

ന്യൂഡൽഹി: ഇന്ത്യയിൽ ഉൽപ്പാദനശേഷി ആവശ്യത്തിലധികമാണെന്ന അമേരിക്കയുടെ വാദം ഇന്ത്യ തള്ളി. രാജ്യത്തെ ഒരു മേഖലയിലും അധിക ഉൽപാദന ശേഷിയില്ലെന്നും, വ്യാപാര സംബന്ധമായ എല്ലാ ആശങ്കകളും നിലവിൽ നടക്കുന്ന ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്താൻ യുഎസ് ട്രേഡ് റെപ്രസൻ്റേറ്റീവ് നിർദേശിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
യുഎസ് വ്യാപാര നിയമത്തിലെ 'സെക്ഷൻ 301' പ്രകാരം നടത്തിയ അന്വേഷണത്തിന് ശേഷമാണ് യുഎസ് ട്രേഡ് റെപ്രസൻ്റേറ്റീവ് സംഭവുമായി ബന്ധപ്പെട്ട നോട്ടീസ് പുറത്തിറക്കിയത്. ഈ നോട്ടീസ് സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇന്ത്യ ക്രിയാത്മകമായാണ് സഹകരിച്ചത്. 2026 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ചട്ടക്കൂട് അനുസരിച്ച് ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാർ എത്രയും വേഗം യാഥാർഥ്യമാക്കാൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സർക്കാർ വ്യക്തമാക്കി.
ഇന്ത്യയുൾപ്പെടെ 14 സമ്പദ്വ്യവസ്ഥകളുടെ വ്യാവസായിക നയങ്ങൾ അമേരിക്കൻ ഉൽപാദകർക്കും കയറ്റുമതിക്കാർക്കും തിരിച്ചടിയാകുന്നുവെന്ന് ആരോപിച്ചാണ് യുഎസ് പുതിയ തീരുവ നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ പൂർത്തിയായാൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ തീരുവ 17 ശതമാനമായി പരിമിതപ്പെടുത്താമെന്ന ഉപാധിയും യുഎസ് മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ അമേരിക്കയുടെ ഈ വാഗ്ദാനത്തിലും ഇന്ത്യ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകണമെന്നും വ്യാപാര ചർച്ചകളിൽ രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കണമെന്നും ഇന്ത്യ അറിയിച്ചു.

വ്യാപാര കരാർ ചർച്ചകളിൽ മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ മികച്ച തീരുവ ആനുകൂല്യം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പുതിയ നിർദേശപ്രകാരം കരാറിൽ ഒപ്പിട്ടാൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന 17% നിരക്ക് മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ നേരിയ മുൻതൂക്കം നൽകും. ബംഗ്ലദേശ്, കംബോഡിയ, ഇന്തൊനീഷ്യ, മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങൾ കരാറിൽ ഒപ്പിട്ടാൽ 18 ശതമാനാണ് തീരുവ. അതേസമയം ചൈനക്കും, വിയറ്റ്നാമിനും ഇത് 20 ശതമാനമാണ്. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ, സ്വിറ്റ്സർലൻഡ് തുടങങിയവർക്ക് 15 ശതമാനമാണ് തീരുവ. എന്നാൽ, കരാറിലെത്തിയില്ലെങ്കിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25% തീരുവ നൽകേണ്ടിവരും.
മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, സ്റ്റീൽ, സൗരോർജം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് അമേരിക്ക പ്രധാനമായും ആശങ്ക ഉന്നയിക്കുന്നത്. ഉൽപാദനം വർധിപ്പിക്കാനുള്ള വ്യാവസായിക പദ്ധതികൾ, തൊഴിൽ സംരക്ഷണത്തിലെ അപര്യാപ്തത, വിപണി പ്രവേശനത്തിനുള്ള തടസ്സങ്ങൾ എന്നിവയുൾപ്പെടെ അഞ്ച് കാര്യങ്ങളാണ് ഇന്ത്യയ്ക്കെതിരെ യുഎസ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഏകപക്ഷീയമായ വ്യാപാര കരാറുകളിൽ ഒപ്പിടാൻ പങ്കാളിത്ത രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മർദതന്ത്രമാണ് ട്രംപ് ഭരണകൂടം പയറ്റുന്നതെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ജിടിആർഐ (GTRI) വിലയിരുത്തി. നിർദിഷ്ട തീരുവകളെക്കുറിച്ചുള്ള പൊതുജനാഭിപ്രായങ്ങൾ 2027 ജനുവരി 5 വരെ യുഎസ് ട്രേഡ് റെപ്രസൻ്റേറ്റീവിന് സമർപ്പിക്കാം. ജനുവരി 25-ന് ഇതുസംബന്ധിച്ച ഹിയറിങ്ങുകൾ ആരംഭിക്കും.
Content Highlights: India rejects the US claim of industrial overcapacity and says trade concerns should be resolved through ongoing bilateral trade agreement negotiations.