

പാലക്കാട്: മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലകളില്‍ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ടില്‍ 7.86 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉറപ്പാക്കുന്നതിനായി കേസ് ആഭ്യന്തര വകുപ്പിന് കൈമാറി വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പത്ത് വര്‍ഷത്തോളമായി വിവിധ ക്ഷേമപദ്ധതികളിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ടിയിരുന്ന 7,86,05,000 രൂപ (ഏഴ് കോടി എണ്‍പത്തിയാറ് ലക്ഷത്തി അയ്യായിരം രൂപ) തട്ടിയെടുത്തതായാണ് വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയത്. പട്ടികജാതി വികസന ഓഫീസര്‍മാരായ സജിനി പി എം, ഗിരിജ കെ, മുനീര്‍ റഹ്മാന്, നവീന്‍ ചന്ദ്ര, സീനിയര്‍ ക്ലര്‍ക്ക് സ്മിജോ വര്‍ഗ്ഗീസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
യഥാര്‍ത്ഥ ഗുണഭോക്താക്കളുടെ പേരുകള്‍ ബാങ്ക് രേഖകളില്‍ നിലനിര്‍ത്തിയശേഷം അക്കൗണ്ട് നമ്പറുകളും ക്യുആര്‍ കോഡുകളും തിരുത്തി പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ എസ് സി പ്രൊമോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേടിന് പിന്നിലുള്ള മുഴുവന്‍ ആളുകളെയും സാമ്പത്തിക നേട്ടമുണ്ടാക്കിയവരെയും കണ്ടെത്തുന്നതിനാണ് വിജിലന്‍സ് അന്വേഷണം. ക്രമക്കേട് സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്ന മേലുദ്യോഗസ്ഥരുടെ പങ്കും പരിശോധനക്ക് വിധേയമാക്കും.
Content Highlights: Five officials have been suspended after a departmental inquiry found alleged financial irregularities worth ₹7.86 crore in Scheduled Caste welfare schemes in Palakkad's Mannarkkad and Attappadi regions. The case has been referred for a Vigilance investigation.