്യവസ്ഥ. ബിൽ പ്രാബല്യത്തിൽ വന്നാൽ ലോക്‌സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി ഉയർത്തും. സീറ്റ് വർദ്ധനവിനും മണ്ഡല പുനർനിർണ്ണയത്തിനും പിന്നാലെ 33% വനിതാ സംവരണവും പ്രാബല്യത്തിൽ വരും. അടുത്ത ദിവസങ്ങളിൽ നടക്കുന്ന പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ബില്ല് വീണ്ടും അവതരിപ്പിക്കും. 2002-ലെ മണ്ഡല പുനർനിർണയ നിയമം റദ്ദാക്കാനും പുതിയ ബില്ലിൽ നിർദ്ദേശിക്കുന്നുണ്ട്.

മണ്ഡല പുനർനിർണയ ഭേദഗതി ബില്ലിൽ പ്രതിപക്ഷം കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. ഡീ ലിമിറ്റേഷന്‍ ബില്‍ ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും സാധാരണ ജനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനുള്ള തന്ത്രമാണെന്നും ശിവസേന (യുബിടി) എംപി സഞ്ജയ് ആരോപിച്ചിരുന്നു. ഈ ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാജ്യദ്രോഹികളായി ഓര്‍മിക്കപ്പെടുമെന്നും റാവത്ത് കുറ്റപ്പെടുത്തിയിരുന്നു.

വനിതാ സംവരണം ഡി ലിമിറ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി സര്‍ക്കാര്‍ വീണ്ടും അവതരിപ്പിക്കാൻ സർക്കാർ നീക്കങ്ങൾ നടത്തുന്നതിൻ്റെ ഇടയിലാണ് പാര്‍ലമെന്റിന്റെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെയും രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്റെയും നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നവംബര്‍ 30-ന് ലോക്സഭയും ഡിസംബര്‍ രണ്ടിന് രാജ്യസഭയും ചേരുമെന്നാണ് റിപ്പോർട്ട്.

നിയമസഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ഡി ലിമിറ്റേഷനുമായി ബന്ധപ്പെട്ട ഭരണഘടനാ (131ാം ഭേദഗതി) ബില്‍ 2026 ഏപ്രിലില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന് കാരണം 'ഒരു പ്രതിപക്ഷ പാര്‍ട്ടി' യാണെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തിയിരുന്നു. വനിതകള്‍ക്ക് നീതി ലഭ്യമാക്കുന്നത് തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്.

Content Highlights: The Centre is preparing to introduce the Delimitation Amendment Bill in Parliament. Copies of the proposed legislation have been circulated to MPs.

dot image
To advertise here,contact us
dot image