കാര്‍ലോസ് ടെവസിന് വിടവാങ്ങല്‍ മത്സരം, യാത്രയയക്കാന്‍ മെസ്സി എത്തും

മുന്‍ അര്‍ജന്റീന താരം സെര്‍ജിയോ അഗ്വേറോ, ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍, മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ റിയോ ഫെര്‍ഡിനാന്‍ഡ്, ബോക ജൂനിയേഴ്‌സ് ഇതിഹാസം മാര്‍ട്ടിന്‍ പലേര്‍മോ, ലിയാന്‍ഡ്രോ പരേഡസ് എന്നിവര്‍ പങ്കെടുക്കും

കാര്‍ലോസ് ടെവസിന് വിടവാങ്ങല്‍ മത്സരം, യാത്രയയക്കാന്‍ മെസ്സി എത്തും
കാർലോസ് ടെവസ്, മെസ്സി
dot image

അര്‍ജന്റീനയിലെ മുന്‍ സഹതാരം കാര്‍ലോസ് ടെവെസിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്റര്‍ മയാമി താരം ലയണല്‍ മെസ്സി അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തുന്നു. ഡിസംബര്‍ 20-ന് ബ്യൂണസ് അയേഴ്‌സിലെ ബോക ജൂനിയേഴ്‌സിന്റെ പ്രശസ്തമായ ലാ ബൊംബോണെറ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ടെവെസിന്റെ കരിയറിലെ വിവിധ ഘട്ടങ്ങളില്‍ നിന്നുള്ള പ്രമുഖ ഫുട്‌ബോള്‍ താരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ പരിപാടിയിലേക്ക് മെസ്സിയുടെ പങ്കാളിത്തം വ്യാഴാഴ്ച സംഘാടകര്‍ സ്ഥിരീകരിച്ചു. എട്ട് തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരത്തെ സ്വാഗതം ചെയ്യുന്നത് വലിയൊരു ബഹുമതിയായി സംഘാടകര്‍ വിശേഷിപ്പിച്ചു. 'അപ്പാച്ചെയുടെ അവസാന നൃത്തം' എന്നാണ് ഈ മത്സരത്തിന് പേരിട്ടിരിക്കുന്നത്. ''അപ്പാച്ചെയുടെ അവസാന നൃത്തത്തിലേക്ക്' ലോകത്തിലെ ഏറ്റവും മികച്ച താരത്തെ സ്വാഗതം ചെയ്യുന്നത് ശരിക്കും ഒരു ബഹുമതിയാണ്' സംഘാടകര്‍ പറഞ്ഞു.

മെസ്സിയും ടെവെസും നേരത്തെ അര്‍ജന്റീന ദേശീയ ടീമിന്റെ ഡ്രസ്സിംഗ് റൂം പങ്കിട്ടിട്ടുള്ളവരാണ്. 2006, 2010 ഫിഫ ലോകകപ്പുകളില്‍ ഇരുവരും ഒരുമിച്ച് കളിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളിലും ഇവര്‍ ഒരുമിച്ച് കളത്തിലിറങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര കരിയറിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ അര്‍ജന്റീനയെ പ്രതിനിധീകരിച്ച ഇരുവരുടെയും ലാ ബൊംബോണെറയിലെ പുനഃസമാഗമം ശ്രദ്ധേയമാകും. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കായി കളിക്കുന്നത് തുടരുന്ന മെസ്സി, ഡിസംബര്‍ 20-ലെ മത്സരത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

കാര്‍ലോസ് ടെവെസിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ആരൊക്കെയുണ്ടാകും?
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച മെസ്സി മാത്രമായിരിക്കില്ല ടെവെസിന്റെ വിടവാങ്ങല്‍ മത്സരത്തിലെ പ്രമുഖ താരം. മുന്‍ അര്‍ജന്റീന താരം സെര്‍ജിയോ അഗ്വേറോ, ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍, മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ റിയോ ഫെര്‍ഡിനാന്‍ഡ്, ബോക ജൂനിയേഴ്‌സ് ഇതിഹാസം മാര്‍ട്ടിന്‍ പലേര്‍മോ, അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പരേഡസ് എന്നിവരുടെ പങ്കാളിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്.

