

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരേ 269 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി കേരളം. നിശ്ചിത 20 ഓവറിൽ കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 268 റൺസെടുത്തു.
മുഹമ്മദ് അസറുദ്ദീന്റെ തകർപ്പൻ സെഞ്ചുറിയും സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ് എന്നിവരുടെ ഇന്നിങ്സുകളുമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. അസറുദ്ദീൻ 57 പന്തിൽ നിന്ന് 101 റൺസെടുത്തു.
16 പന്തിൽ 35 റൺസാണ് രോഹൻ കുന്നുമ്മൽ നേടിയത്. മൂന്നാമനായി ഇറങ്ങിയ സഞ്ജു 21 പന്തിൽ നിന്ന് 44 റൺസെടുത്താണ് പുറത്തായത്. പിന്നീടിറങ്ങിയ വിഷ്ണു വിനോദ് 11 പന്തിൽ നിന്ന് 22 റൺസെടുത്ത് പുറത്തായി.
കേരളത്തെ സംബന്ധിച്ച് നിർണായകമാണ് മത്സരം. ഹിമാചൽ പ്രദേശിനെ കീഴടക്കിയാൽ കേരളത്തിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാം. ഒരു ഗ്രൂപ്പിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പർ ലീഗ് ഘട്ടത്തിലേക്ക് മുന്നേറുക. നിലവിൽ രണ്ടാമതുള്ള ഹിമാചൽ പ്രദേശിന് 20 പോയന്റും മൂന്നാമതുള്ള കേരളത്തിന് 16 പോയന്റുമാണുള്ളത്. ഹിമാചലിനെ കീഴടക്കിയാൽ 20 പോയന്റും മികച്ച റൺറേറ്റുമായി ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലെത്താം.
content highlights: Batting first in the Syed Mushtaq Ali Trophy group-stage match at PCA International Cricket Stadium, Kerala posted 268/4 in 20 overs against Himachal Pradesh.