

ന്യൂ ഡൽഹി: യൂത്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി മെറ്റ അധികൃതർ. മെറ്റ പ്ലാറ്റ്ഫോമുകളിലുള്ള നിയന്ത്രണങ്ങളും നിബന്ധനകളും സംബന്ധിച്ച് ചർച്ച ചെയ്യാനാണ് മെറ്റ അധികൃതർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചർച്ചയ്ക്ക് വിളിച്ചത്. യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം മേധാവിയായ സുപ്രിയ ശ്രീനതയും യൂത്ത് കോൺഗ്രസ് നേതാക്കളുമായാണ് മെറ്റയിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്.
ചൊവ്വാഴ്ച ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തുവെച്ചായിരുന്നു ചർച്ച നടന്നത്. ബിജെപിയുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് മെറ്റ പ്രവർത്തിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ടുകള് എത്രയും വേഗം പുനസ്ഥാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ബിജെപിയുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം മെറ്റ നിഷേധിച്ചു. രാഷ്ട്രീയ പാർട്ടികളോട് നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് മെറ്റയുടെ വാദം. മെറ്റയുടെ ഓഫീസുകളെയും ജീവനക്കാരെയും ലക്ഷ്യം വയ്ക്കുന്നതിലുള്ള ഉത്കണ്ഠയും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മെറ്റയുടെ ഔദ്യോഗിക ഓഫീസുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് നേതാക്കളെ മെറ്റ ചർച്ചയ്ക്ക് വിളിച്ചത്.
മെറ്റ നിയമ പ്രകാരം ചില കണ്ടൻ്റുകൾ പോസ്റ്റ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. വ്യാജ വാർത്തകളും സന്ദേശങ്ങളും എഐ ഉപയോഗിച്ചുകൊണ്ടുള്ള ടെക്സ്റ്റുകളും ചിത്രങ്ങളും ഓഡിയോകളും വീഡിയോകളും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ അവ താൽക്കാലികമായോ എന്നന്നേക്കുമായോ നീക്കം ചെയ്യപ്പെടാം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ അടക്കം കഴിഞ്ഞ ദിവസങ്ങളിൽ നീക്കം ചെയ്തിരുന്നു. ഇതിന് പുറമേ യൂത്ത് കോൺഗ്രസ് ദേശീയ നേതാക്കളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്കും അക്കൗണ്ടുകൾക്കും ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ചില നേതാക്കളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Meta officials held discussions with Congress leaders following a protest organised by the party against the company. The meeting provided an opportunity for both sides to discuss the issues raised by Congress. Further details about the discussions have not been specified.