മദ്യപാനം പെട്ടെന്ന് നിർത്തിയാലും പ്രശ്‌നമോ?; എന്താണ് ആൽക്കഹോൾ വിത്ത്‌ഡ്രോവൽ സിൻഡ്രോം

വര്‍ഷങ്ങളായി അമിതമായി മദ്യപിക്കുന്നവര്‍ പെട്ടെന്ന് മദ്യപാനം നിര്‍ത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. തലച്ചോറിനെയും നാഡീവ്യവസ്ഥയേയും ബാധിക്കുന്ന ഈ അവസ്ഥയെക്കുറിച്ച് അറിയാം.

മദ്യപാനം പെട്ടെന്ന് നിർത്തിയാലും പ്രശ്‌നമോ?; എന്താണ് ആൽക്കഹോൾ വിത്ത്‌ഡ്രോവൽ സിൻഡ്രോം
alcohol withdrawal syndrome
dot image

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ മദ്യപാനം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ദീര്‍ഘകാലമായി അമിതമായി മദ്യപിക്കുന്നവര്‍ പെട്ടെന്ന് മദ്യപാനം നിര്‍ത്തുന്നത് ചില സാഹചര്യങ്ങളില്‍ ജീവന് പോലും ഭീഷണിയായേക്കാം. എന്താണ് ഇതിന് പിന്നിലെ കാരണം?. മദ്യപാനം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍.

എന്താണ് ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം?

ദീര്‍ഘകാലമായി അമിതമായി മദ്യപിക്കുന്നവരുടെ ശരീരം മദ്യവുമായി പൊരുത്തപ്പെട്ടിട്ടുണ്ടാകും. മദ്യം പെട്ടെന്ന് ലഭിക്കാതാകുമ്പോള്‍ ശരീരത്തിനും തലച്ചോറിനും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. ഇതുമൂലം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ലക്ഷണങ്ങളെയും ബുദ്ധിമുട്ടുകളെയുമാണ് ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം (Alcohol Withdrawal Syndrome) എന്നു പറയുന്നത്. മദ്യം കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നു. ദീര്‍ഘകാലമായി മദ്യപിക്കുന്ന ഒരാളുടെ തലച്ചോര്‍ ഈ മാറ്റങ്ങളോട് പൊരുത്തപ്പെടും. അതുകൊണ്ടുതന്നെ പെട്ടെന്ന് മദ്യപാനം നിര്‍ത്തുമ്പോള്‍ നാഡീവ്യവസ്ഥ അമിതമായി ഉത്തേജിതമാകാം. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

alcohol withdrawal syndrome

മദ്യപാനം നിര്‍ത്തുമ്പോഴുള്ള ലക്ഷണങ്ങള്‍?

മദ്യപാനം നിര്‍ത്തിയാല്‍ ചിലരില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ലക്ഷണങ്ങളുടെ തീവ്രത ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കും.

  • കൈകള്‍ വിറയ്ക്കുക
  • അമിതമായി വിയര്‍ക്കുക
  • ഉത്കണ്ഠയും അസ്വസ്ഥതയും
  • തലവേദന
  • ഓക്കാനവും ഛര്‍ദിയും
  • ഉറക്കമില്ലായ്മ
  • ഹൃദയമിടിപ്പ് വര്‍ധിക്കുക

ഗുരുതരമായ സാഹചര്യങ്ങളില്‍ അപസ്മാരത്തിന് സമാനമായ ഫിറ്റ്‌സ്, കടുത്ത ആശയക്കുഴപ്പം, ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

