ആലീസ് ഹുവാങ്ങുമായി ബന്ധമുള്ള ചൈനീസ് ഡാറ്റാ സെൻ്ററിൽ എൻവിഡിയയുടെ ബ്ലാക്ക്‌വെൽ Ai ചിപ്പുകൾ കണ്ടെത്തി;റിപ്പോർട്ട്

യുഎസ് സർക്കാരിന്റെ അനുമതിയില്ലാതെ ഈ ചിപ്പുകൾ നിയമപരമായി ചൈനയിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയില്ല

ആലീസ് ഹുവാങ്ങുമായി ബന്ധമുള്ള ചൈനീസ് ഡാറ്റാ സെൻ്ററിൽ എൻവിഡിയയുടെ ബ്ലാക്ക്‌വെൽ Ai ചിപ്പുകൾ കണ്ടെത്തി;റിപ്പോർട്ട്
ജെൻസൻ/ആലിസ് ഹുവാങ്
dot image

വാഷിങ്ടൺ: ചൈനയിലെ ഡാറ്റാ സെന്ററിൽ എൻവിഡിയയുടെ അത്യാധുനിക ബ്ലാക്ക്‌വെൽ എഐ ചിപ്പുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. അമേരിക്കയുടെ കർശനമായ കയറ്റുമതി നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് യുഎസിൽ നിർമിച്ച ഈ ചിപ്പുകൾ ചൈനയിലെത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഷാങ്ഹായ് ഷുവോയാവോ (Shanghai Shuoyao) എന്ന കമ്പനി ജിബി300 എൻവിഎൽ72 (GB300 NVL72) സെർവർ റാക്ക് ഈടായി നൽകി ഷാങ്ഹായ് ഇന്നൊവേഷൻ ബാങ്കിൽനിന്ന് 96 ദശലക്ഷം യുവാൻ (ഏകദേശം 14 ദശലക്ഷം ഡോളർ) വായ്പ നേടിയിട്ടുണ്ടെന്ന് നവംബറിൽ ചൈനീസ് നിയന്ത്രണ അതോറിറ്റികൾക്ക് സമർപ്പിച്ച രേഖകളിൽ ഉള്ളതായാണ് ബ്ലൂംബെർ​ഗ് റിപ്പോർട്ട് ചെയ്യുന്നത്.

മുൻ മെഗാസ്പീഡ് (Megaspeed) എക്സിക്യൂട്ടീവായ ആലിസ് ഹുവാങ്ങുമായി ബന്ധമുള്ള യാങ്‌സി റിവർ ഡെൽറ്റ പ്രോജക്ടിന്റെ ഭാഗമായ ഡാറ്റാ സെന്ററിലാണ് എൻവിഡിയയുടെ ബ്ലാക്ക്‌വെൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സെർവറുകൾ സ്ഥാപിച്ചതെന്നാണ് ബ്ലൂംബെർഗ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. ഷാങ്ഹായ് ഷുവോയാവോ, ഷാങ്ഹായ് കെഷാൻ എന്നീ രണ്ട് ചൈനീസ് കമ്പനികളാണ് ഇവിടെ ഈ സെർവറുകൾ സ്ഥാപിച്ചത്. എൻവിഡിയയുടെ ഏറ്റവും ശക്തമായ എഐ കംപ്യൂട്ടിങ് സംവിധാനങ്ങളിൽ ഒന്നാണ് GB300 NVL72. ഇതിൽ 72 ബ്ലാക്ക്‌വെൽ അൾട്രാ ചിപ്പുകളും 36 ഗ്രേസ് പ്രോസസറുകളുമാണുള്ളത്. 1,500 കിലോഗ്രാമിലധികമാണ് ഈ സംവിധാനത്തിന്റെ ഭാരം.

