മധുസൂദനന്റെ കൊലവിളി പ്രസംഗം മുന്‍പ് വിപിപി മുസ്തഫ നടത്തിയതിന് സമാനം; കേസെടുക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

എംഎല്‍എയാണെന്നാണ് മധുസൂദനന്റെ വിചാരമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു

മധുസൂദനന്റെ കൊലവിളി പ്രസംഗം മുന്‍പ് വിപിപി മുസ്തഫ നടത്തിയതിന് സമാനം; കേസെടുക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
രാജ്മോഹൻ ഉണ്ണിത്താൻ, ടി ഐ മധുസൂദനൻ
dot image

കാസര്‍കോട്: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. മുന്‍പ് വിപിപി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗത്തിന് സമാനമായാണ് ടി ഐ മധുസൂദനന്‍ നടത്തിയ പ്രസംഗമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മധുസൂദനന്‍ പറഞ്ഞത് പാര്‍ട്ടിയുടെ നിലപാട് ആണോ എന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോടായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.

'കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നതിന് മുന്‍പായിരുന്നു വിപിപി മുസ്തഫയുടെ പ്രസംഗം. 'ശരത് ലാലിന്റെയും കൃപേഷിന്റെയും അസ്ഥിപോലും കര്‍മ്മം ചെയ്യാന്‍ കൊടുക്കില്ല, ആ രീതിയില്‍ വകവരുത്തും' എന്നായിരുന്നു വിപിപി മുസ്തഫ അന്ന് പറഞ്ഞത്. അതുപോലെ ഒരു പ്രസംഗമാണ് മധുസൂദനന്‍ നടത്തിയിരിക്കുന്നത്. എംഎല്‍എയാണെന്നാണ് മധുസൂദനന്റെ വിചാരം. മധുസൂദനന് എതിരെ കേസെടുക്കണം', രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

രാജ്മോഹൻ ഉണ്ണിത്താൻ

ഷാഫി പറമ്പില്‍ എംപിയുമായുള്ള പോരുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒഴിഞ്ഞുമാറി. വിവാദങ്ങള്‍ താന്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. എല്ലാം പിന്നീട് പറയാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

പയ്യന്നൂരില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിലായിരുന്നു ടി ഐ മധുസൂദനന്‍ കൊലവിളി നടത്തിയത്. ധനരാജ് വധക്കേസില്‍ വിധി പ്രസ്താവിച്ച കോടതിയെയും മധുസൂദനന്‍ അധിക്ഷേപിച്ചിരുന്നു. ജഡ്ജി തണുപ്പിലിരുന്ന് തടവും ശിക്ഷയും കൊടുത്ത് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി വിധിയോട് മധുസൂദനന്‍ പ്രതികരിച്ചത്. ചീമേനിയില്‍ സിപിഐഎം പ്രവര്‍ത്തകരെ ചുട്ടുകൊന്ന പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അവരാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കും. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീര്‍ക്കുമെന്നും മധുസൂദനന്‍ പറഞ്ഞിരുന്നു. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. സംഭവത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മുന്‍പ് ജനപ്രതിനിധിയായിരുന്ന ഒരാള്‍ ഒരിക്കലും ഇത്തരത്തില്‍ കൊലവിളി പ്രസംഗം നടത്താന്‍ പാടില്ലായിരുന്നു. പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

ടി ഐ മധുസൂദനൻ

മനുഷ്യനെ പച്ചക്ക് വെട്ടിക്കൊല്ലാന്‍ ഒരു കയ്യറപ്പുമില്ലെന്ന് പരസ്യമായി വിളിച്ചുപറയലാണ് മധുസൂദനന്റെ പ്രസംഗമെന്ന് കെ കെ രമ എംഎല്‍എയും പറഞ്ഞിരുന്നു. നാട്ടില്‍ വീണ്ടും ഭീതി പടര്‍ത്തി നഷ്ടപ്പെട്ട സ്വാധീനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മധുസൂദനന്റെ പ്രസംഗമെന്നും അതിനെ നിസ്സാരമായി കാണാന്‍ കഴിയില്ലെന്നുമായിരുന്നു വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ പറഞ്ഞത്. കൊലവിളി പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോഴും അതിനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് സ്വീകരിച്ചത്. ടി ഐ മധുസൂദനന്‍ എംഎല്‍എയോ മുഖ്യമന്ത്രിയോ ഒന്നുമല്ലെന്നായിരുന്നു കെ കെ രാഗേഷ് പറഞ്ഞത്. മുഖ്യമന്ത്രി നടത്തിയ വിവാദ പ്രസ്താവനയില്‍ ആര്‍ക്കും പ്രയാസമില്ല. ഇക്കാര്യത്തിൽ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആവേശമാണെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു.

Content Highlights- Rajmohan Unnithan has demanded legal action against T I Madhusoodanan over his controversial speech following the Dhanaraj murder case verdict. Unnithan compared the remarks to a similar speech previously made by VPP Musthafa, which had also triggered political controversy.

dot image
To advertise here,contact us
dot image