alcohol withdrawal syndrome

ജീവന് ഭീഷണിയാകുന്ന ഡെലീരിയം ട്രെമെന്‍സ്

മദ്യപാനം പെട്ടെന്ന് നിര്‍ത്തുന്നതിനെത്തുടര്‍ന്ന് ഉണ്ടാകാവുന്ന ഏറ്റവും ഗുരുതരമായ സങ്കീര്‍ണതകളിലൊന്നാണ് ഡെലീരിയം ട്രെമെന്‍സ് (Delirium Tremens). കടുത്ത ആശയക്കുഴപ്പം, അമിതമായ അസ്വസ്ഥത, വിറയല്‍, പനി, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍, ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുക തുടങ്ങിയ ലക്ഷണങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകാം. സാധാരണയായി മദ്യപാനം നിര്‍ത്തി രണ്ട് മുതല്‍ നാല് ദിവസത്തിനുള്ളില്‍ ഈ അവസ്ഥ പ്രത്യക്ഷപ്പെടാം. അടിയന്തിര ചികിത്സ ലഭിച്ചില്ലെങ്കില്‍ ഇത് ജീവന് ഭീഷണിയാകാം.

alcohol withdrawal syndrome

ആര്‍ക്കാണ് കൂടുതല്‍ അപകടസാധ്യത?

മാസങ്ങളോ വര്‍ഷങ്ങളോ ആയി അമിതമായി മദ്യപിക്കുന്നവര്‍ക്ക് മദ്യപാനം നിര്‍ത്തുമ്പോള്‍ ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുമ്പ് മദ്യപാനം നിര്‍ത്തിയപ്പോള്‍ ഫിറ്റ്‌സ് അല്ലെങ്കില്‍ ഡെലീരിയം ട്രെമെന്‍സ് ഉണ്ടായിട്ടുള്ളവര്‍ക്കും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. എന്നാല്‍ എല്ലാ മദ്യപാനികളിലും ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകണമെന്നില്ല. മദ്യപാനത്തിന്റെ അളവ്, കാലയളവ്, വ്യക്തിയുടെ ആരോഗ്യസ്ഥിതി എന്നിവയെല്ലാം അപകടസാധ്യതയെ സ്വാധീനിക്കും.

മദ്യപാനം ഉപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മദ്യപാനം ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് ഗുണകരമായ തീരുമാനമാണ്. എന്നാല്‍ ദീര്‍ഘകാലമായി അമിതമായി മദ്യപിക്കുന്നവരും മദ്യത്തെ ആശ്രയിക്കുന്നവരും ഡോക്ടറുടെ സഹായമില്ലാതെ പെട്ടെന്ന് മദ്യപാനം നിര്‍ത്തുകയോ അളവ് ഗണ്യമായി കുറയ്ക്കുകയോ ചെയ്യരുത്. അത്തരം സാഹചര്യങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മദ്യപാനം നിര്‍ത്തുന്നതിനുള്ള ചികിത്സ തേടുന്നതാണ് സുരക്ഷിതം. ചിലര്‍ക്ക് ആശുപത്രിയില്‍ നിരീക്ഷണവും മരുന്നുകളും ആവശ്യമായി വന്നേക്കാം. മദ്യപാനം നിര്‍ത്തിയതിന് പിന്നാലെ ഫിറ്റ്‌സ്, കടുത്ത ആശയക്കുഴപ്പം, പനി, ഹാലൂസിനേഷന്‍,ഗുരുതരമായ വിറയല്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ അടിയന്തര ചികിത്സ തേടണം.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. മെഡിക്കല്‍ ഉപദേശത്തിന് പകരമാകില്ല. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. മദ്യപാനം ഉപേക്ഷിക്കുന്നത് വളരെ പ്രധാനമാണെങ്കിലും ദീര്‍ഘകാലമായി അമിതമായി മദ്യപിക്കുന്നവര്‍ക്ക് മദ്യം ഉപേക്ഷിക്കുമ്പോള്‍ വൈദ്യസഹായം ആവശ്യമായി വന്നേക്കാം.)

Content Highlights :For those who have been consuming excessive amounts of alcohol for years, suddenly stopping can lead to serious health problems. Let us learn about this condition, which affects the brain and the nervous system.

dot image
To advertise here,contact us
dot image