'തൊഴിലില്ലാത്തവർക്ക് പ്രതിമാസം 5,000 രൂപ, 25 ലക്ഷം സർക്കാർ ജോലികൾ'; UPയിൽ വമ്പൻ വാഗ്ദാനങ്ങളുമായി അഖിലേഷ് യാദവ്

2032 ആകുമ്പോഴേക്കും ഒരു കോടി MSME തൊഴിലവസരങ്ങളും അഞ്ച് വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം സര്‍ക്കാര്‍ ജോലികൾ സൃഷ്ടിക്കുമെന്നുമാണ് വാഗ്ദാനം

'തൊഴിലില്ലാത്തവർക്ക് പ്രതിമാസം 5,000 രൂപ, 25 ലക്ഷം സർക്കാർ ജോലികൾ'; UPയിൽ വമ്പൻ വാഗ്ദാനങ്ങളുമായി അഖിലേഷ് യാദവ്
samajwadi party manifesto
dot image

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി. യുവാക്കളെ ലക്ഷ്യം വെച്ച് വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. തൊഴില്‍രഹിതര്‍ക്ക് 5,000 പ്രതിമാസ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 2032 ആകുമ്പോഴേക്കും ഒരു കോടി എംഎസ്എംഇ തൊഴിലവസരങ്ങളും അഞ്ച് വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം സര്‍ക്കാര്‍ ജോലികളും സൃഷ്ടിക്കുമെന്നും സമാജ്‌വാദി പാര്‍ട്ടിയുടെ വാഗ്ദാനത്തിലുണ്ട്.

ജാതി സെന്‍സസ്, മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, പാവപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, പുതിയ പൊലീസ് നിയമനങ്ങളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്നിവയും പ്രധാന വാഗ്ദാനങ്ങളാണ്. ജലസേചനത്തിന് സൗജന്യ വൈദ്യുതി, ഗ്രാമീണ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു.

akhilesh yadav
അഖിലേഷ് യാദവ്

പ്രകടനപത്രികയില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അടച്ചുപൂട്ടിയെന്ന് ആരോപിക്കുന്ന 26,000 പ്രൈമറി സ്‌കൂളുകള്‍ വീണ്ടും തുറക്കുമെന്നും പന്ത്രണ്ടാം ക്ലാസ് പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്യുമെന്നും വാഗ്ദാനമുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവെക്കും. പുതിയ സംസ്ഥാന വിദ്യാഭ്യാസ നയം നടപ്പാക്കുക, എല്ലാ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലും വൈഫൈ സൗകര്യം ഒരുക്കുക, പ്രധാന നഗരങ്ങളില്‍ ഹോസ്റ്റലുകള്‍ നിര്‍മിക്കുക, ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ ഒഴിവുകളും ഒരു വര്‍ഷത്തിനുള്ളില്‍ നികത്തുമെന്നും കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുമെന്നും വാഗ്ദാനമുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇൻഡ്യ സഖ്യം, മഹാറാലികള്‍ പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിഷേധ റാലിയാണ് നടത്തുക. ഡിസംബര്‍ 12ന് ഭോപ്പാല്‍, ഡിസംബര്‍ 19 ന് അഹമ്മദാബാദ്, ജനുവരി 15ന് ശേഷം കൊല്‍ക്കത്തയിലും റാലി നടത്താനാണ് തീരുമാനം. ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം തുടര്‍ പ്രതിഷേധങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Samajwadi Party unveils its manifesto ahead of the 2027 Uttar Pradesh elections, promising Rs 5,000 monthly aid for unemployed youth, two crore jobs, caste census, free electricity and major education reforms. The INDIA bloc also announces a series of protest rallies against BJP-ruled states

dot image
To advertise here,contact us
dot image