നയിക്കാന്‍ വീണ്ടും രോഹിത് ശര്‍മ; പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്

അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ

നയിക്കാന്‍ വീണ്ടും രോഹിത് ശര്‍മ; പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്
രോഹിത് ശർമ
dot image

2027 ഐപിഎല്‍ സീസണില്‍ രോഹിത് ശര്‍മ്മ ടീമിനെ നയിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിച്ചു. അഞ്ചുതവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള രോഹിത്തിന്റെ യാത്ര അവിസ്മരണീയമായിരുന്നു. 2011-ല്‍ ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നതുമുതല്‍ ടീമിന്റെ ഏറ്റവും മികച്ച നിമിഷങ്ങളുടെ കേന്ദ്രബിന്ദുവായി അദ്ദേഹം മാറി; മുംബൈ ഇന്ത്യന്‍സിനെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിക്കുകയും ടീമിന്റെ വിജയസംസ്‌കാരം രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്ത താരമാണ് രോഹിത്. താരത്തിന്റെ നേതൃത്വപാടവവും, യുവതാരങ്ങളിലുള്ള വിശ്വാസവും, ആരാധകരുമായുള്ള ആഴത്തിലുള്ള ബന്ധവും മുംബൈ ഇന്ത്യന്‍സ് ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റിയിട്ടുണ്ടെന്ന് ഫ്രാഞ്ചൈസിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

'2011-ല്‍ ഞങ്ങള്‍ രോഹിത്തിനെ ലേലത്തില്‍ വിളിച്ചെടുത്ത നിമിഷം മുതല്‍ അദ്ദേഹം ഞങ്ങളുടെ മുംബൈ ഇന്ത്യന്‍സ് കുടുംബത്തിന്റെ ഭാഗമായി മാറി. ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന ആ യുവ രോഹിത്തിനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു; ഒരു ക്രിക്കറ്റര്‍, ചാമ്പ്യന്‍, നായകന്‍, നല്ലൊരു കുടുംബനാഥന്‍ എന്നീ നിലകളില്‍ വര്‍ഷങ്ങളിലൂടെ അദ്ദേഹം വളര്‍ന്നുവരുന്നത് കാണാന്‍ കഴിഞ്ഞത് വലിയ സന്തോഷവും ഭാഗ്യവുമാണ്' -മുംബൈ ഇന്ത്യന്‍സ് സഹഉടമ നിത അംബാനി പറഞ്ഞു. ''മുംബൈ ഇന്ത്യന്‍സിന്റെ 20-ാം സീസണ്‍ ആഘോഷിക്കുമ്പോള്‍, രോഹിത് വീണ്ടും ടീമിനെ നയിക്കുന്നത് കാണുന്നത് ഞങ്ങള്‍ക്കെല്ലാം വളരെ സവിശേഷമായ നിമിഷമാണ്. വര്‍ഷങ്ങളായി അദ്ദേഹം ഞങ്ങള്‍ക്ക് നിരവധി മനോഹരമായ ഓര്‍മ്മകള്‍ നല്‍കിയിട്ടുണ്ട്; നമ്മുടെ 'പല്‍ത്താന്' അദ്ദേഹം എത്രത്തോളം പ്രിയപ്പെട്ടവനാണെന്നും എനിക്കറിയാം. ഈ പുതിയ അധ്യായം അദ്ദേഹത്തിനും ഞങ്ങളുടെ ടീമിനും മുംബൈ ഇന്ത്യന്‍സിനെ സ്‌നേഹിക്കുന്ന കോടിക്കണക്കിന് ആരാധകര്‍ക്കും അഭിമാനത്തിന്റെ നിരവധി നിമിഷങ്ങള്‍ കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. രോഹിത്, ഞങ്ങളെല്ലാം നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്!'' -നിത കൂട്ടിച്ചേര്‍ത്തു.

''മുംബൈ ഇന്ത്യന്‍സ് എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്, ഈ ടീമിനെ നയിക്കുന്നത് എപ്പോഴും ഞാന്‍ ഏറെ അഭിമാനത്തോടെ കണ്ടിട്ടുള്ള കാര്യമാണ്. വരാനിരിക്കുന്ന സീസണിനെക്കുറിച്ച് നിത ഭാഭിയുമായും ആകാശുമായും നടത്തിയ സംഭാഷണങ്ങള്‍ ആവേശകരമായിരുന്നു; നമുക്ക് നേടാന്‍ കഴിയുന്നതില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്.'' -മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. ''20-ാം സീസണിനും മുന്നിലുള്ള വെല്ലുവിളികള്‍ക്കും നമ്മുടെ പല്‍ത്താന് ആഘോഷിക്കാന്‍ ധാരാളം നിമിഷങ്ങള്‍ നല്‍കുന്നതിനും ഞാന്‍ തയ്യാറാണ്. നമ്മുടെ ശൈലിയിലുള്ള ക്രിക്കറ്റ് കളിക്കുക, ഒരുമിച്ച് മത്സരിക്കുക, കളി ആസ്വദിക്കുക എന്നിവയിലായിരിക്കും ശ്രദ്ധ,'' -രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

content highlights: Rohit Sharma to Lead Again; Mumbai Indians Make Official Announcement

dot image
To advertise here,contact us
dot image