രണ്ടാമത്തെ കമ്പനിയായ ഷാങ്ഹായ് കെഷാനും (Shanghai Kezhan) ഇതേ ഡാറ്റാ സെന്ററിൽ ഒരു GB200 സെർവർ സ്ഥാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 2025 അവസാനത്തോടെ ഷാങ്ഹായ് സർക്കാർ ഏജൻസിയുടെ ഉടമസ്ഥതയിലുള്ള ധനകാര്യ-ലീസിങ് സ്ഥാപനത്തിൽനിന്ന് 90 ദശലക്ഷം യുവാൻ വായ്പ നേടുന്നതിനായി ഈ ഉപകരണവും ഈടായി നൽകിയിരുന്നു. GB300, GB200 എന്നീ രണ്ട് സംവിധാനങ്ങളും എൻവിഡിയയുടെ ബ്ലാക്ക്‌വെൽ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. ഇതേ ഡാറ്റാ സെന്ററിൽ എൻവിഡിയയുടെ H200 ചിപ്പുകൾ ഉപയോഗിച്ചുള്ള 32 സെർവറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഷാങ്ഹായ് കെഷാൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ചിപ്പുകൾക്കും യുഎസിന്റെ കയറ്റുമതി നിയന്ത്രണങ്ങൾ ബാധകമാണ്. യുഎസ് സർക്കാരിന്റെ അനുമതിയില്ലാതെ ഈ ചിപ്പുകൾ നിയമപരമായി ചൈനയിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയില്ല.

പൊതുവായി ലഭ്യമായ വാറന്റി ഡാറ്റാബേസ് പരിശോധിച്ച് GB300 സെർവർ റാക്കിന്റെ സീരിയൽ നമ്പർ പിന്തുടർന്ന് തായ്‌വാൻ ആസ്ഥാനമായ ഗിഗാബൈറ്റ് ടെക്നോളജിയാണ് (Gigabyte Technology) ഇത് നിർമിച്ചതെന്നാണ് ബ്ലൂംബെർഗ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഉപകരണം ആദ്യം വാങ്ങിയത് ആരാണെന്നോ എങ്ങനെയാണ് ചൈനയിലെത്തിയതെന്നോ വ്യക്തമല്ല. ഷാങ്ഹായ് ഷുവോയാവോ, മെഗാസ്പീഡിന്റെ സേവനദാതാവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇരുകമ്പനികളും തമ്മിലുള്ള ബന്ധം സാധാരണ വാണിജ്യ സഹകരണത്തിൽ മാത്രം ഒതുങ്ങുന്നതാണെന്നാണ് ഷാങ്ഹായ് ഷുവോയാവോയുടെ വിശദീകരണം.

അതേസമയം, എൻവിഡിയയുടെ ഉപകരണങ്ങൾ ഈ ഡാറ്റാ സെന്ററിലേക്ക് വഴിതിരിച്ചുവിട്ടത് മെഗാസ്പീഡ് തന്നെയാണെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ബ്ലൂം ബർ​ഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആലിസ് ഹുവാങ് പ്രധാന ചുമതല വഹിച്ചിരുന്ന കമ്പനിയാണ് മെഗാസ്പീഡ്. തെക്കുകിഴക്കൻ ഏഷ്യയിൽ എൻവിഡിയയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നായി ഈ കമ്പനി മാറിയിരുന്നു. ചിപ്പുകളുടെ അനധികൃത കൈമാറ്റത്തിൽ മെഗാസ്പീഡിന് കാര്യമായ പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം അടുത്തിടെ കമ്പനിയെ യുഎസ് വ്യാപാര കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിലൂടെയും ആലിസ് ഹുവാങ് നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന സംശയത്തിൻ്റെ പേരിൽ യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് ആലിസ് ഹുവാങ് എന്നായിരുന്നു റിപ്പോർട്ട്.

Content Highlights: Nvidia's Blackwell AI chips have reportedly been found at a Chinese data centre linked to Alice Huang, raising questions over the presence of advanced AI technology in China

dot image
To advertise here,contact us
dot image