

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ - ചാപ്റ്റർ 1’ സെൻസറിംഗ് നടപടികൾ പൂർത്തിയാക്കി. ചിത്രത്തിന് സെൻസർ ബോർഡ് യു/എ സർട്ടിഫിക്കറ്റ് നൽകി. 2 മണിക്കൂർ 18 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 3ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ‘ബിയോണ്ട് ദി ഷാഡോസ്’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ വ്യത്യസ്തമായൊരു സിനിമാനുഭവമാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചത്. ഇതുവരെ കണ്ടിട്ടില്ലാത്ത, വിശ്വസിക്കാൻ പോലും പ്രയാസമുള്ള നിഗൂഢതകളുടെ ലോകത്തേക്കാണ് ട്രെയ്ലർ പ്രേക്ഷകരെ ക്ഷണിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലൂടെ തുറക്കപ്പെടുന്ന രഹസ്യങ്ങളുടെ ലോകമാണ് ചിത്രത്തിന്റെ പശ്ചാത്തലം. സാധാരണ അന്വേഷണങ്ങൾക്കും യുക്തിക്കും അപ്പുറത്തുള്ള സംഭവങ്ങളിലേക്കും ആചാരങ്ങളിലേക്കും എത്തുന്ന കഥാപരിസരമാണ് ‘മായൻ’ അവതരിപ്പിക്കുന്നത്. കേരളത്തിൽ നിലനിന്നിരുന്നതായി പറയപ്പെടുന്ന അപൂർവവും നിഗൂഢവുമായ ‘കറുത്തച്ചനൂട്ട്’ എന്ന ആചാരവുമായി ബന്ധപ്പെട്ട പ്രമേയവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
ജയസൂര്യ പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രത്തിൽ നൈല ഉഷയാണ് നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘കളങ്കാവൽ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ കെ. ജോസിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. ജിതിൻ കെ. ജോസും റാഫിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിഗൂഢമായ സാഹചര്യങ്ങളും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞ കഥാപശ്ചാത്തലത്തിലൂടെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ത്രില്ലർ അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക.
ഫൈസൽ അലിയുടെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും ചിത്രത്തിന്റെ പ്രധാന സവിശേഷതകളാണ്. നേരത്തെ പുറത്തിറങ്ങിയ ആദ്യ ഗാനം ‘കൊള്ളിപ്രാക്ക്’ സംഗീതത്തിലെ പരീക്ഷണാത്മകമായ സമീപനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മലയാള ചിത്രത്തിന്റെ സംഗീതാവകാശം യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് സ്വന്തമാക്കിയതും ‘മായന്റെ’ മറ്റൊരു പ്രത്യേകതയാണ്.
ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, വരികൾ: രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, കോ-റൈറ്റർ: ശ്രീഖിൽ ശ്രീനിവാസൻ, സ്റ്റിൽസ്: സിനത് സേവ്യർ, പ്രോജക്ട് ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വിപിൻ കുമാർ വി.
Content Highlights: Jayasurya's mystery thriller Maayan - Chapter 1 has completed its censoring process and received a U/A certificate. Directed by Jithin K Jose, the film is scheduled to hit theatres on December 3.