ബോക ജൂനിയേഴ്‌സിന്റെ നിലവിലെ പ്രസിഡന്റായ ജുവാന്‍ റോമന്‍ റിക്വല്‍മെയും മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. വിടവാങ്ങല്‍ മത്സരത്തില്‍ പലേര്‍മോയ്ക്കും റിക്വല്‍മെയ്ക്കുമൊപ്പം മുന്നേറ്റനിരയില്‍ കളിക്കണമെന്ന് ടെവെസ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടി ഈ ഒത്തുചേരലില്‍ പങ്കുചേരുമോ എന്നതാണ് മത്സരവുമായി ബന്ധപ്പെട്ട പ്രധാന ചര്‍ച്ചകളിലൊന്ന്. കരിയറില്‍ ഇരുവര്‍ക്കുമൊപ്പം കളിച്ചിട്ടുള്ള ടെവെസ്, മെസ്സിയെയും റൊണാള്‍ഡോയെയും ഈ അവസരത്തില്‍ ഒരുമിച്ച് കൊണ്ടുവരണമെന്ന് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2007 മുതല്‍ 2009 വരെ ടെവെസും റൊണാള്‍ഡോയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ സഹതാരങ്ങളായിരുന്നു; മെസ്സിയോടൊപ്പം അര്‍ജന്റീന ഡ്രസ്സിംഗ് റൂമും അദ്ദേഹം പങ്കിട്ടു. എന്നാല്‍ റൊണാള്‍ഡോയുടെ പങ്കാളിത്തം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആദ്യ ഇലവന്‍, സബ്സ്റ്റിറ്റിയൂട്ടുകള്‍ എന്നിവ സംഘാടകര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 'അപ്പാച്ചെ', 'ബോക' എന്നിങ്ങനെ രണ്ട് ടീമുകളായി തിരിച്ചായിരിക്കും മത്സരം നടക്കുക. ടീമുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടും.

കാര്‍ലോസ് ടെവെസ് എന്തിനാണ് വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കുന്നത്?
'എല്‍ അപ്പാച്ചെ' എന്ന വിളിപ്പേരിലറിയപ്പെടുന്ന ടെവെസ്, 2001-ല്‍ ബോക ജൂനിയേഴ്‌സിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് അര്‍ജന്റീനയിലെ പ്രമുഖ മുന്നേറ്റനിര താരങ്ങളിലൊരാളായി അദ്ദേഹം വളര്‍ന്നു. വെസ്റ്റ് ഹാം യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്കായി യൂറോപ്പില്‍ കളിച്ച അദ്ദേഹം ബ്രസീലിയന്‍ ക്ലബ്ബ് കൊറിന്ത്യന്‍സിനും ചൈനീസ് ടീമായ ഷാങ്ഹായ് ഷെന്‍ഹുവയ്ക്കും വേണ്ടിയും ബൂട്ടുകെട്ടി. തുടര്‍ന്നാണ് ബോക ജൂനിയേഴ്‌സിലേക്ക് മടങ്ങിയെത്തിയത്. ബോകയ്‌ക്കൊപ്പമുള്ള രണ്ട് ഘട്ടങ്ങളിലായി 279 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടിയ ടെവെസ്, കോപ്പ ലിബര്‍ട്ടഡോറസ്, കോപ്പ സുഡാമെരിക്കാന എന്നിവയുള്‍പ്പെടെ നിരവധി ആഭ്യന്തര, ഭൂഖണ്ഡ കിരീടങ്ങള്‍ നേടി.

2022-ല്‍ കളി അവസാനിപ്പിച്ചെങ്കിലും, അന്ന് അര്‍ജന്റീന മുന്‍ താരത്തിന് ഔദ്യോഗികമായൊരു വിടവാങ്ങല്‍ മത്സരം ലഭിച്ചിരുന്നില്ല. ലാ ബൊംബോണെറയില്‍ ബോക ജൂനിയേഴ്‌സ് ആരാധകര്‍ക്ക് മുന്നില്‍ തന്റെ കരിയര്‍ ആഘോഷിക്കാനുള്ള അവസരമാണ് ഡിസംബര്‍ 20-ലെ മത്സരം നല്‍കുന്നത്. താന്‍ വളര്‍ന്നുവന്നതും തന്റെ പ്രശസ്തമായ വിളിപ്പേര് ലഭിച്ചതുമായ ബ്യൂണസ് അയേഴ്‌സിലെ ഫ്യൂര്‍ട്ടെ അപ്പാച്ചെ എന്ന പ്രദേശത്തേക്ക് ക്ഷണിക്കപ്പെട്ട ചില ഫുട്‌ബോള്‍ താരങ്ങളെ കൊണ്ടുപോകണമെന്നും ടെവെസ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. കരിയറിലുടനീളമുള്ള മുന്‍ സഹതാരങ്ങളെയും എതിരാളികളെയും ഒരുമിപ്പിക്കുന്ന ഈ മത്സരത്തിന് മെസ്സിയുടെ സാന്നിധ്യം കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

content highlights: Lionel Messi Confirmed for Carlos Tevez's Farewell Match in Buenos Aires

dot image
To advertise here,contact us
dot image