ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളിൽ മൂന്നാമതായി NSE; വിപണിമൂല്യം ആറുലക്ഷം കോടി,ലണ്ടനും ജർമനിയും പിന്നിൽ

നവംബറിൽ മാത്രം 18 വ്യാപാര സെഷനുകളിൽ 14 ദിവസവും ഓഹരി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്

ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളിൽ മൂന്നാമതായി NSE; വിപണിമൂല്യം ആറുലക്ഷം കോടി,ലണ്ടനും ജർമനിയും പിന്നിൽ
STOCK EXCHANGE NSE
dot image

ഇന്ത്യൻ ഓഹരി വിപണിയുടെ ആഗോള കരുത്ത് വിളിച്ചോതുന്ന ചരിത്രനേട്ടം. ജർമനിയുടെയും ബ്രിട്ടന്റെയും ഓഹരി വിപണികളെ പിന്നിലാക്കി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (NSE) ലോകത്തെ മൂന്നാമത്തെ വലിയ ലിസ്റ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പറേറ്ററായി മാറി. ഇതോടെ കമ്പനിയുടെ വിപണിമൂല്യം ആറുലക്ഷം കോടിയോടടുത്തു(64 ബില്യൺ ഡോളർ).

ജർമനിയുടെ ഡോയ്ഷെ ബോർസെയുടെ വിപണി മൂല്യം 63 ബില്യൺ ഡോളറും ബ്രിട്ടന്റെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റേത് 62 ബില്യൺ ഡോളറുമാണ്. ഈ രണ്ട് ആഗോള സാമ്പത്തിക സ്ഥാപനങ്ങളെയും മറികടന്നാണ് ഇന്ത്യയുടെ എൻഎസ്ഇ മൂന്നാം സ്ഥാനത്തെത്തിയത്. വാർത്തകൾക്ക് പിന്നാലെ എൻഎസ്ഇ ഓഹരികൾ 3.5 ശതമാനം വരെ ഉയർന്ന് 2,400 രൂപയിലെത്തി. ഇന്ത്യയുടെ മൂലധന വിപണിയുടെ വളർച്ചയും നിക്ഷേപകരുടെ വർധിച്ച താൽപര്യവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ.

ആഗോള റാങ്കിങ്ങിൽ ആരൊക്കെയാണ് മുന്നിൽ?

അമേരിക്കൻ സാമ്പത്തിക വിപണികളാണ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുന്നത്. 112 ബില്യൺ ഡോളർ വിപണി മൂല്യമുള്ള CME ഗ്രൂപ്പാണ് ഒന്നാമത്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മാതൃസ്ഥാപനമായ ഇന്റർകോണ്ടിനെന്റൽ എക്സ്ചേഞ്ച് (ICE) 99 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്. ഏകദേശം 64 ബില്യൺ ഡോളർ മൂല്യമുള്ള എൻഎസ്ഇ ഇവർക്ക് തൊട്ടുപിന്നാലെയാണ്. നാസ്ഡാക് പട്ടികയിൽ ആറാം സ്ഥാനത്താണ്. ഇവിടെ താരതമ്യം നടത്തിയിരിക്കുന്നത് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എക്സ്ചേഞ്ച് ഓപ്പറേറ്റർമാരെ മാത്രമാണ്. അതായത് ലോകത്തിലെ എല്ലാ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെയും വ്യാപാര മൂല്യമല്ല ഈ റാങ്കിങ്ങിന്റെ അടിസ്ഥാനം.

സെപ്റ്റംബർ 24-നാണ് എൻഎസ്ഇ ഓഹരികൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തത്. 1,785 രൂപയായിരുന്നു ഇഷ്യു വില. ലിസ്റ്റിങ്ങിന് ശേഷം മികച്ച മുന്നേറ്റമാണ് ഓഹരി കാഴ്ചവെച്ചത്. നവംബറിൽ മാത്രം 18 വ്യാപാര സെഷനുകളിൽ 14 ദിവസവും ഓഹരി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയുടെ മുന്നേറ്റം ഏകദേശം 36 ശതമാനമാണ്. ഇഷ്യു വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഓഹരി 33 ശതമാനത്തിലധികം നേട്ടത്തിലുമെത്തി. ലിസ്റ്റിങ്ങിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമായ 1,640 രൂപയിൽ നിന്ന് ഏകദേശം 50 ശതമാനത്തോളം തിരിച്ചുകയറിയതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ഒൻപതാമത്തെ കമ്പനി

ആഗോള റാങ്കിങ്ങിലെ നേട്ടത്തിനൊപ്പം ഇന്ത്യൻ ഓഹരി വിപണിയിലും എൻഎസ്ഇയുടെ സ്ഥാനം ഉയർന്നു. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ഒൻപതാമത്തെ ലിസ്റ്റഡ് കമ്പനിയായി എൻഎസ്ഇ മാറി. എൽ ആൻഡ് ടി, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC), കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ പ്രമുഖ കമ്പനികളെയും എൻഎസ്ഇ പിന്നിലാക്കി.

ബ്രോക്കറേജുകളുടെ വിലയിരുത്തൽ എന്ത്?

എൻഎസ്ഇ ഓഹരികളിൽ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. എച്ച്എസ്ബിസി ഓഹരിക്ക് 'ഹോൾഡ്' റേറ്റിങ് നൽകി 2,300 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചത്. അതേസമയം ഐസിഐസിഐ സെക്യൂരിറ്റീസ് 2,650 രൂപ ലക്ഷ്യവിലയോടെ 'ബൈ' റേറ്റിങ്ങും നൽകി. ആനന്ദ് റാത്തിയും നുവാമയും മോത്തിലാൽ ഓസ്വാളും ഓഹരിയിൽ വാങ്ങൽ നിർദേശം നൽകിയിട്ടുണ്ട്.

എൻഎസ്ഇയുടെ ശക്തമായ വിപണി സാന്നിധ്യം, പ്രവർത്തനലാഭക്ഷമത, ഇന്ത്യൻ മൂലധന വിപണിയുടെ വളർച്ചാ സാധ്യതകൾ എന്നിവയാണ് നിക്ഷേപകരുടെ താൽപര്യം വർധിപ്പിക്കുന്ന ഘടകങ്ങൾ. എന്നാൽ ഓഹരിയുടെ വിലയിലുണ്ടായ കുതിപ്പിനൊപ്പം മൂല്യനിർണയവും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്.

Content Highlights: NSE overtakes Deutsche Boerse, London Stock Exchange to become third-largest stock exchange by market cap

dot image
To advertise here,contact us
dot image